യുഎഇയുടെ പലയിടങ്ങളിലും കനത്ത മഴ
കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും ആലിപ്പഴ വർഷവും, നിറഞ്ഞൊഴുകി വാദികൾ

റാസൽ ഖൈമ: ശീതകാലമായതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. വാദികൾ നിറഞ്ഞൊഴുകി. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകും. ഡിസംബർ 19 വെള്ളിയാഴ്ച വരെ പ്രക്ഷുബ്ധമായ കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മഴയും ശക്തമായ കാറ്റും മൂലം റാസൽ ഖൈമയിൽ ഗോഡൗണുകളും കടകളും തകർന്നു. ഉമ്മുൽ ഖുവൈൻ, ഖോർ ഫക്കാൻ എന്നിവിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. കോർണിഷ്, കോറൽ ഐലൻഡ് തുടങ്ങിയ നഗര പ്രദേശങ്ങളിലും ആലിപ്പഴ വർഷവും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായി.
അതേസമയം, ജെയ്‌സ് പർവതത്തിൽ പുലർച്ചെ 3.45 ന് താപനില 9.2°C ആയി കുറഞ്ഞു. താപനില അബൂദബിയിൽ 19°Cനും 28 °Cനും ഇടയിലും ദുബൈയിൽ 19 °Cനും 27 °Cനും ഇടയിലും ഷാർജയിൽ 18 °Cനും 27 °Cനും ഇടയിലുമായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. ഡിസംബർ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഔട്ട്ഡോർ തൊഴിലിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും നിർദേശിച്ചു.
Adjust Story Font
16

