മലയാളികളേ...നിങ്ങളുടെ പ്രവാസം വിജയകരമാണോ, സമ്പാദ്യം പോകുന്ന വഴിയറിയണ്ടേ?...
2023ൽ മാത്രം പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 2,16,893 കോടി രൂപയാണ്

പതിറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങി നിർത്തിയ ശക്തിയാണ് ഗൾഫ് പ്രവാസം. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പട്ടിണി മാറ്റിയതും, വിദ്യാഭ്യാസം സാധ്യമാക്കിയതും, വീടുകൾ പണിതതും ഈ പ്രവാസികളുടെ അധ്വാനമാണ്.
ഗൾഫിലെ തൊഴിൽ വിപണി ക്ഷയിക്കുന്നോ?
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യങ്ങൾ കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അതിനൊപ്പം സൗദി അറേബ്യയുടെ സൗദിവൽക്കരണവും, യുഎഇയുടെ എമിറാറ്റൈസേഷനും ഉൾപ്പെടെയുള്ള തൊഴിൽ നാഷണലൈസേഷൻ നയങ്ങൾ വിദേശ തൊഴിലാളികളുടെ അവസരങ്ങളെ പതിയെ ചുരുക്കുകയാണ്. വർഷങ്ങളായി സുരക്ഷിതമെന്ന് കരുതിയ ഗൾഫ് തൊഴിൽ വിപണി ഇന്ന് പഴയതുപോലെയല്ല. 1990ലെ കുവൈത്ത് യുദ്ധത്തെയും 2009ലെ സാമ്പത്തിക മാന്ദ്യത്തെയും 2011ലെ നിതാകാത്തിനെയും പ്രവാസി മലയാളി അതിജീവിച്ചു. എന്നാൽ ഇത്തരം ഓരോ പ്രതിസന്ധി അതിജീവിക്കുമ്പോഴും പ്രവാസി പാഠങ്ങൾ പഠിച്ചില്ല എന്നതാണ് ചില ഔദ്യോഗിക കണക്കുകളും നമുക്ക് ചുറ്റുമുള്ള ജീവിത യഥാർഥ്യങ്ങളും കാണിക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പെട്ടെന്ന് ഒരു തിരിച്ചുവരവുണ്ടായാൽ ഉപയോഗിക്കാവുന്ന രീതിയിലോ ശിഷ്ട കാലത്തേക്കോ ബുദ്ധിപൂർവം നിക്ഷേപിച്ചില്ല എന്ന യാഥാർഥ്യം ഓരോ പ്രവാസിയും തിരിച്ചറിയുന്നത് നാട്ടിൽ എത്തുമ്പോഴാണ്.
പണമെല്ലാം എവിടെ ചെലവഴിച്ചു?
പ്രവാസികൾ ഇത്രയും വർഷം സമ്പാദിച്ച പണം എങ്ങനെ ചെലവഴിച്ചു?, കേരളത്തിന് സാമ്പത്തിക കെട്ടുറപ്പ് നൽകിയ പ്രവാസം എങ്ങനെ ഒരു ലൂപ്പാകുന്നു? രണ്ടും നാലും വർഷം മാത്രം പ്രവാസം ആസൂത്രണം ചെയ്ത് കടൽ കടക്കുന്നവർ എങ്ങനെയാണ് മൂന്നും നാലും പതിറ്റാണ്ട് ഗൾഫിൽ കുരുങ്ങിപ്പോകുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം തേടിപ്പോയില്ലെങ്കിൽ അടുത്ത തലമുറയും ഇതേ ലൂപ്പിൽ ചെന്ന് ചാടും.
കേരള സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1977-ൽ 1.35 ലക്ഷം മാത്രമായിരുന്നു കേരളത്തിലെ പ്രവാസികളുടെ എണ്ണം. കാലക്രമേണ ഇന്ന് അത് 40 ലക്ഷം ആയി ഉയർന്നിട്ടുണ്ട്. 2023-ലെ കേരള മൈഗ്രേഷൻ സർവേ പറയുന്നത്, കേരളത്തിൽ നിന്നുള്ള പ്രവാസികൾ ആ വർഷം മാത്രം നാട്ടിലേക്ക് അയച്ചത് 2,16,893 കോടി രൂപയാണ്. സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ നാലിലൊന്നിനോട് അടുത്തതാണ് ഈ തുക. ഈ പണം ചെലവഴിച്ചതിന്റെ കണക്കുകൾ പറയുന്നത്, വലിയൊരു വിഹിതം അഥവാ ഈ തുകയുടെ 15.8% വും കെട്ടിടങ്ങളുടെ നിർമ്മാണത്തിനും നവീകരണത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. 14% ബാങ്ക് വായ്പകൾ അടയ്ക്കാനും, 10% വിദ്യാഭ്യാസത്തിനും, 7.7% ചികിത്സയ്ക്കും, 6.9% നിത്യജീവിത ചെലവുകൾക്കുമാണ് ചെലവഴിച്ചു.
