Quantcast

ഫുജൈറയിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

ഓയിൽ ഇൻഡസ്ട്രീസ് സോണിൽ തീപിടിത്തം

MediaOne Logo

Web Desk

  • Published:

    4 May 2026 10:17 PM IST

3 Indians injured in Fujairah industrial fire after Iranian drone attack
X

ദുബൈ: ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് യുഎഇക്ക് നേരെ ഡ്രോണുകളും മിസൈലുകളും എത്തിയത്. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണ പശ്ചാത്തലത്തിൽ യുഎഇയിലുള്ള താമസക്കാർക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചു. വൈകിട്ട് നാല് മണിയോട് കൂടെയാണ് വെടിനിർത്തലിന് ശേഷമുള്ള ആദ്യ അലേർട്ട് എത്തിയത്. പിന്നീട് 7 മണിയോടെ അലേർട്ടുകൾ ആവർത്തിച്ചെത്തി. മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ വീടുകൾക്കുള്ളിലോ സുരക്ഷിത സ്ഥാനങ്ങളിലോ തുടരാൻ അധികൃതർ നിർദേശിച്ചു.

ഹോർമുസ് കടലിടുക്കിൽ തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് യുഎഇക്ക് നേരെ ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ന് ഇറാന്റെ വിലക്ക് ലംഘിച്ച് ഹോർമൂസിലൂടെ കടന്നുപോകാൻ ശ്രമിച്ച അഡ്നോകിന്റെ എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെ ബലം പ്രയോ​ഗിച്ച് ഹോർമൂസിലെ തടസ്സങ്ങൾ നീക്കാനായി യുഎസ് ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒരു ഇടവേളക്ക് ശേഷം യുഎഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആകാശത്ത് വെച്ച് തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ഫുജൈറയിൽ ഒരു ബംഗ്ലാദേശി പൗരൻ കൊല്ലപ്പെട്ടിരുന്നു. ടെലികോം, വ്യാവസായിക മേഖലകൾക്കും അന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് പകരമായി ഉപയോഗിക്കുന്ന പ്രധാന തുറമുഖവും പൈപ്പ് ലൈനുകളും ഉൾപ്പെടെയുള്ള നിർണായക പെട്രോളിയം ഇൻഫ്രാസ്ട്രക്ചറുകൾ ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story