യുഎഇയിൽ 16 ഇന്ത്യൻ വിസ, കോൺസുലാർ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ അൽഹിന്ദ് ഗ്രൂപ്പ്
ഏഴ് എമിറേറ്റുകളിലെ സേവനം ജൂലൈ ഒന്ന് മുതൽ

അബൂദബി: യുഎഇയിൽ 16 ഇന്ത്യൻ വിസ, കോൺസുലാർ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ അൽഹിന്ദ് ഗ്രൂപ്പ്. ഏഴ് എമിറേറ്റുകളിലുമായുള്ള സേവനം ജൂലൈ ഒന്ന് മുതലാണ് ലഭ്യമാകുക. മേയ് 19-ന് രാജ്യത്തെ ഇന്ത്യൻ മിഷനുകളുമായി ഒപ്പുവച്ച സുപ്രധാന കരാർ പ്രകാരമാണ് നടപടി. ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ (സിപിവി) സേവനങ്ങൾ നൽകാനാണ് അൽഹിന്ദ് ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര ടെൻഡറിനെ തുടർന്നാണ് പദ്ധതി അൽഹിന്ദിന് നൽകിയത്. 15-ലധികം അന്താരാഷ്ട്ര കമ്പനികളാണ് ബിഡ്ഡിംഗ് പ്രക്രിയയിൽ പങ്കെടുത്തിരുന്നു.
അതേസമയം, പദ്ധതിക്കായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണെന്നും സ്ഥലങ്ങൾ അന്തിമമായി നിശ്ചയിച്ചതായും അൽഹിന്ദിലെ ഓപ്പറേഷൻസ് മാനേജർ അരുൺ രാധാകൃഷ്ണൻ ഒരു മാധ്യമത്തോട് പറഞ്ഞു. നിയമനം ഏതാണ്ട് പൂർത്തിയായതായും ജൂലൈ ഒന്ന് മുതൽ സേവനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞു.
പാസ്പോർട്ട്, വിസ പ്രോസസ്സിംഗ്, ഒസിഐ കാർഡ് സേവനം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), സറണ്ടർ സർട്ടിഫിക്കറ്റ് (എസ്സി), ഗ്ലോബൽ എൻട്രി പ്രോഗ്രാം (ജിഇപി) വെരിഫിക്കേഷൻ, അപ്പോസ്റ്റിൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയാണ് അൽ ഹിന്ദ് കേന്ദ്രങ്ങൾ നൽകുക. നിലവിൽ യുഎഇയിലുടനീളം 16 ഓഫീസുകൾ കമ്പനിയുടേതായുണ്ട്. യാത്ര, അറ്റസ്റ്റേഷൻ, അനുബന്ധ സേവനങ്ങളാണ് ഇവിടെ നൽകുന്നത്.
അബൂദബി, ദുബൈ, അൽ ഐൻ, മുസ്സഫ, ഷാർജ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും നെറ്റ്വർക്കുണ്ടാകും. രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ളതാണ് അൽഹിന്ദ് ഗ്രൂപ്പ്. ലോകമെമ്പാടുമായി 130-ലധികം ഓഫീസുകളുണ്ട്.
Adjust Story Font
16