മടങ്ങിവരവിനുള്ള തുക എവിടെ?
ചെലവഴിച്ച തുകയുടെ കണക്കുകളിലൊന്നും പ്രവാസിയുടെ തിരിച്ചുവരിവിന് ശേഷം ഉപയോഗിക്കാനുള്ള ഫണ്ടുകൾ മാറ്റിവെച്ചിരിക്കുന്നത് കാണാനാകുന്നില്ല. 25-ഉം 30-ഉം വർഷം ഗൾഫിൽ ജോലി ചെയ്ത ഒരുപാട് പേരുടെ കൈയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ വലിയ വീടുകൾ മാത്രമാണ് ഉള്ളത്. സ്ഥിര വരുമാനം, പെൻഷൻ,മതിയായ നിക്ഷേപം എന്നിവയൊന്നും ഇല്ല. ശമ്പളം അവസാനിക്കുന്നതോടെ വരുമാനവും അവസാനിക്കുന്നു.
'പള്ളിക്കൽ നാരായണൻ' തുടരുന്നു...
ജോലി ഉണ്ടായിരുന്ന കാലത്ത് ശമ്പളത്തെ സമ്പത്താക്കി മാറ്റാൻ കഴിഞ്ഞില്ല എന്നതാണ് ഇവിടത്തെ ആദ്യ പ്രശ്നം. സ്വന്തം ജീവിതത്തിനായി ഒന്നും നീക്കിവെച്ചില്ല എന്നതും. സലീം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 2015ൽ പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രം നോക്കാം. അതിലെ പള്ളിക്കൽ നാരായണൻ നമ്മുടെയൊക്കെ ജീവിതത്തിൽ എത്രയോ തവണ കാണുന്ന ജീവിതങ്ങളാണ്. പ്രവാസികൾ പത്തേമാരി കയറുന്നത് മുതൽ ഇന്ന് വിമാനത്തിൽ വന്നിറങ്ങുമ്പോഴും അതിലൊരു മാറ്റവും വന്നിട്ടില്ല എന്നാണ് 2023ലെ കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. വീട്ടുകാരുടെയും കുടുംബക്കാരുടെയും ആവശ്യം കഴിച്ച് അവനവന് ഒന്നും ബാക്കി വെക്കാത്ത നാരായണൻമാർ ഇന്നും തുടർന്ന് പോകുന്നു.
മടക്കം തീരുമാനിക്കുന്നത് ആര്?
2023-ലെ കണക്കുകൾ മറ്റൊരു യാഥാർത്ഥ്യവും പറയുന്നുണ്ട്. ആ വർഷം നാട്ടിലേക്ക് മടങ്ങിയെത്തിയവരിൽ വലിയൊരു വിഭാഗം ജോലി നഷ്ടപ്പെട്ടതുകൊണ്ടും, കുറഞ്ഞ ശമ്പളവും, മോശം തൊഴിൽ സാഹചര്യങ്ങളും, ആരോഗ്യപ്രശ്നങ്ങളും കാരണം നിർബന്ധിതമായാണ് മടങ്ങിയത്. ഇപ്പോൾ ഇതിലേക്കാണ് പുതിയ വെല്ലുവിളികൾ കൂടി ചേർന്നിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, എണ്ണവിലയിലെ അനിശ്ചിതത്വം, തൊഴിൽ നാഷണലൈസേഷൻ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എല്ലാം ചേർന്ന് ഗൾഫ് തൊഴിൽ വിപണി പഴയ രീതിയിൽ തുടരില്ലെന്ന സൂചനകളാണ് നൽകുന്നത്.
ലൂപ്പിൽ നിന്ന് പുറത്ത് ചാടാം...
