Quantcast

ദുബൈ മിറാക്കിൾ ഗാർഡനിൽ പുതിയ സീസണിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വർധന

150 ദശലക്ഷത്തിലധികം പൂക്കളും വിവിധയിനം സസ്യങ്ങളുമാണ് മിറാക്കിൾ ഗാർഡനെ അലങ്കരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Oct 2023 2:20 AM GMT

ദുബൈ മിറാക്കിൾ ഗാർഡനിൽ പുതിയ സീസണിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വർധന
X

വേനൽ ചൂട് കുറഞ്ഞ്, തണുത്ത കാലാവസ്ഥയിലേക്ക് അതിവേഗം നീങ്ങുകയാണ് യുഎഇയിലെ അന്തരീക്ഷം. അടച്ചിട്ടിരുന്ന പല വിനോദ കേന്ദ്രങ്ങളും സന്ദർശകരെ വരവേൽക്കാനൊരുങ്ങുകയാണ്. പ്രധാന വിനോദ കേന്ദ്രമായ മിറാക്കിൾ ഗാർഡനും പുതിയ സീസണിലേക്കുള്ള എൻട്രി ടിക്കറ്റ് നിരക്കുകളും മറ്റു സവിശേഷതകളും പുറത്തു വിട്ടു.

ദുബൈ മിറാക്കിൾ ഗാർഡനിൽ പൂക്കളും പുഷ്പ നിർമിതികളുമെല്ലാം വീണ്ടും പൂത്തുലഞ്ഞ് സുന്ദരിയായി സന്ദർശകർക്കായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വാരാന്ത്യത്തിലാണ് 12ാം സീസണിനായി ഗാർഡൻ വീണ്ടും തുറന്നത്.

ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, 12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു വ്യക്തിക്ക് 95 ദിർഹവും 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 80 ദിർഹവുമാണ് എൻട്രി ടിക്കറ്റ് നിരക്കുകളായി നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ പ്രകാരം തന്നെ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യ വിഭാഗക്കാർക്കും പാർക്കിലേക്ക് സൗജന്യമായി തന്നെ പ്രവേശിക്കാം. നിശ്ചയദാർഢ്യ വിഭാഗക്കാരുടെ കൂടെ വരുന്ന സഹായികൾക്ക് നിരക്കിൽ 50 ശതമാനം കിഴിവിനും അർഹതയുണ്ട്.

ഈ പറഞ്ഞവയെല്ലാം വാറ്റ് ഉൾപ്പെടെയുള്ള നിരക്കുകളായിരിക്കും. പോയ വർഷം മുതിർന്നവർക്ക് 75 ദിർഹവും 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 ദിർഹവും മാത്രമായിരുന്നു ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്.

150 ദശലക്ഷത്തിലധികം പൂക്കളും വിവിധയിനം സസ്യങ്ങളുമാണ് ഇത്തവണ മിറാക്കിൾ ഗാർഡനെ അലങ്കരിക്കുന്നത്. 2013 ഫെബ്രുവരി 14-ന് വലൻ്റയ്ൻ ദിനത്തിലാണ് ഗാർഡൻ ആദ്യമായി സന്ദർശകർക്കായി തുറന്നുകൊടുത്തത്.

തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് സന്ദർശനത്തിന് അനുമതിയുണ്ടായിരിക്കുക.

TAGS :

Next Story