റമദാനിൽ ആഡംബര കാറുടമകളെ ലക്ഷ്യമാക്കി ഭിക്ഷ; ദുബൈയിൽ 20,000 ദിർഹവുമായി ഒരാൾ പിടിയിൽ
കാറുടമകളെ സമീപിച്ച്, സഹതാപം പിടിച്ചുപറ്റിയാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്

ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈ പൊലീസ് നടത്തുന്ന ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 20,000 ദിർഹം പൊലീസ് കണ്ടെടുത്തു. ആഡംബര കാറുടമകളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ഭിക്ഷാടനം. പാർക്കിങ് ഏരിയകളിലും ട്രാഫിക് സിഗ്നലുകളിലും വെച്ച് കാറുടമകളെ സമീപിച്ച്, സഹതാപം പിടിച്ചുപറ്റിയാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്.
സഹായം ആവശ്യമുള്ളവർക്കായി രാജ്യത്ത് നിരവധി ചാരിറ്റബിൾ സംഘടനകളും ഏജൻസികളുമുണ്ട്. നേരിട്ട് പണം നൽകുന്നതിന് പകരം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ അലി സലേം അൽ ഷംസി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും വെബ്‌സൈറ്റുകൾ വഴിയും പണം ആവശ്യപ്പെടുന്ന ഓൺലൈൻ ഭിക്ഷാടനത്തിനെതിരെയും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് മാസം വരെ തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കുന്നതാണ്.
Adjust Story Font
16

