Quantcast

ബ്രഡും ജാമും ന്യൂഡില്‍സും രാവിലെ സ്ഥിരമായി കഴിക്കാറുണ്ടോ?; ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് നൽകുന്ന മുന്നറിയിപ്പ് ഇതാ

രാവിലെ കഴിക്കുന്ന തെറ്റായ ഭക്ഷണങ്ങൾ കുടലിന്‍റെ ആരോഗ്യം നശിപ്പിക്കും

MediaOne Logo

ലിസി. പി

  • Updated:

    2026-03-18 11:27:49.0

Published:

18 March 2026 4:54 PM IST

ബ്രഡും ജാമും ന്യൂഡില്‍സും രാവിലെ സ്ഥിരമായി കഴിക്കാറുണ്ടോ?; ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് നൽകുന്ന മുന്നറിയിപ്പ് ഇതാ
X

നമ്മുടെ ഒരു ദിവസം മികച്ച രീതിയിൽ തുടങ്ങുന്നത് രാവിലത്തെ ഭക്ഷണത്തിൽ നിന്നാണ്. പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ, ആരോഗ്യകരമെന്ന് കരുതി നമ്മൾ ദിവസവും കഴിക്കുന്ന പല പ്രഭാതഭക്ഷണങ്ങളും നമ്മുടെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണെങ്കിലോ?. നാം സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന,പലരുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങള്‍ നിങ്ങളുടെ ദഹനപ്രക്രിയയെയും കുടലിന്റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ ഭക്ഷണങ്ങള്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും, കുടൽ പാളിയെ പ്രകോപിപ്പിക്കുകയും, ദീർഘകാല ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അഞ്ച് സാധാരണ പ്രഭാതഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പാൽ മാണിക്കം. ഇവ ഏതൊക്കെയാണെന്നും എന്തുകൊണ്ട് അവ ദോഷം ചെയ്യുന്നുവെന്നും ഇതിന് പകരം നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം..

പൂരിയും കിഴങ്ങ് കറിയും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് പൂരി മസാല.ഉത്തരേന്ത്യയിലെ ജനപ്രിയ പ്രഭാതഭക്ഷണ വിഭവങ്ങളിൽ ഒന്ന് കൂടിയാണിത്. ചൂടുള്ള പൂരിയും ഉരുളക്കിഴങ്ങ് കറിയും എത്രകഴിച്ചാലും മടുക്കില്ല. എന്നാല്‍ രാവിലത്തെ ഭക്ഷണത്തിന് 'ആലു പൂരി' അത്ര മികച്ചൊരു തെരഞ്ഞെടുപ്പല്ല എന്നാണ് ഡോ. മാണിക്കം പറയുന്നത്. രുചികരമാണെങ്കിലും, എണ്ണയിൽ നന്നായി വറുത്തെടുക്കുന്ന ഇതില്‍ റിഫൈൻഡ് കാർബോഹൈഡ്രേറ്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നതിനും, പിന്നീട് പെട്ടെന്ന് തന്നെ ശരീരത്തിന്റെ ഊർജ്ജം ചോർന്നുപോകുന്നതിനും കാരണമാകുന്നു.

വെറും വയറ്റിൽ എണ്ണമയമുള്ള പൂരികൾ കഴിക്കുന്നത് ദഹനപ്രക്രിയയെ ബുദ്ധിമുട്ടിലാക്കുകയും. വയർ വീര്‍ക്കുന്നതിനും മറ്റ് ദഹനപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും. ഇതിനൊപ്പം കഴിക്കുന്ന ഉരുളക്കിഴങ്ങ് മസാല ദഹിക്കാൻ സമയമെടുക്കുകയും ചെയ്യും. പ്രോട്ടീനും തീരെ കുറവാണ്. അതിനാൽ തന്നെ ഇത് ദീർഘനേരത്തേക്ക് വിശപ്പകറ്റാൻ സഹായിക്കില്ല. ഈ വിഭവം പതിവായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിനും കുടലിന്റെ ആരോഗ്യംമോശമാകുന്നതിനും ഇടയാക്കും.

ബ്രഡും ജാമും ബട്ടറും

രാവിലെ തിരക്ക് പിടിച്ച് ഓടുന്നതിനിടയില്‍ എന്തെങ്കിലും കഴിക്കണ്ടേ എന്ന് വിചാരിച്ച് പലരും കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റുകളിലൊന്നാണ് ബ്രഡും ജാമും അല്ലെങ്കില്‍ ബ്രഡും ബട്ടറും. പെട്ടെന്ന് തയ്യാറാക്കാവുന്നതും രുചികരവുമായ വിഭവമാണെങ്കിലും, ബ്രെഡ്-ബട്ടർ-ജാം കോമ്പിനേഷനിൽ സമീകൃതമായ പോഷകങ്ങൾ അടങ്ങിയിട്ടില്ല. മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന വൈറ്റ് ബ്രെഡിൽ നാരുകൾ അഥവാ ഫൈബര്‍ വളരെ കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നു. ജാമിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ബട്ടർ അഥവാ വെണ്ണ ആകട്ടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങൾ നൽകാതെ പൂരിത കൊഴുപ്പ് വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഡോ. മാണിക്കത്തിന്റെ അഭിപ്രായത്തിൽ, പ്രോട്ടീനോ ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജമോ നൽകാത്ത ഈ ആഹാരരീതി വിശപ്പ് ശമിപ്പിക്കില്ലെന്നും വേഗത്തില്‍ വിശപ്പ് അനുഭവപ്പെടാനും ഇടയാക്കും. കൂടാതെ ഇത് പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും ശരീരഭാരത്തെയും മെറ്റബോളിസത്തെയും ദോഷകരമായി ബാധിക്കും.

