നിര്‍ത്തൂ, ശ്രദ്ധിക്കൂ ഈ 30 കാര്യങ്ങള്‍.... ഇനി തുടരൂ നിങ്ങളുടെ യാത്ര
ഇന്ന് ലോക ട്രോമ ദിനം... യാത്രയില്ലാത്ത ദിവസങ്ങള്‍ മനുഷ്യന് അവന്റെ ആയുസ്സില്‍ തന്നെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ അതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും കുറവില്ല താനും..

യാത്ര ഇന്ന് മനുഷ്യന് ഭക്ഷണം പോലെ, കുടിവെള്ളം പോലെ, പ്രാണവായു പോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വിദ്യാലയങ്ങളിലേക്കായാലും തൊഴിലിടങ്ങളിലേക്കായാലും യാത്രയില്ലാത്ത ദിവസങ്ങള്‍ മനുഷ്യന് അവന്റെ ആയുസ്സില്‍ തന്നെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ അതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും കുറവില്ല തന്നെ.... അപകടങ്ങള്‍ തുടര്‍ക്കഥയാണെങ്കിലും, എല്ലാവരിലും ഏറ്റവുമവസാനം ഒരുപോലെ നോവുപടര്‍ത്തിയ ഒന്നാണ് വയലിനിസ്റ്റ് ബാലഭാസ്കരിന്റെയും മകളുടെയും മരണം. എന്താണ് ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നമുക്കൊക്കെ അറിയാം. അതുകൊ ണ്ടുതന്നെ നമ്മളൊക്കെ അത്തരം ശ്രദ്ധകളെ മനഃപ്പൂര്‍വ്വം അവഗണിക്കുകയുമാണ്. അവഗണിക്കേണ്ടതല്ല, ശ്രദ്ധയോടെ, സൂക്ഷ്മതയോടെ പരിഗണിക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങളുണ്ട്... റോഡ് നിയമങ്ങളുണ്ട്...

ഡ്രൈവറുമായ ബന്ധപ്പെട്ടുള്ള അപകടകാരണങ്ങൾ പലതാണ്. അശ്രദ്ധയോടെ ഉള്ള ഡ്രൈവിംഗ്, മദ്യം, ലഹരി എന്നിവ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത്, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്, അമിതാവേശവും മത്സരബുദ്ധിയോടെയും ഉള്ള ഡ്രൈവിംഗ്, ക്ഷീണിച്ചിരിക്കുമ്പോൾ വണ്ടി ഓടിക്കുന്നത്, ഉറങ്ങിപോകുന്നത്, അമിതവേഗം, ട്രാഫിക് നിയമങ്ങളുടെ ലംഘനം, പരിചയക്കുറവ്, കാഴ്ചയും കേൾവിയും സംബന്ധിച്ച കാര്യ ങ്ങൾ, ഡ്രൈവറുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഡ്രൈവറുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഡ്രൈവറുടെ അറിവില്ലായ്മ തുടങ്ങി അപകടങ്ങളിലേക്കു നയിക്കുന്ന കാര്യങ്ങൾ പലതാണ്. ഹെൽമറ്റ് ധരിക്കാത്തതോ അതല്ലെങ്കിൽ ശരിയായി ധരിക്കാത്തതോ അതുപോലെ സീറ്റ് ബെൽറ്റ് ധരിക്കാത്തതും അപകടങ്ങളിലെ പരിക്കുകളുടെ കാഠിന്യം വർദ്ധിപ്പിക്കുന്നു. പിന്‍സീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കേണ്ടതാണ്. അതുപോലെ സീറ്റ് ബെൽറ്റും. അപകടത്തിനിരയാവുന്ന പിന്‍സീറ്റ് യാത്രക്കാരുടെ മരണനിരക്കും ഗുരുതരാവസ്ഥയും ഇന്ന് ഗണ്യമായി കൂടിയിരിക്കുകയാണ് എന്ന് ആശുപത്രിയിലെ കണക്കുകൾ പറയുന്നു. റോഡപകടങ്ങളുടെ കാര്യത്തിൽ അത് തടയുന്നതു തന്നെയാണ് ഏറ്റവും ഉത്തമമായ മാർഗം. മേൽപ്പറഞ്ഞ 86 ശതമാനം അപകടങ്ങളും നമുക്ക് തടയാവുന്നതാണ് എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.
