യുഎഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ചു; 14 പേർക്ക് പരിക്ക്
13 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്

ഷാർജ: യുഎഇയിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ദേശീയ പാതയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്‌കൂൾ ബസ്സുകൾ കൂട്ടിയിടിച്ച് 13 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. E311 ദേശീയ പാതയിൽ ഷാർജയ്ക്കും അജ്മാനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികൾ ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ്. വിദ്യാർഥികൾ പാക് സ്വദേശികളാണ് എന്നാണ് വിവരം.
അപകടത്തെ കുറിച്ച് 3.11നാണ് വിവരം ലഭിച്ചതെന്ന് ദേശീയ ആംബുലൻസ് അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മൂന്നു പേരെ ഷാർജ അൽ ഖാസിമി ആശുപത്രിയിലും മറ്റുള്ളവരെ അജ്മാൻ ഖലീഫ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബലി പെരുന്നാൾ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ് അപകടമുണ്ടായത്. സ്‌കൂൾ വിട്ടു പോകുകയായിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.
Next Story
Adjust Story Font
16

