ഇടയ്ക്കിടെ കണ്ണ് തിരുമ്മാറുണ്ടോ?; ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കാഴ്ചയെ നശിപ്പിച്ചേക്കാം
മൊബൈല്‍ ഉപയോഗം വല്ലാതെ കൂടുന്നത് മാത്രമാണ് കണ്ണുകളുടെ ആരോഗ്യത്തെ നശിപ്പിക്കുക എന്നാണ് എല്ലാവരുടെയും ധാരണ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അത്രതന്നെ ലോലവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകൾ. ചുറ്റുമുള്ള കാഴ്ചകളെ കാണാനും അതുവഴി ലോകത്തെ കാണാനും ഇവ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കണ്ണുകളെ നമ്മൾ വേണ്ട രീതിയിൽ സംരക്ഷിക്കുന്നുണ്ടോ എന്നത് വലിയൊരു ചോദ്യമാണ്. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും പുതിയ കാലത്തെ പല ശീലങ്ങളും നമ്മുടെ കണ്ണുകളെ വലിയ രീതിയിലുള്ള സമ്മര്‍ദത്തിന് ഇരയാക്കാറുണ്ട്.
നിസ്സാരമെന്ന് തോന്നുന്ന പല ദൈനംദിന ശീലങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ കാഴ്ചയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൊബൈല്‍ ഉപയോഗം വല്ലാതെ കൂടുന്നത് മാത്രമാണ് കണ്ണുകളുടെ ആരോഗ്യത്തെ നശിപ്പിക്കുക എന്നാണ് പൊതുവെ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്. ഫോണ്‍ അമിതമായി കാണുന്ന കുട്ടികളോട് മിക്ക അമ്മമാരും പറയുക, നിന്‍റെ കണ്ണ് കേടുവരുമെന്നാണ്. എന്നാല്‍ അമിതമായ സ്ക്രീന്‍ ടൈം മാത്രമല്ല, കണ്ണുകൾ തിരുമ്മുന്നത് മുതൽ വെള്ളം കുടിക്കുന്നതിൽ വരുത്തുന്ന കുറവ് കണ്ണുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും കാലക്രമേണ ഇതിന്‍റെ ആഘാതം കൂടുതലായിരിക്കുമെന്ന് നേത്രരോഗവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന എട്ട് ദൈനംദിന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
അമിതമായ സ്ക്രീൻ ഉപയോഗം
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കുക പ്രായോഗികമല്ല. എന്നാൽ, ദീർഘനേരം സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് 'ഡിജിറ്റൽ ഐ സ്ട്രെയിൻ' (Digital Eye Strain) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് കണ്ണ് വരണ്ടുപോകുക, കാഴ്ച മങ്ങുക, തലവേദന എന്നിവയിലേക്ക് നയിക്കാം. കൂടാതെ, സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം നിങ്ങളുടെ ഉറക്കത്തെയും തടസപ്പെടുത്തുന്നു.
സൺഗ്ലാസുകൾ ഉപയോഗിക്കാതിരിക്കുന്നത്
സൺഗ്ലാസുകൾ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാതിരിക്കുന്നത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമാകും. വെയിൽ ഏൽക്കുന്നത് തിമിരം , മാക്യുലാർ ഡീജനറേഷൻ (കാഴ്ചശക്തി ക്രമേണ കുറയുന്ന അവസ്ഥ), കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് പുറത്തിറങ്ങുന്ന സമയത്ത് സണ്‍ഗ്ലാസുകള്‍ ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
കണ്ണ് തുടർച്ചയായി തിരുമ്മുന്നത്
കണ്ണിന് ക്ഷീണമോ അസ്വസ്ഥതയോ തോന്നുമ്പോൾ ഒട്ടുമിക്ക പേരും കണ്ണ് തിരുമ്മാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്ന് നേത്രരോഗവിദഗ്ധനായ ഡോ. ചിലുകുരി ശരത് ബാബു പറയുന്നു. കണ്ണുകള്‍ തിരുമ്മുന്ന സമയത്ത് നമ്മുടെ കൈകളിലുണ്ടാകുന്ന ബാക്ടീരിയകളും അഴുക്കും കണ്ണിലെത്താനും അതുവഴി അണുബാധയുണ്ടാക്കാനും കാരണമാകുന്നു. തുടര്‍ച്ചയായി അമര്‍ത്തി തിരുമ്മുന്നത് കണ്ണിന്‍റെ സുതാര്യമായ മുന്‍ഭാഗമായ കോര്‍ണിയയെ തകരാറിലാക്കിയേക്കാം. കൂടാതെ ഇത് കോർണിയയുടെ ആകൃതി മാറുന്ന 'കെരാട്ടോക്കോണസ്' എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
കോൺടാക്റ്റ് ലെൻസുകളുടെ ഉപയോഗം
കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിച്ചില്ലെങ്കിൽ അത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കൃത്യമായി വൃത്തിയാക്കാത്ത ലെൻസുകളും അഴുക്കുപുരണ്ട സൊല്യൂഷനുകളും അണുബാധയ്ക്കും 'മൈക്രോബിയൽ കെരാറ്റൈറ്റിസ്' പോലെയുള്ള രോഗങ്ങൾക്കും കാരണമാകുന്നു. കാലാവധി കഴിഞ്ഞ ലെൻസുകൾ ധരിക്കുന്നത് കോർണിയയിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കുകയും കണ്ണിൽ വരൾച്ചയും ചൊറിച്ചിലും ഉണ്ടാക്കുകയും ചെയ്യുന്നു.