ഇൻസ്റ്റന്റ് നൂഡിൽസ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇന്‍സ്റ്റന്‍ഡ് നൂഡില്‍സ്. രുചികരമായതിനാല്‍ കുട്ടികള്‍ക്കും ഇത് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഏറ്റവും മോശം പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റന്‍ഡ് ന്യൂഡില്‍സ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതില്‍ നാരുകളും പ്രോട്ടീനും വളരെ കുറവാണ് അനുഭവപ്പെടുന്നത്. കൂടാതെ ഇവയിൽ സോഡിയവും മറ്റ് കൃത്രിമ ചേരുവകളും വലിയ തോതിൽ അടങ്ങിയിട്ടുണ്ട്.

സ്ഥിരമായി ഇത് കഴിക്കുന്നത് വയർ വീർക്കുന്നതിനും ദഹനക്കേടിനും, ഊർജ്ജം പെട്ടെന്ന് ചോർന്നുപോകുന്നതിനും കാരണമാകുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ലാത്തതിനാൽ ഇത് ദീർഘനേരത്തേക്ക് ഊർജ്ജം നൽകില്ല. ഇൻസ്റ്റന്റ് നൂഡിൽസ് സ്ഥിരമായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും കാലക്രമേണ ഉപാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

പച്ചക്കറികൾ ചേർക്കാത്ത ഉപ്പുമാവ്

പച്ചക്കറികൾ ചേർക്കാതെ തയ്യാറാക്കുന്ന ഉപ്പുമാവിൽ ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കില്ല. പ്രധാനമായും റവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ വിഭവം രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നു. പച്ചക്കറികൾ ചേർക്കാത്തതിനാൽ ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല, കഴിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ വിശപ്പ് അനുഭവപ്പെടുകയും ചെയ്യും.

സിറിയലുകൾ

പലരും രാവിലെ പാലിനൊപ്പം സിറിയലുകൾ തെരഞ്ഞെടുക്കാറുണ്ട്.കോണ്‍ഫ്ളക്സ് പോലുള്ള ഇന്‍സ്റ്റന്‍റ് ഭക്ഷണങ്ങള്‍ ചൂടുള്ള പാലോ വെള്ളമോ മതിയെന്നതിനാല്‍ വേഗത്തില്‍‌ തയ്യാറാക്കാനും രുചികരവുമായതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ക്ക് ഇഷ്ടക്കാരും കൂടുതലാണ്. എന്നാല്‍ ഇവയില്‍ പഞ്ചസാര കൂടുതലും നാരുകൾ കുറവുമാണെന്ന് ഡോ. മാണിക്കം പറയുന്നു. അതായത് ഈ പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാന്‍ ഇടയാക്കും. വിശപ്പ് പൂര്‍ണമായും ശമിക്കില്ലെന്ന് മാത്രമല്ല, കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും, കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം മോശമാകുന്നതിനും കാരണമാകുകയും ചെയ്യും.

പ്രധാനമാണ് കുടലിന്റെ ആരോഗ്യം

നമ്മുടെ ദഹനപ്രക്രിയ, പോഷകങ്ങളുടെ ആഗിരണം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിലെല്ലാം കുടലിന്റെ ആരോഗ്യത്തില്‍ നിർണായക പങ്കുവഹിക്കുന്നു. രാവിലെ കഴിക്കുന്ന തെറ്റായ ഭക്ഷണങ്ങൾ കുടലിലെ ഉപകാരികളായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തകർക്കും. ഇത് ഗ്യാസ്, വയർ വീർക്കൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുടലിന്‍റെ ആരോഗ്യത്തിന് അനുയോജ്യമായ ചില പ്രഭാത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഓട്‌സ്‌മീൽ: ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം സുഗമമാക്കുന്നു.

പ്രോബയോട്ടിക് തൈരും പഴങ്ങളും: പഞ്ചസാര ചേർക്കാത്ത തൈരിൽ പഴങ്ങൾ ചേർത്ത് കഴിക്കുന്നത് കുടലിലെ ബാക്ടീരിയകൾക്ക് നല്ലതാണ്.

തവിടു കളയാത്ത ധാന്യങ്ങൾ: തവിടു കളയാത്ത ധാന്യങ്ങൾ കൊണ്ടുള്ള ബ്രെഡ് രാവിലെ കഴിക്കാം. ഇത് കൂടുതൽ പോഷകപ്രദമാണ്.

സ്മൂത്തികൾ: പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന സ്മൂത്തികൾ ഊർജ്ജം നൽകും.

നട്‌സും സീഡുകളും: കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നതിനായി നട്‌സുകളും വിത്തുകളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഇത്തരം ഭക്ഷണങ്ങൾ ദഹനത്തെ സഹായിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജ്ജം ദീർഘനേരം നിലനിർത്തുകയും ചെയ്യുന്നു.


TAGS :

Next Story