Quantcast

തണുപ്പ് കാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ

ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

MediaOne Logo

Web Desk

  • Published:

    14 Dec 2022 4:35 PM GMT

തണുപ്പ് കാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ ഈ ഭക്ഷണങ്ങൾ
X

തണുപ്പുകാലമല്ലേ..അന്തരീക്ഷ താപനില കുറഞ്ഞുവരികയാണ്. ശരീരത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ട സമയമാണ്. തണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പോര. ശരീരത്തിന്റെ ചൂട് നിലനിർത്താൻ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശൈത്യകാലത്തെ ചർമ സംരക്ഷണത്തിനും അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണൽ അണുബാധകൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

ശരീരത്തിന് ചൂട് നിലനിർത്താനും ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ

മുട്ട

ഏകദേശം 7 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകൾ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. മുതിർന്നവർക്ക് പ്രതിദിനം രണ്ട് മുട്ടകൾ വരെ കഴിക്കാം. മുട്ട കഴിച്ചുകഴിഞ്ഞാൽ വയറുനിറഞ്ഞതായി തോന്നുന്നതിനാൽ ഇത് അധിക കലോറി കുറയ്ക്കുന്നതിനും സഹായകമാണ്.

നിലക്കടല

ബേക്കറി പലഹാരങ്ങൾക്ക് പകരം പോഷകസമൃദമായ നിലക്കടല കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നിലക്കടല ഊർജ്ജത്തിന്റെ മികച്ച ഉറവിടമാണ്. നിലക്കടല നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് നല്ലതാകും.

മധുരക്കിഴങ്ങ്

ധാരാളം പോഷകങ്ങൾ അടങ്ങിയ കിഴങ്ങുകളിൽ ഒന്നാണ് മധുരക്കിഴങ്ങ്. പ്രത്യേക രുചി കാരണം മധുരക്കിഴങ്ങ് അധികമാർക്കും ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല. തണുപ്പുകാലത്ത് മാർക്കറ്റിൽ ഇത് സുലഭമായിരിക്കും. നാരുകൾ, വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയും ഇതിലൂടെ ലഭിക്കും.

മില്ലറ്റുകൾ

പുല്ലുവർഗത്തിൽ പെട്ട ധാന്യവിളകളാണ് ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ. ചാമയും തിനയും ചോളവും കൂവരകുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇവയിൽ വിവിധ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അടിസ്ഥാനപരമായി, ശൈത്യകാലത്ത് ലഭ്യമായ എല്ലാ ധാന്യവിളകളും നിങ്ങൾ കഴിക്കണം. ഏറ്റവും മികച്ച ശൈത്യകാല വിഭവമായ റാഗി ശരീരത്തിന് ആവശ്യമായ ഊഷ്മളത നൽകാൻ ഏറെ സഹായകമാണ്. ഇതിലെ അമിനോ ആസിഡിന്റെ ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പോഷക നാരുകൾ നിറഞ്ഞതിനാൽ റാഗി മികച്ച ദഹനത്തിനും സഹായിക്കും.

നട്ട്സ്

ശൈത്യകാലത്ത്, അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ സജീവമാക്കി ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കും. ബദാം, വാൽനട്ട് എന്നിവ ചീത്ത കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ബദാമിൽ വൈറ്റമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഈന്തപ്പഴം വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണത്തിൽ ഇവ ചേർക്കുന്നത് ശരീരത്തിൽ ഊർജം നിലനിർത്താൻ സഹായിക്കും.

TAGS :
Next Story