Quantcast

60 ഫ്രഞ്ച് കപ്പലുകൾ കടലിൽ!; പശ്ചിമേഷ്യയിൽ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു

ആശങ്കയറിയിച്ച് ഫ്രാൻസ് ഗതാഗത മന്ത്രി ഫിലിപ്പ് തബാറോ

MediaOne Logo

Web Desk

  • Published:

    6 March 2026 7:20 PM IST

60 ഫ്രഞ്ച് കപ്പലുകൾ കടലിൽ!; പശ്ചിമേഷ്യയിൽ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു
X

ദുബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലും ചെങ്കടലിലുമായി അറുപതോളം ഫ്രഞ്ച് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായി ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പ് തബാറോ അറിയിച്ചു. ഗൾഫ് മേഖലയിൽ 52 കപ്പലുകളും ചെങ്കടലിൽ 8 കപ്പലുകളുമാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. മേഖലയിലെ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫ്രാൻസ് ഊർജിതമാക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. ഈ കപ്പലുകളിലുള്ള ഫ്രഞ്ച് നാവികരുമായി അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു.

ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ടിട്ടുണ്ട്. കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ വെടിയുതിർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ ഏകദേശം 20,000 നാവികരുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ശനിയാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം ചുരുങ്ങിയത് ഒമ്പത് കപ്പലുകൾക്കെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) വ്യക്തമാക്കി.

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ തീരങ്ങളിൽ ഡസൻ കണക്കിന് കപ്പലുകൾ നങ്കൂരമിട്ടിരിക്കുകയാണെന്നും ഹോർമുസ് കടലിടുക്കിനുള്ളിൽ നിരവധി ടാങ്കറുകൾ കുടുങ്ങിക്കിടക്കുകയാണെന്നും സാറ്റലൈറ്റ് വിവരങ്ങളും സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിൽ കുടുങ്ങിയ നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രീസിലെ നാവികർ വ്യാഴാഴ്ച 24 മണിക്കൂർ പണിമുടക്ക് നടത്തി. മേഖലയെ 'യുദ്ധബാധിത പ്രദേശം' (State of War) ആയി പ്രഖ്യാപിക്കണമെന്നും കുടുങ്ങിക്കിടക്കുന്ന നാവികരെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

TAGS :

Next Story