ഡ്രൈവിംഗില്‍ ശ്രദ്ധിക്കാം നമുക്ക് ഇക്കാര്യങ്ങള്‍:
- ഡ്രൈവിംഗ് ഏറ്റവും ശ്രദ്ധ വേണ്ട ഒരു പ്രവൃത്തി ആണ്. ഇതിനെ വളരെ ലാഘവത്തോടെ സമീപിക്കരുത്.
- ഡ്രൈവറുടെ ശ്രദ്ധയെ തിരിക്കുന്ന ഒരു കാര്യവും വണ്ടി ഓടിക്കുമ്പോള്‍ ചെയ്യരുത്.
- ഒരു കാരണവശാലും വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. അത് ഹാന്‍ഡ്സ് ഫ്രീ സംവിധാനമാണെങ്കിൽ പോലും വണ്ടി സൈഡാക്കി നിര്‍ത്തിയിട്ടതിനു ശേഷം മാത്രം ഫോൺ ഉപയോഗിക്കുക.
- മ്യൂസിക് പ്ലെയർ സെറ്റ് ചെയ്യുക, സി.ഡി മാറ്റുക തുടങ്ങിയ കാര്യങ്ങൾ വണ്ടി നിർത്തിയ ശേഷം മാത്രം ചെയ്യുക. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ അല്ലെങ്കിൽ വീഡിയോ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് അപകടങ്ങളെ വിളിച്ചു വരുത്തും. മ്യൂസിക് പ്ലെയറും മറ്റും ചെറിയ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുക.
- ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ കൂടി ചെയ്യാതിരിക്കുക. നമ്മുടെ ശ്രദ്ധ റോഡിൽ മാത്രമായിരിക്കണം. അപകടം എവിടെ നിന്നാവും വരുന്നതെന്ന് പറയാന്‍ പറ്റില്ല.
- കൊച്ചുകുട്ടികളുമായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് നമ്മുടെ ശ്രദ്ധയെ തിരിക്കും. അത് ഒഴിവാക്കുക.
- മദ്യപിച്ചു ബഹളമുണ്ടാക്കിയും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന സഹയാത്രികരും ഉണ്ട്. ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നവരും ഉണ്ട്. ഇതെല്ലാം അപകടങ്ങളിലേക്കുള്ള വാതിൽ തുറന്നു വെയ്ക്കുന്ന പ്രവൃത്തികൾ ആണ്.
- കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം കാരണം ഡ്രൈവിംഗ് ദുഷ്കരമാകുന്ന ചുറ്റുപാടിൽ ഡ്രൈവിംഗ് തുടരാതിരിക്കുക.
- മദ്യവും ലഹരിയും ഉപയോഗിച്ച് ഒരു കാരണവശാലും വാഹനം ഓടിക്കരുത്. മദ്യവും ലഹരിയും വലിയ അപകടങ്ങൾ വിളിച്ചു വരുത്തും.
- അമിത വേഗതയിൽ വാഹനമോടിക്കരുത്. ട്രാഫിക് നിയമങ്ങൾ അനുശാസിക്കുന്ന വേഗത പരിധിയിൽ മാത്രം വണ്ടി ഓടിക്കുക. വാഹനത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും നല്ല ഫ്യൂൽ എഫിഷ്യന്‍സിക്കും 50-60 കി.മീ/ മണിക്കൂർ വേഗതയാണ് ഉത്തമം.
- റോഡ് നിയമങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് ഉള്ളതാണ്. അത് ഒരു കാരണവശാലും ലംഘിക്കരുത്. 90 ശതമാനം റോഡ് അപകടങ്ങളിലും റോഡ് നിയമങ്ങളുടെ ലംഘനമുള്ളതായി കാണാവുന്നതാണ്.
