സൗദിയിൽ വ്യാപക മഴ; വിവിധയിടങ്ങളിൽ റെഡ് അലേർട്ട്
റിയാദ്, നജ്റാൻ, അസീർ എന്നിവിടങ്ങളിൽ അർധരാത്രിവരെ മുന്നറിയിപ്പ് തുടരും

റിയാദ്: കനത്ത മഴയെ തുടർന്ന് സൗദിയിലെ മൂന്നിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. റിയാദ്, അസീർ, നജ്റാൻ പ്രവിശ്യകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച മുതൽ രാത്രി 11 വരെയാണ് മൂന്നിടങ്ങളിലും അലേർട്ട്. റിയാദിൽ സുലയ്യിൽ, വാദി ദവാസിർ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമാകും. അസീറിൽ അലേർട്ട് ബാധകമാകുക അംവാഹ്, അൽ അരീൻ, ബീഷ, തസ്ലീസ്, തരീബ് എന്നീ പ്രദേശങ്ങളിലാണ്. ബദർ അൽ ജനൂബ്, സാർ, ഹുബൂന, ഖബാഷ്, നജ്റാൻ, യദാമ എന്നിവിടങ്ങളിലാണ് നജ്‌റാനിൽ റെഡ് അലേർട്ട്.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കൊപ്പം കാറ്റും പ്രതീക്ഷിക്കാം. ആലിപ്പഴ വർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്നും മഴ തുടരുകയാണ്. കിഴക്കൻ പ്രവിശ്യ, മക്ക, അസീർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ, തബൂക്ക്, ഹാഇൽ, അൽ ജൗഫ്, വടക്കൻ അതിർത്തി എന്നിവിടങ്ങളിൽ മഴ ലഭിച്ചു. മഴ കനക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്കും, യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന ജാഗ്രത നിർദേശമുണ്ട്. വെള്ളകെട്ടുകളിൽ പോവരുതെന്നും ആരോഗ്യ പ്രയാസങ്ങൾക്ക് മുൻകരുതലെടുക്കണമെന്നും അറിയിപ്പുണ്ട്.
Adjust Story Font
16

