Quantcast

പുതിയ കരാറുകൾ ഏറ്റെടുക്കരുത്!; ഇന്ത്യൻ പാസ്പോർട്ട് സേവന ദാതാവായ ബിഎൽഎസിന് വിലക്ക്

രണ്ട് വർഷത്തേക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്, നിലവിലുള്ള കരാറുകളെ ബാധിക്കില്ല

MediaOne Logo

Web Desk

  • Published:

    15 Oct 2025 1:24 PM IST

Indian passport services provider BLS debarred from tenders
X

ദുബൈ: ഇന്ത്യൻ പാസ്പോർട്ട് സേവന ദാതാവായ ബിഎൽഎസിനെ ടെൻഡറുകളിൽ നിന്ന് വിലക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ മിഷൻ കരാറുകൾക്കായി ലേലം വിളിക്കുന്നതിൽ നിന്ന് രണ്ട് വർഷത്തേക്കാണ് വിലക്ക്. യുഎഇ ഉൾപ്പെടെ 19 രാജ്യങ്ങളിലെ ഇന്ത്യൻ വിസ, പാസ്പോർട്ട് കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നത് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡാണ്. കേസുകളും അപേക്ഷകരിൽ നിന്നുള്ള പരാതികളും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉദ്ധരിച്ചാണ് ഒക്ടോബർ ഒമ്പതിന് പുറപ്പെടുവിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഉത്തരവ്.

ഒക്ടോബർ 10 നാണ് കമ്പനിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഇന്ത്യൻ മിഷനുകൾ നൽകുന്ന പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിഎൽഎസിനെ നിയന്ത്രിക്കുന്നതായാണ് ഉത്തരവിലുള്ളത്. നിലവിലുള്ള പദ്ധതികളും സർക്കാരുമായുള്ള കരാറുകളും നിലവിലെ നിബന്ധനകൾക്ക് വിധേയമായി തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

വിലക്ക് നിലവിലുള്ള കരാറുകളെ ബാധിക്കുന്നില്ലെന്ന് ഡൽഹി ആസ്ഥാനമായുള്ള ബിഎൽഎസ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് വിലയിരുത്തുകയാണെന്നും അത് പരിഹരിക്കുന്നതിന് ഉചിത നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

യുഎഇ, സൗദി അറേബ്യ, സ്‌പെയിൻ, പോളണ്ട്, യുഎസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ഉൾപ്പെടെ 58 ഓഫീസുകൾ വഴിയാണ് ബിഎൽഎസ് ഇന്റർനാഷണൽ സേവനം നൽകുന്നത്. 19 രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾക്കും രണ്ട് അന്താരാഷ്ട്ര മിഷനുകൾക്കും സേവനം നൽകുന്നുണ്ട്. വിസ, പാസ്പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ, ഇ-ഗവേണൻസ്, ബയോമെട്രിക് സേവനങ്ങളാണ് നൽകുന്നത്. പ്രതിവർഷം 1.7 ദശലക്ഷത്തിലധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്നുണ്ട്.

TAGS :

Next Story