ഹൈക്കിങ്ങിനിടെ ഹത്ത മലയിൽ കുടുങ്ങി; രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്
കണ്ടെത്തിയത് ഡ്രോൺ ഉപയോഗിച്ച്

ദുബൈ: ഹത്ത മലയിൽ കുടുങ്ങിയ രണ്ട് വനിത വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഹത്തയിലെ ദുർഘട ഭൂപ്രദേശത്തിലൂടെ ഹൈക്കിങ് നടത്തുന്നതിനിടെ കുടുങ്ങിയവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കടുത്ത ക്ഷീണം അനുഭവപ്പെട്ട ഇവർ ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘങ്ങളെ ഉടൻ തന്നെ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെത്ബി പറഞ്ഞു. നൂതന ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തകർ അവരുടെ അടുത്തെത്തി, പ്രത്യേക രക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി മെഡിക്കൽ പോയിന്റിലേക്ക് കൊണ്ടുപോയി.
പർവതങ്ങളിലോ വിദൂര പ്രദേശങ്ങളിലോ കുടുങ്ങുന്ന അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കുകയോ സ്മാർട്ട് ആപ്പിലെ SOS ഫീച്ചർ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.
Adjust Story Font
16