മുൻകൂട്ടിയുള്ള സാമ്പത്തിക പ്ലാനിങ്: പ്രവാസം അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രവാസത്തെ പ്ലാൻ ചെയ്യുകയാണ് വേണ്ടത്. ശമ്പളം കിട്ടിയ ശേഷം ബാക്കി വന്നാൽ സേവ് ചെയ്യാം എന്ന ചിന്ത മാറ്റണം. ആദ്യം തന്നെ ഒരു നിശ്ചിത വിഹിതം നിക്ഷേപത്തിനായി മാറ്റിവെക്കണം.
വീട് നിർമാണത്തിലെ മിതത്വം: വീടെന്നത് ആവശ്യമാണ്. പക്ഷേ ബജറ്റിന് പുറത്തുള്ള വീട് സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് എപ്പോഴും ഓർമ വേണം.
കൃത്യമായ ലക്ഷ്യബോധം: "ഇനി അഞ്ച് വർഷം കൂടി" എന്ന ലക്ഷ്യത്തിന് പകരം "ഇത്ര രൂപ സമ്പാദിച്ചാൽ നാട്ടിലേക്ക് മടങ്ങും" എന്ന ദൃഢമായ ലക്ഷ്യം വേണം.
സ്വന്തമായി വിരമിക്കൽ ഫണ്ട്: പെൻഷൻ ഇല്ലാത്ത തൊഴിലിടങ്ങളായതിനാൽ പ്രവാസികൾ സ്വന്തമായി വിരമിക്കൽ ഫണ്ട് സൃഷ്ടിക്കണം. വരുമാനം നൽകുന്ന നിക്ഷേപങ്ങൾ, വൈവിധ്യമാർന്ന ഇൻവെസ്റ്റ്മെന്റുകൾ, സാമ്പത്തിക പ്ലാനിങ് എന്നിവ ഇനി തിരഞ്ഞെടുപ്പല്ല, അനിവാര്യതയാണ്.
നിക്ഷേപ വഴികൾ അറിയാം...
പുതിയ കാല പ്രവാസികൾക്ക് നിക്ഷേപത്തിനും പെൻഷനും വിവിധ മാർഗങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ നാഷണൽ പെൻഷൻ സ്കീം, നോർക്ക പെൻഷൻ, പോസ്റ്റ് ഓഫീസ് പെൻഷൻ അങ്ങനെ പലതും. പ്രവാസി സംഘടനകളും നിരവധി പദ്ധതികൾ നടത്തുന്നുണ്ട്. പക്ഷെ ഇതൊന്നും സാധാരണ പ്രവാസിയിലേക്ക് എത്തുന്നില്ല. എത്തുന്നവർ തന്നെ പിന്നെയാകട്ടെ എന്ന ചിന്തയിൽ ആണ്.
1970-കളിൽ കുടുംബങ്ങളിലെ പട്ടിണി മാറ്റാനായിരുന്നു മലയാളികൾ ഗൾഫിലേക്ക് പോയത്. അവർ അത് വിജയകരമായി നിർവഹിച്ചു. പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നു. യുദ്ധങ്ങളും തൊഴിൽ നാഷണലൈസേഷനും ലോക സാമ്പത്തിക മാറ്റങ്ങളും ഗൾഫ് സ്വപ്നത്തെ പുതിയ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇനി പ്രവാസത്തിന്റെ വിജയം എത്ര വർഷം വിദേശത്ത് ജോലി ചെയ്തു എന്നതല്ല. തിരിച്ചെത്തുമ്പോൾ എത്ര സുരക്ഷിതമായ ജീവിതമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നതായിരിക്കും. ഇതോടൊപ്പം കേരളത്തിൽ ഏതൊരു നിക്ഷേപ തട്ടിപ്പ് നടന്നാലും ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടുന്നത് പ്രവാസിയുടേത് ആണ്. അമിത ലാഭം വാഗ്ദാനം ചെയ്യുന്ന ഈ നിക്ഷേപങ്ങൾ തട്ടിപ്പ് ആണെന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം. ഒരു പ്രവാസ ജീവിതത്തിന്റെ ജയപരാജയം എങ്ങനെയണെന്ന് നിർണയിക്കാൻ സാധിക്കില്ലെന്നത് യാഥാർഥ്യമാണ്. എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള തിരിച്ചുവരവാകണം ഇനി പ്രവാസിയുടെ ജീവിതകഥ....
Adjust Story Font
16

