Quantcast

ഈ എട്ട് ലക്ഷണങ്ങളുണ്ടോ? എന്നാൽ ശരീരം നൽകുന്ന ഈ സിഗ്‌നലുകളെ അവഗണിക്കരുത്

ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് വിശകലനം ചെയ്യുന്നതിലൂടെ തിരിച്ചറിയപ്പെടാതെ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കണ്ടെത്താം. പല പ്രശ്‌നങ്ങളും നിരുപദ്രവകാരികളാണെങ്കിലും ചില ലക്ഷണങ്ങൾ എത്രയും വേഗത്തിലുള്ള വൈദ്യസഹായം ആവശ്യമുള്ളതാണ്.

MediaOne Logo

Web Desk

  • Published:

    10 Jun 2025 5:23 PM IST

ഈ എട്ട് ലക്ഷണങ്ങളുണ്ടോ? എന്നാൽ ശരീരം നൽകുന്ന ഈ സിഗ്‌നലുകളെ അവഗണിക്കരുത്
X

മനുഷ്യശരീരം വളരെയധികം സങ്കീർണമാണ്. സൂക്ഷമതയോടെ നിർമിച്ച യന്ത്രത്തെപോലെ ആന്തരിക അവയവങ്ങളും സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലേ എന്ന കാര്യം കൃത്യമായി തന്നെ അറിയിക്കാൻ ശരീരം ശ്രമിക്കാറുണ്ട്. പലപ്പോഴും നാം നിസാരമെന്നു കരുതി തള്ളിക്കളയുന്ന ഇത്തരം സിഗ്നലുകൾ പിന്നീട് വലിയ വിനയാവാറുണ്ട്.

രോഗലക്ഷണങ്ങളായാണ് ശരീരം മുന്നറിയിപ്പ് നൽകുന്നത്. ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് വിശകലനം ചെയ്യുന്നതിലൂടെ തിരിച്ചറിയപ്പെടാതെ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കണ്ടെത്താം. പല പ്രശ്‌നങ്ങളും നിരുപദ്രവകാരികളാണെങ്കിലും ചില ലക്ഷണങ്ങൾ എത്രയും വേഗത്തിലുള്ള വൈദ്യസഹായം ആവശ്യമുള്ളതാണ്.

ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ശരീരത്തിന്റെ സിഗ്നലുകൾ ഏതാണെന്നും എന്തുകൊണ്ട് അവ ശ്രദ്ധിക്കണമെന്നും അറിയാം:

കണ്ണിനു ചുറ്റുമുള്ള കറുപ്പ്

മതിയായ ഉറക്കമില്ലാത്തതു കൊണ്ടാണ് സാധാരണ ഗതിയിൽ കണ്ണിനു ചുറ്റും കറുപ്പുണ്ടാകുന്നത്. ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ ഉറക്കം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതില്ലാതിരിക്കുമ്പോൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കൊപ്പം സാധാരണ കണ്ണിനു ചുറ്റും കറുപ്പുമുണ്ടാകാറുണ്ട്.

എന്നാൽ, അനീമിയയുടെ ലക്ഷണമായും ഇതിനെ കണക്കാക്കുന്നുണ്ട്. മതിയായ റെഡ് ബ്ലഡ് സെല്ലുകൾ ശരീരം നിർമിക്കാത്തത് കണ്ണിനു ചുറ്റുമുള്ള തൊലിക്ക് കറുപ്പു നിറമുണ്ടാകാൻ കാരണമാകുന്നു.

വിരലുകളിലെ നിറവ്യത്യാസം

നിങ്ങളുടെ വിരലുകൾ ഇടക്കിടെ നിറം മാറുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. റയ്‌നോഡ്‌സ് സിൻഡ്രോമിന്റെ ലക്ഷണമാകാം. തണുത്ത താപനില കാരണം രക്തക്കുഴലുകളിൽ സങ്കോചമുണ്ടാക്കുകയും തൊലിയുടെ നിറം മാറാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം ലക്ഷണം നിങ്ങൾക്കുണ്ടെങ്കിൽ ഉടനടി ചികിത്സ തേടുക.