കൃത്യമായ ഇടവേളകളില്‍ നേത്രപരിശോധന നടത്താതിരിക്കുന്നത്
കണ്ണുകള്‍ക്ക് എന്തെങ്കിലും അസുഖമോ അസ്വസ്ഥതയോ അനുഭവപ്പെടുന്ന സമയത്ത് മാത്രമാണ് പലരും ഡോക്ടറെ കാണുന്നതും പരിശോധന നടത്തുന്നത്. എന്നാല്‍ കണ്ണിനെ ബാധിക്കുന്ന പല രോഗങ്ങളും പതിവായുള്ള പരിശോധനകള്‍ നടത്താതിരിക്കാത്തത് കൊണ്ടുമാത്രം കണ്ടുപിടിക്കാതെ പോകുകയും ചെയ്യും. തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്ത ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, മാക്യുലാർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങൾ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അതിന് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് മാത്രം. പരിശോധനകൾ വൈകുന്നത് കൃത്യസമയത്തുള്ള ചികിത്സ ലഭിക്കാതിരിക്കാനും കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കാനും കാരണമാകും.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
ശരീരത്തിൽ ജലാംശം കുറയുന്നത് കണ്ണ് വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും കാഴ്ച മങ്ങുന്നതിനും ഇടയാക്കും. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ കണ്ണീരിന്റെ ഉത്പാദനം കുറയുകയും ഇത് കണ്ണുകളിൽ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു. കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
ഉറക്കക്കുറവ്
ശരീരത്തെപ്പോലെ തന്നെ കണ്ണുകൾക്കും വിശ്രമം ആവശ്യമാണ്. ഉറക്കത്തിലാണ് കണ്ണുകൾക്ക് ആവശ്യമായ ഈർപ്പം വീണ്ടെടുക്കുന്നതും അവ പുനരുജ്ജീവിപ്പിക്കപ്പെടുന്നതും. സ്ഥിരമായ ഉറക്കക്കുറവ് കണ്ണ് വരൾച്ച, കണ്ണിന് അമിതക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.
പോഷകാഹാരക്കുറവ്
ആവശ്യമായ പോഷകങ്ങളുടെ അഭാവം കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കാഴ്ചശക്തി കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ,സി,ഇ എന്നിവയും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണത്തിന്റെ കുറവ് റെറ്റിനയുടെ ആരോഗ്യത്തെ ബാധിക്കും. നല്ല കാഴ്ചശക്തി നിലനിർത്താൻ സമീകൃതാഹാരം ശീലമാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
ചുരുക്കത്തില്‍ നമ്മുടെ കാഴ്ചയെ ബാധിക്കുന്നത് ഏതെങ്കിലും ഒരു കാര്യം മാത്രമല്ല. മറിച്ച് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം ദൈനംദിന ശീലങ്ങളും കൂടിയാണെന്ന് മറക്കാതിരിക്കുക. കാഴ്ചശക്തി സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മുൻകരുതൽ എടുക്കുക എന്നത് തന്നെയാണ്. കൃത്യമായ നേത്രപരിശോധന, വൃത്തി, പോഷകാഹാരം, ആവശ്യത്തിന് വെള്ളം, മതിയായ ഉറക്കം തുടങ്ങിയ ലളിതമായ കാര്യങ്ങളിലൂടെ കണ്ണുകളുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ നേത്ര ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകുക എന്നതും വളരെ പ്രധാനമാണ്.
Adjust Story Font
16

