ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? അടുക്കളയിലെ ചെറിയ അശ്രദ്ധ ജീവൻ അപകടത്തിലാക്കിയേക്കാം
നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്ന ചില 'ചെറിയ' കാര്യങ്ങൾ പോലും ഭക്ഷ്യ വിഷബാധയ്ക്ക് വഴിവെക്കുന്നുണ്ടെങ്കിലോ? ചെറിയ തെറ്റുകൾ എങ്ങനെയാണ് നമ്മെ രോഗികളാക്കുന്നതെന്നും, ഈ അപകടങ്ങളെ എങ്ങനെ അകറ്റി നിർത്താമെന്നും മനസിലാക്കാം

ഒട്ടുമിക്കയാളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള അവസ്ഥയാണ് ഫുഡ് പോയ്സണിങ് അഥവാ ഭക്ഷ്യ വിഷബാധ. ഭക്ഷ്യ വിഷബാധ തടയുന്നതിനായി കൃത്യമായി കൈകഴുകുക, പച്ചമാംസം മുറിക്കുന്നതിനായി പ്രത്യേക ചോപ്പിങ് ബോർഡ് ഉപയോഗിക്കുക, പച്ചക്കറികൾ കൃത്യമായി കഴുകുക, തുടങ്ങിയ അടിസ്ഥാന ശുചിത്വ കാര്യങ്ങൾ നമ്മൊളൊക്കെയും ശ്രദ്ധിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയെക്കുറിച്ച് നമുക്ക് എല്ലാം അറിയാമെന്നും സ്വന്തം അടുക്കളയിൽ നമ്മൾ സുരക്ഷിതരാണെന്നും പലരും കരുതുന്നു.
എന്നാൽ ഒരു നിമിഷം! നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്ന ചില 'ചെറിയ' കാര്യങ്ങൾ പോലും ഭക്ഷ്യ വിഷബാധയ്ക്ക് വഴിവെക്കുന്നുണ്ടെങ്കിലോ? തിരക്കിൽ റീ-ഹീറ്റ് ചെയ്ത ചോറ് പുറത്ത് വെക്കുന്നത് പോലുള്ള നിസ്സാരമായ അടുക്കള ശീലങ്ങൾ, നമ്മുടെ ആരോഗ്യത്തിന് നിശബ്ദ ഭീഷണിയുയർത്തുന്ന ബാക്ടീരിയകൾക്ക് വളരാൻ അവസരം നൽകുന്നു. ഈ ചെറിയ തെറ്റുകൾ എങ്ങനെയാണ് നമ്മെ രോഗികളാക്കുന്നതെന്നും, ഈ അപകടങ്ങളെ എങ്ങനെ അകറ്റി നിർത്താമെന്നും നമുക്ക് മനസിലാക്കാം.
അപകടകരമായ ബാക്ടീരിയകളോ വൈറസുകളോ വിഷവസ്തുക്കളോ കലർന്ന ഭക്ഷണം ശരീരത്തിൽ പ്രവേശിക്കുമ്പോളാണ് ഫുഡ് പോയ്‌സണിംഗ് ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ ഓരോ രോഗാണുവിനും അനുസരിച്ച് വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, വീണ്ടും ചൂടാക്കിയ ചോറിൽ കാണാൻ സാധ്യതയുള്ള 'ബാസിലസ് സെറിയസ്' (Bacillus cereus) എന്ന ബാക്ടീരിയ, ഭക്ഷണം കഴിക്കുന്നതിന് മമ്പ് തന്നെ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയും, മണിക്കൂറുകൾക്കുള്ളിൽ പെട്ടെന്നുള്ള ഛർദ്ദിക്ക് കാരണമാവുകയും ചെയ്യാം.
എന്നാൽ കോഴിയിറച്ചിയിൽ സാധാരണയായി കാണുന്ന 'ക്യാമ്പിലോബാക്റ്റർ ജെജുനി' (Campylobacter jejuni) പോലുള്ള ബാക്ടീരിയകൾ കുടലിന്റെ ആവരണത്തിലൂടെ തുളച്ചുകയറി വയറിലെ വീക്കത്തിനും വയറിളക്കത്തിനും കാരണമാവുന്നത് മറ്റൊരു രീതിയിലാണ്. രോഗാണുക്കൾ തമ്മിലുള്ള ഈ വ്യത്യാസം കാരണം, വയറിലെ അസുഖങ്ങൾക്ക് ഡോക്ടർമാർ സാധാരണയായി ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കാറില്ല, ചിലപ്പോൾ അവ രോഗം കൂടുതൽ വഷളാക്കാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കാൻ നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പച്ചക്കറി, മത്സ്യമാംസ ഉത്പന്നങ്ങൾ എന്നിവ അടുക്കളയിൽ ഒന്നിച്ച് സൂക്ഷിക്കുന്നത് ക്രോസ്-കണ്ടാമിനേഷന് വഴിയൊരുക്കും. അതുപോലെ, പകുതി മാത്രം വേവിച്ച ബർഗറുകൾ പോലുള്ള മാംസാഹാരങ്ങൾ കഴിക്കുന്നത് അപകടകരമാണ്, കാരണം കഷണങ്ങളാക്കിയ മാംസത്തിന്റെ (Mince) എല്ലാ ഭാഗത്തും ബാക്ടീരിയകൾ ഉണ്ടാവാം.
പച്ചമാംസം മറ്റ് ഭക്ഷണങ്ങളിൽ നിന്ന് അകറ്റി നിർത്തുക, പാചകം ചെയ്ത ഭക്ഷണം വേഗത്തിൽ തണുപ്പിക്കുക, ബാക്കിവന്ന ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വെക്കുക, ഭക്ഷണം ശരിയായി വേവിക്കുക എന്നിവയെല്ലാം സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ്.
ചെറിയ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റാലും നമ്മുടെ പ്രതിരോധശേഷിയുടെ കരുത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുണ്ട്. എന്നാൽ ഈ സമയത്ത് ഉണ്ടാകുന്ന നിർജലീകരണം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. അതുപോലെ, അപൂർവ്വമാണെങ്കിൽ പോലും, ഗുരുതരമായ അണുബാധകൾ സെപ്സിസ് പോലുള്ള അവസ്ഥകളിലേക്കും, ദീർഘകാലത്തേക്ക് പോസ്റ്റ്-ഇൻഫെക്റ്റീവ് ഐബിഎസ് പോലുള്ള പ്രശ്നങ്ങളിലേക്കും നയിക്കാം.
ഓർക്കുക, നമ്മുടെ അടുക്കളയിലെ ചെറിയ ശ്രദ്ധക്കുറവാണ് പലപ്പോഴും ഈ രോഗങ്ങൾക്കുള്ള വാതിൽ തുറക്കുന്നത്. അതുകൊണ്ട്, ഭക്ഷണം തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വൃത്തിയിലും സമയത്തിലും ശ്രദ്ധിച്ചാൽ ഈ നിശബ്ദ ഭീഷണിയെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താനാകും. ആരോഗ്യകരമായ അടുക്കള, ആരോഗ്യകരമായ ജീവിതത്തിന്!
Adjust Story Font
16

