യുഎഇ ചൂടിൽ തന്നെ ...; ചിലയിടങ്ങളിൽ താപനില 46°Cലേക്ക്
വരുംദിവസങ്ങളിൽ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില കനക്കുമെന്നും ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് 46°C വരെ ഉയർന്നേക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും തീരദേശങ്ങളിൽ ഉയർന്ന അന്തരീക്ഷ ഈർപ്പവും നിലനിൽക്കും. വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചൂട് വീണ്ടും വർധിക്കുമെന്നാണ് പ്രവചനം. ഇന്ന് ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നും വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റടിച്ചേക്കാം.
നാളെ മുതൽ കിഴക്കൻ തീരങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ വടക്ക്-പടിഞ്ഞാറൻ, തെക്ക്-പടിഞ്ഞാറൻ കാറ്റ് കാരണം കനത്ത പൊടിക്കാറ്റ് ഉയർന്നേക്കാം. വെള്ളിയാഴ്ചയോടെ ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് വീണ്ടും ശക്തമാകും. ശനിയാഴ്ച വരെ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. ഞായറാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ പൊടിക്കാറ്റിന് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ ശാന്തമായി തുടരും.
ഉൾനാടൻ പ്രദേശങ്ങളിൽ പരമാവധി താപനില 41 മുതൽ 46°C വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 41°Cവരെയും മലയോര മേഖലകളിൽ താരതമ്യേന കുറഞ്ഞ 31 മുതൽ 37°C വരെയുമായിരിക്കും ചൂട് രേഖപ്പെടുത്തുക. കനത്ത ചൂടും പൊടിക്കാറ്റും ഉള്ളതിനാൽ പുറംജോലികളിൽ ഏർപ്പെടുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Adjust Story Font
16

