Quantcast

കുടുംബം മാപ്പ് നൽകി; വധശിക്ഷക്ക് വിധിക്കപ്പെട്ട സക്കീർ ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങി

കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബവുമായി ഉമ്മൻചാണ്ടി ബന്ധപ്പെട്ട് സക്കീറിന് മാപ്പ് ലഭ്യമാക്കിയതോടെയാണ് വഴിത്തിരിവുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-07-30 01:53:20.0

Published:

29 July 2022 12:39 PM GMT

കുടുംബം മാപ്പ് നൽകി; വധശിക്ഷക്ക് വിധിക്കപ്പെട്ട   സക്കീർ ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങി
X

വധശിക്ഷ കാത്ത് സൗദിയിലെ ജയിലിൽ കഴിഞ്ഞിരുന്ന കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ സ്വദേശി സക്കീർ ഹുസൈൻ ഒടുവിൽ ഇന്ന് നാടണഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയതോടെയാണ് സക്കീർ ജയിൽ മോചിതനായത്.

കോട്ടയം കോട്ട മുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് സക്കീർ വധിശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. 2009ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ഒരു ലോൺട്രിയിൽ ജീവനക്കാരായിരുന്നു. തിരുവോണദിവസം വൈകിട്ട് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കങ്ങൾക്കൊടുവിൽ സക്കീർ ഹുസൈൻ കിച്ചണിലെ കറിക്കത്തികൊണ്ട് തോമസിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ തോമസിന്റെ മരണം സംഭവിച്ചെന്നാണ് കേസ്.

കേസിൽ സൗദി ക്രിമിനൽ കോടതി സക്കീറിനെ എട്ട് വർഷത്തെ തടവിനും, ശേഷം വധശിക്ഷക്കുമാണ് വിധിച്ചത്. ഗാന്ധിനഗർ ലക്ഷംവീട് കോളനി വാസിയായ സക്കീറിന്റെ കുടുംബവും വൃദ്ധരായ മാതാപിതാക്കളും ഇതോടെ പ്രയാസത്തിലായി. ഇതിനിടെ ഇവരുടെ അയൽവാസിയായ ജസ്റ്റിൻ എന്നയാൾ വിഷയം സൗദിയിലെ സാമൂഹ്യ പ്രവർത്തകനും മുൻ നോർക്ക പ്രതിനിധിയുമായ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തി. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വിവരം ധരിപ്പിച്ചു.

ഉമ്മൻചാണ്ടി കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സക്കീറിന് മാപ്പ് ലഭ്യമാക്കിയതോടെയാണ് വഴിത്തിരിവുണ്ടായത്. സൗദിയിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ശിഹാബ് കൊട്ട്കാടിന് അനുമതി പത്രവും ലഭ്യമാക്കി നൽകി. 2020ൽ കുടുംബം മാപ്പ് നൽകിയതിനുള്ള രേഖകൾ സൗദി കോടതിയിൽ ഹാജരാക്കി വധശിക്ഷയിൽ നിന്നും ഇളവ് നേടി. എങ്കിലും തടവ് ശിക്ഷ പൂർത്തിയാക്കിയാൽ മാത്രമേ മോചനം സാധ്യമാകുമായിരുന്നുള്ളൂ.

കാത്തിരിപ്പിനൊടുവിൽ ജയിൽ മോചിതനായ സക്കീർ ഹുസൈന്റെ പാസ്പോർട്ട് കാലവധി അവസാനിച്ചിരുന്നു. തുടർന്ന് എംബസിയിൽ നിന്നും ഔട്ട്പാസ് ലഭ്യമാക്കിയാണ് യാത്ര ശരിയാക്കിയത്. ഒടുവിൽ ശ്രിലങ്കൻ എയർലൈൻസിന്റെ വിമാനത്തിൽ ഇന്നലെ ദമ്മാമിൽനിന്നും കൊച്ചിയിലേക്ക് യാത്രയായ സക്കീർ ഇന്ന് പുലർച്ചയോടെ വീടണഞ്ഞു.

TAGS :

Next Story