മങ്ങിയ കാഴ്ച

നിങ്ങളുടെ കണ്ണുകൾക്ക് ആയാസമനുഭവപ്പെടുകയും അടുത്തുള്ള ആളുകളെയും വസ്തുക്കളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ടോ. എങ്കിൽ അത് മയോപിയ അഥവാ ഹ്രസ്വദൃഷ്ടി ആയിരിക്കാം. കാഴ്ചയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾക്ക് കൃത്യമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

കാഴ്ചയിലെ പാടുകൾ

കാഴ്ചയിൽ പെട്ടന്നുണ്ടാകുന്ന പാടുകളോ വരകളോ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? പ്രത്യേകിച്ച് തിളക്കമുള്ള വെളിച്ചത്തിൽ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യസഹായം തേടുക. തിമിരത്തിന്റെയോ അല്ലെങ്കിൽ കണ്ണിന്റെ ആരോഗ്യത്തെയോ സംബന്ധിക്കുന്ന രോഗത്തിന്റെ ലക്ഷണമാകാം. വിദഗ്ദ പരിശോധന ഈ ലക്ഷണങ്ങൾക്ക് അത്യാവശ്യമാണ്.

വയറ്റിൽ നിന്നുണ്ടാകുന്ന ശബ്ദം

വയറ്റിൽ ഇടക്കിടെ ഉണ്ടാകുന്ന ശബ്ദങ്ങൾ സാധാരണവും ദഹനപ്രക്രിയയുടെ ഭാഗവുമാണ്. എന്നാൽ ഇത്തരം ശബ്ദങ്ങൾ എപ്പോഴും ഉണ്ടാകുകയും ഒപ്പം വേദനയുമുണ്ടെങ്കിൽ ദഹനനാളത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. എത്രയും വേഗം വൈദ്യസഹായം തേടുക.

തൊലി പൊളിഞ്ഞു പോകൽ

ശരീരത്തിലെ തൊലി പൊളിയുന്നത് വൈറ്റമിൻ കുറവാണ് എന്നതിന്റെ ലക്ഷണമാണ്. സമീകൃതാഹാരം വഴി ഇത് പരിഹരിക്കാം. കൃത്യമായ ഭക്ഷണ രീതി പിന്തുടർന്നിട്ടും ഇതിന് മാറ്റമില്ലാതിരിക്കുകയും ചൊറിച്ചിലോടു കൂടിയാണ് തൊലി പൊളിയുന്നതുമെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.

ഗന്ധങ്ങൾ തിരിച്ചറിയുന്നതിലെ പ്രയാസം

ഞരമ്പുകൾക്കുണ്ടാകുന്ന തകരാറ് മൂലം പ്രായമാകുമ്പോൾ മണം തിരിച്ചറിയുന്നതിൽ പ്രയാസമുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ താരതമ്യേന പ്രായം കുറഞ്ഞ വ്യക്തികളിൽ പെട്ടന്നുണ്ടാകുന്ന മണക്കാനുള്ള പ്രയാസം വൈറൽ അണുബാധയുടേയോ കടുത്ത ജലദോഷം മൂലമോ ആകാം. ഇതെന്താണെങ്കിലും അവഗണിക്കരുത്.

കൺപോളകളിലെ തുടിപ്പ്

കണ്ണിന് കൂടുതൽ ആയാസമുണ്ടാകുന്നതു വഴിയാണ് സാധാരണഗതിയിൽ കൺപോളകളിൽ തുടിപ്പുണ്ടാകുന്നത്. വെള്ളത്തിൽ മുക്കിയ കോട്ടൺ പാഡുകളോ തണുത്ത തുണിയോ, പാക്കറ്റോ വെക്കുന്നത് ഇത് കുറക്കാൻ സഹായിക്കും. പക്ഷേ നിർത്താതെ നിരന്തരമായി തുടരുന്ന തുടിപ്പുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നാഡീവ്യവസ്ഥയെ ബാധിച്ചിരിക്കാവുന്ന രോഗത്തിന്റെ ലക്ഷണമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടറെ കാണേണ്ടത് അത്യന്താപേക്ഷിതമാണ്.

TAGS :
Next Story