യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് വയോധികയെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ എയർപോർട്ടിൽ നിന്ന് തിരിച്ചയതായി പരാതി
മറ്റൊരു വിമാനത്തിൽ യുഎഇയിൽ എത്തി, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

ദുബൈ: മകൾക്കും പേരക്കുട്ടിക്കുമൊപ്പം അബൂദബിയിലേക്ക് യാത്രചെയ്യാനെത്തിയ വയോധികയെ യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ എയർപോർട്ടിൽ നിന്ന് തിരിച്ചയതായി പരാതി. തിരുവനന്തപുരം സ്വദേശി ആബിദാബീവിക്കാണ് ഈ ദുരനുഭവം. എന്നാൽ, മറ്റൊരു വിമാനത്തിൽ ആബിദാബീവി ഇന്ന് യുഎഇയിലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് അബൂദബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്രചെയ്യാനാണ് ആബിദാബീവി മകൾക്കും പേരക്കുട്ടിക്കുമൊപ്പമെത്തിയത്. എമിഗ്രേഷൻ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെയാണ് യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ ആബിദാബീവിയുടെ ബോർഡിങ് പാസ് തിരിച്ചുവാങ്ങിയത്.
എല്ലാവരുടെയും യാത്രമുടങ്ങുന്നത് ഒഴിവാക്കാൻ ഉമ്മയേയും പേരക്കുട്ടിയേയും വീട്ടിലേക്ക് തിരിച്ചയച്ച മകൾ ജാസിൻ അബൂദബിയിലെത്തി യാത്രാവിലക്കുണ്ടോ എന്ന് അന്വേഷിച്ചു.
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നൽകിയ വിവരം അടിസ്ഥാനമില്ലാത്തതാണ് എന്ന് വ്യക്തമായതോടെ ആബിദാബീവി പേരമകനൊപ്പം ഇൻഡിഗോ വിമാനത്തിൽ ഇന്ന് യുഎഇയിൽ ഇറങ്ങി, ഒരു തടസവുമില്ലാതെ. തിരുവനന്തപുരത്തെ എമിഗ്രേഷൻ അധികൃതർ പോലും കണ്ടെത്താത്ത യാത്രാവിലക്ക് എങ്ങനെയാണ് നിങ്ങൾ കണ്ടെത്തിയത് എന്ന് അന്വേഷിച്ച് മകൾ എയർ ഇന്ത്യ എക്‌സ്പ്രസിന് അയച്ച ഇമെയിലിനും കോൾ സെന്ററിലേക്കുള്ള വിളികൾക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
തങ്ങൾക്കുണ്ടായി ബുദ്ധിമുട്ടിനും മാനസികവിഷമങ്ങൾക്കും പരിഹാരം കാണുന്നത് തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.
Adjust Story Font
16

