Quantcast

യുഎഇയിലെ പ്രമുഖ വിമാനത്താവളത്തിന്റെ പേര് മാറ്റി; പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്‌

ഇന്ന് മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വന്നു

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 1:50 PM IST

യുഎഇയിലെ പ്രമുഖ വിമാനത്താവളത്തിന്റെ പേര് മാറ്റി; പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്‌
X

അബൂദബി: യുഎഇയിലെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'തഹ്‌നൂൻ ഇന്റർനാഷണൽ എയർപോർട്ട്' എന്ന് പുനർനാമകരണം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തരിച്ച മുൻ അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിസ്തുലമായ സേവനങ്ങളെ ആദരിച്ചാണ് ഈ തീരുമാനം. ഇന്ന് മുതൽ വിമാനത്താവളം പുതിയ പേരിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

രാജ്യത്തിന്റെ ശിൽപിയായ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്നു ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ്. 1971ൽ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായ അദ്ദേഹം അഞ്ചു പതിറ്റാണ്ടിലേറെ ആ പദവിയിൽ തുടർന്നു. അൽ ഐൻ മേഖലയുടെ നവീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 2024 മെയ് ഒന്നിന് 82ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

ദീർഘകാലത്തെ പൊതുജീവിതത്തിനിടയിൽ രാജ്യത്തിന്റെ നിർണായകമായ ഒട്ടേറെ ഉന്നത പദവികൾ ശൈഖ് തഹ്‌നൂൻ അലങ്കരിച്ചിട്ടുണ്ട്. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ, അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാൻ, സുപ്രീം പെട്രോളിയം കൗൺസിൽ വൈസ് ചെയർമാൻ എന്നീ ചുമതലകൾ അദ്ദേഹം കാര്യക്ഷമമായി നിർവഹിച്ചു. കൂടാതെ, അൽ ഐൻ മുനിസിപ്പാലിറ്റി ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം യുഎഇയുടെ ആദ്യകാല കാർഷിക-നഗര വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

TAGS :

Next Story