- ചെറുപ്രായക്കാരുടെ നിയമാനുസൃതമല്ലാത്ത ഡ്രൈവിംഗ് ഒഴിവാക്കേണ്ടതാണ്. കൗമാരപ്രായക്കാർക്ക് അതി നൂതന ഇരുചക്ര വാഹനങ്ങൾ സമ്മാനമായി കൊടുക്കുന്ന മാതാപിതാക്കൾ സത്യത്തിൽ മക്കളെ കൊലയ്ക്കു കൊടുക്കുകയാണ് ചെയ്യുന്നത്.
- സ്കൂളുകളിലും കോളേജുകളിലും ശക്തമായ ട്രാഫിക് ബോധവത്കരണവും ട്രാഫിക് ക്ലബുകളുടെ രൂപീകരണവും ഉണ്ടാവുക.
- ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും റോഡ് സംസ്കാരവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുക.
- ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നത് കുറെ കൂടി നിഷ്കർഷതയോടെആക്കുക.
- റോഡ് നിയമങ്ങളുടെ ലംഘനങ്ങൾക്ക് ഉള്ള ശിക്ഷ കുറെ കൂടെ ശക്തമാക്കുക. ഇത്തരക്കാർ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക
- ട്രാഫിക് നിയമങ്ങൾ ശക്തമായും പഴുതില്ലാതെയും നടപ്പാക്കുക.
- ട്രാഫിക് നിയമ ലംഘകരുടെ കാര്യത്തിൽ ഉള്ള രാഷ്ട്രീയക്കാരുടെ ഇടപെടൽ ഇല്ലാതാക്കുക.
- 18. ലോംഗ് ഡ്രൈവിംഗ് ഉള്ള അവസരത്തിൽ രണ്ടു ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കുക.
- ലോംഗ് ഡ്രൈവിംഗിൽ ഇടയ്ക്ക് നിർത്തിയും റിഫ്രഷ് ചെയ്തും വണ്ടി ഓടിക്കുക.
- യാത്രക്കിടെ ഉറക്കം വരുന്നെങ്കിൽ വണ്ടി നിർത്തി ഉറക്കക്ഷീണം തീർത്തതിനു ശേഷം മാത്രം യാത്ര തുടരുക. അത് പകലായാലും രാത്രിയായാലും
- രാത്രിയിൽ 12നും 3നും ഇടയ്ക്കുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.
- ആരോഗ്യപ്രശ്നങ്ങൾ, അസുഖങ്ങള്‍ ഉള്ളപ്പോൾ ഡ്രൈവിംഗ് ഒഴിവാക്കുക.
- പണി നടക്കുന്ന റോഡുകളിലൂടെയുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.
- പിന്‍സീറ്റ് യാത്രക്കാർക്കും ഹെൽമെറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കുക.
- കോടതികളില്‍ ഫ്രീസ് ആയി കിടക്കുന്ന റോഡപകടങ്ങളുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് അഴിക്കുക.
- അപകടത്തിൽ പെടുന്നവർക്കുള്ള സുരക്ഷാപൂർവമുള്ള ട്രാന്‍സ്പോർട്ട് സംവിധാനം ഉണ്ടാക്കുക.
- അപകടരഹിത റോഡ് സംവിധാനം ഉണ്ടാവുക.
- അപകടത്തിൽ പെട്ടവർക്കുള്ള സൗജന്യ ചികിത്സാപദ്ധതി ഉണ്ടാവുക.
- താന്‍ മാത്രമല്ല, തന്റെ കൂടെ താന്‍ ഓടിക്കുന്ന വണ്ടിയിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്തേണ്ടത് ഓരോ ഡ്രൈവറുടെയും കടമയാണ്. അതിനു മുന്‍സീറ്റെന്നോ പിന്‍സീറ്റെന്നോ വ്യത്യാസമില്ല.
Adjust Story Font
16

