പട്ടിണി കിടക്കാതെ ശരീരഭാരം കുറക്കണോ?; ഫിറ്റ്‌നസ് കോച്ച് നിർദേശിക്കുന്ന 10 ഭക്ഷണങ്ങളിതാ...
നമ്മുടെ ശരീരത്തിന്റെ പ്രവർത്തന രീതിക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ തെരഞ്ഞെടുത്താണ് തടി കുറയ്ക്കേണ്ടതെന്ന് വിൽ സ്റ്റോൺ പറയുന്നു

ശരീരഭാരം കുറയ്ക്കുക എന്നത് കേവലം ഭക്ഷണം കുറയ്ക്കലല്ല, മറിച്ച് ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കല്‍ കൂടിയാണ്. പട്ടിണി കിടക്കുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ലളിതമായ ഭക്ഷണക്രമം പരിചയപ്പെടുത്തുകയാണ് യുഎസ് ഫിറ്റ്‌നസ് കോച്ച് വിൽ സ്റ്റോൺ. പട്ടിണി കിടന്നല്ല, മറിച്ച് നമ്മുടെ ശരീരത്തിന്റെ പ്രവർത്തന രീതിക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ തെരഞ്ഞെടുത്താണ് തടി കുറയ്ക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ചില ഭക്ഷണങ്ങൾ ശരീരത്തെ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിൽ സ്റ്റോൺ പറയുന്നു. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ഇത്തരം സ്വാഭാവിക ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിലെ കൊഴുപ്പ് തനിയെ കുറയുമെന്നാണ് വിൽ സ്റ്റോൺ പറയുന്നത്. നിങ്ങളുടെ വിശപ്പിനെ തലച്ചോർ തിരിച്ചറിയുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക, അപ്പോൾ ഡയറ്റിംഗ് ഒരു പീഡനമായി തോന്നില്ലെന്നും വിൽ സ്റ്റോൺ പറയുന്നു. കലോറി കുറഞ്ഞതും എന്നാൽ പെട്ടെന്ന് വിശപ്പടക്കുന്നതുമായ 10 ഭക്ഷണങ്ങളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം..
പോപ്‌കോൺ
കലോറി കുറവാണെങ്കിലും കൂടുതൽ അളവിൽ കഴിക്കാം എന്നത് വിശപ്പിനെ പെട്ടെന്ന് നിയന്ത്രിക്കാൻ സഹായിക്കും.
മുട്ട
മുട്ടയുടെ മഞ്ഞക്കരു ഉൾപ്പെടെ പൂർണ്ണരൂപത്തിൽ കഴിക്കുന്നത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. കൂടാതെ വിശപ്പും വേഗത്തില്‍ കുറയുകയും ചെയ്യും.
ചിക്കൻ ബ്രെസ്റ്റ്
കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഉറവിടമാണിത്. ഇത് ദഹിപ്പിക്കാൻ ശരീരം കൂടുതൽ കലോറി ഉപയോഗിക്കുന്നതിനാൽ തടി കുറയുന്നത് വേഗത്തിലാകും.പേശികളുടെ വളർച്ചക്കും ഇത് സഹായിക്കും.
ബ്രൊക്കോളി
ചെറിയ അളവിൽ കലോറി അടങ്ങിയ ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ബ്രൊക്കോളി ദഹന ആരോഗ്യത്തിനും മികച്ചതാണ്.
ബ്ലാക്ക് കോഫി
വിശപ്പിനെ ശമിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്ന മികച്ച പാനീയമാണിത്. കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന പാനീയം കൂടിയാണ് ഇത്.
ഗ്രീക്ക് യോഗർട്ട്
ഇതിലെ പ്രോട്ടീൻ സാവധാനം മാത്രമേ ദഹിക്കൂ. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
വെളുത്ത മത്സ്യം
ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഇത് പേശികളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
ആപ്പിൾ
നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ആപ്പിൾ കഴിക്കുന്നത് പെട്ടെന്ന് വയർ നിറഞ്ഞ അനുഭവം നൽകും.
ചുവന്ന പഴങ്ങൾ
സ്ട്രോബെറി പോലുള്ള പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
ഓട്‌സ്
രക്തത്തിലെ ഇൻസുലിൻ വർദ്ധിക്കാതെ ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഓട്‌സ് സഹായിക്കും.
Adjust Story Font
16

