Quantcast

പിതാവ് നാട്ടിലുണ്ടായിട്ടും കുഞ്ഞിനെ വീട്ടുജോലിക്കാരിയെ ഏൽപ്പിച്ച് വിദേശത്തുപോയി; മാതാവിന് 80,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

വിവാഹമോചിതരായ മാതാപിതാക്കൾക്ക് ഒരുപോലെ സംരക്ഷണച്ചുമതലയുള്ള കുട്ടിയെ ജോലിക്കാരിക്കൊപ്പം നിർത്തിയതിനാണ് ശിക്ഷ

MediaOne Logo

Web Desk

  • Published:

    26 Aug 2026 9:42 PM IST

Abu Dhabi Court Fines Mother Dh80,000 for Leaving Child with Domestic Worker Despite Father Ready to Care for Child
X

അബൂദബി: പിതാവ് നാട്ടിലുണ്ടായിട്ടും കുട്ടിയെ പരിചരിക്കാൻ ഏൽപ്പിക്കാതെ വീട്ടുജോലിക്കാരിയുടെ കൂടെ നിർത്തി വിദേശത്തേക്ക് യാത്ര ചെയ്ത മാതാവിന് 80,000 ദിർഹം പിഴ ചുമത്തി അബൂദബി സിവിൽ ഫാമിലി കോടതി. വിവാഹമോചിതരായ മാതാപിതാക്കൾക്ക് ഒരുപോലെ സംരക്ഷണച്ചുമതലയുള്ള കുട്ടിയെ ജോലിക്കാരിക്കൊപ്പം നിർത്തിയതിനാണ് ശിക്ഷ. മാതാവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് അപ്പീൽ കോടതിയും വിധി ശരിവെച്ചു.

കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും സംയുക്ത സംരക്ഷണ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തതിനാണ് നടപടി. എട്ടു ദിവസമാണ് മാതാവ് കുട്ടിയെ വീട്ടുജോലിക്കാരിയെ ഏൽപ്പിച്ച് വിദേശത്തേക്ക് പോയത്. ഒരു ദിവസത്തേക്ക് 10,000 ദിർഹം എന്ന നിരക്കിലാണ് എട്ടു ദിവസത്തേക്ക് 80,000 ദിർഹം പിഴ കണക്കാക്കിയത്.

മാതാവ് വിദേശത്തായിരുന്ന എട്ടു ദിവസത്തിനിടെ കുട്ടിക്ക് പൂച്ചയുടെ മാന്തലേൽക്കുകയും പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതായും വന്നു. കൂടാതെ, ബന്ധമില്ലാത്ത അപരിചിതനായ ഒരു പുരുഷൻ താമസിച്ചിരുന്ന അതേ മുറിയിലാണ് കുട്ടിയെ നിർത്തിയിരുന്നതെന്നും കോടതി കണ്ടെത്തി.

വിവാഹമോചിതരായ മാതാപിതാക്കൾക്ക് കുട്ടിയുടെ സംരക്ഷണത്തിൽ തുല്യ അവകാശമുണ്ട്. പിതാവ് നാട്ടിലുണ്ടായിരുന്നിട്ടും കുഞ്ഞിനെ നോക്കാൻ തയ്യാറായിരുന്നിട്ടും ഏൽപ്പിക്കാതെ വീട്ടുജോലിക്കാരിയെ ഏൽപ്പിച്ചത് സംയുക്ത സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സംയുക്ത സംരക്ഷണ അവകാശത്തിൽ കോടതി മാറ്റം വരുത്തിയിട്ടില്ല.

മാതാപിതാക്കളിൽ ഒരാൾ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ കുഞ്ഞിനെ മറ്റേ പങ്കാളിയെ ഏൽപ്പിക്കണം. കുഞ്ഞുമായി വിദേശത്തേക്ക് പോകണമെങ്കിൽ മറ്റേ പങ്കാളിയുടെയോ അല്ലെങ്കിൽ കോടതിയുടെയോ മുൻകൂർ അനുമതി വാങ്ങണം.

വീട്ടുജോലിക്കാരെയോ നാനിമാരെയോ കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ, കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ കഴിവുള്ള മാതാപിതാക്കളിൽ ഒരാൾ നാട്ടിലുണ്ടായിരിക്കെ അവരെ ഒഴിവാക്കി പൂർണമായും ജോലിക്കാരെ മാത്രം ഏൽപ്പിച്ച് പോകുന്നത് നിയമലംഘനമാണ്.

TAGS :

Next Story