Quantcast

വില്ലനാവുന്ന ജീവിതശൈലി രോ​ഗങ്ങൾ; മുതിർന്നവർ ഈ രോ​ഗലക്ഷണങ്ങൾ തള്ളിക്കളയരുത്

മുതിർന്നവർ കൃത്യമായി പിന്തുടരേണ്ട പരിശോധനകൾ

MediaOne Logo
വില്ലനാവുന്ന ജീവിതശൈലി രോ​ഗങ്ങൾ; മുതിർന്നവർ ഈ രോ​ഗലക്ഷണങ്ങൾ തള്ളിക്കളയരുത്
X

വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാതെ ശരീരത്തെ പതുക്കെ കീഴടക്കുന്ന ഇത്തരം രോ​ഗങ്ങൾ കൂടുതലും കണ്ടുവരുന്നത് മുതിർന്നവരിലാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ്, വിറ്റാമിൻ കുറവുകൾ എന്നിവ ഇന്ന് സർവസാധാരണയാണ്. രോ​ഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ ശ്രദ്ധിക്കാതിരിക്കുന്നതുമൂലം രോ​ഗാവസ്ഥ മൂർച്ഛിക്കുന്ന അവസ്ഥയാണ് പലരിലും കണ്ടുവരുന്നത്.

ശാരീരിക ബുദ്ധിമുട്ടുകളില്ലെങ്കിൽ തങ്ങൾ ആരോ​ഗ്യവാന്മാരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ പിന്നീട് രോ​ഗം തിരിച്ചറിയുന്നതിന് മുമ്പേ തന്നെ ഹൃദയം, വ്യക്കകൾ എന്നിവയെ ​ഗുരുതരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ടാവും. ഈ അവസരത്തിൽ മുതിർന്നവർ നിർബന്ധമായും അഞ്ച് പ്രധാനപ്പെട്ട ആരോ​ഗ്യ പരിശോധനകൾ കൃത്യമായി പിന്തുടർന്നിരിക്കണം. ഇത്തരത്തിൽ പിന്തുടരേണ്ട ആരോ​ഗ്യപരിശോധനകളെക്കുറിച്ച് വ്യക്തമാക്കുകയാണ് പബ്ലിക് ഹെൽത്ത് അനലിസ്റ്റായ ഡോ. സമീർ ഭാട്ടി.

രക്ത സമ്മർദമെന്ന സൈലന്റ് കില്ലർ

ഉയർന്ന രക്ത സമ്മർദം പൊതുവെ അറിയപ്പെടുന്നത് സൈലന്റ് കില്ലറെന്നാണ്, കാരണം രോ​ഗം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താൻ വർഷങ്ങൾ കഴിയും. രോ​ഗിക്ക് കാര്യമായ രോ​ഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകില്ല. രോ​ഗം കണ്ടെത്തി പെട്ടന്ന് ചികിത്സിച്ചില്ലെങ്കിൽ പതിയെ ഉയർന്ന രക്തസമ്മർദം ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ, കാഴ്ചശക്തി കുറയൽ തുടങ്ങിയ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വ്യായാമം ഇല്ലാതിരിക്കുക, അമിത വണ്ണം, ശരിയല്ലാത്ത ഭക്ഷണരീതി തുടങ്ങിയവ രക്ത സമ്മർദത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. എന്നാൽ, കൃത്യമായ പരിശോധനയും ചിട്ടയായ ജീവിതരീതിയും രോ​ഗത്തെ അകറ്റാൻ സാഹായിക്കും. വ്യായാമത്തിലൂടെ ശരീര ഭാരം കുറയ്ക്കുക, മാനസിക സമ്മർദം കുറയ്ക്കുക ശരിയായ സമയത്ത് ചികിത്സ തേടുക തുടങ്ങിയവയിലൂടെ ഈ ജീവിതശൈലി രോ​ഗത്തെ അകറ്റാം.

പ്രമേഹത്തെ നേരത്തെ കണ്ടെത്താം

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് വരുന്ന ജീവിതശൈലി രോ​ഗങ്ങളിലൊന്നാണ് പ്രമേഹം. പക്ഷേ കൂടുതൽ പേരും നിസാരമായാണ് ഈ രോ​ഗത്തെ കാണുന്നത്. പ്രമേഹം കാലക്രമേണ ഹൃദയം, വൃക്കകൾ, ഞരമ്പുകൾ, കണ്ണുകൾ, രക്തക്കുഴലുകൾ എന്നിവയെ തകരാറിലാക്കിയേക്കാം. ആദ്യമേ പ്രമേഹമുള്ളവർ, അമിതവണ്ണമുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ എന്നിവർ നിർബന്ധമായും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.

വില്ലനാവുന്ന ഹൃദയ സംബന്ധ രോ​ഗങ്ങൾ

മരണത്തിലേക്ക് നയിക്കുന്ന പ്രധാന രോ​ഗങ്ങളിലൊന്നാണ് ഹൃദയ സംബന്ധ രോ​ഗങ്ങൾ. ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവർക്ക് പ്രാരംഭഘട്ടത്തിൽ കാര്യമായ രോ​ഗലക്ഷണങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ, കൃത്യമായ പരിശോധനകൾ അത്യാവശ്യമാണ്. പ്രമേഹം, അമിതവണ്ണം, പുകവലി മുതലായവയുള്ളവർ നിർബന്ധമായും കൃത്യമായ ഇടവേളകളിൽ ആവശ്യമായ ചെക്കപ്പുകൾ നടത്തിയിരിക്കണം.

ഈ വിറ്റാമിനുകൾ കുറയുന്നത് ശ്രദ്ധിക്കണം

വിറ്റാമിൻ ഡി, വിറ്റാമിൻ B12 മുതലായവയുടെ കുറവ് ഇന്ന് കൂടുതൽ പേരിലും കണ്ടുവരാറുണ്ട്. കൂടുതലായും ബാധിക്കുന്നത് ന​ഗരമേഖലകളിൽ ജീവിക്കുന്നവരിലാണ്. സൂര്യപ്രകാശം ഏൽക്കാത്തത്, ദഹനസംബന്ധമായ തകരാറുകൾ എന്നിവ രോ​ഗത്തിന് കാരണമാകാം. ഊർജമില്ലായ്മ, പേശികൾക്ക് ബലമില്ലാതിരിക്കുക, രോഗപ്രതിരോധ ശേഷി കുറയൽ കൈകാലുകളുടെ തരിപ്പ് മുതലായവ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാ​ഗമായുള്ള തളർച്ചയായി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ പലരും അവ അവ​ഗണിക്കുന്നതാണ് കൂടുതലായും കണ്ടുവരാറുള്ളതെന്ന് ഡോ. സമീർ ഭാട്ടി വ്യക്തമാക്കുന്നു.

നിയന്ത്രിക്കാൻ സാധിക്കുന്ന രോ​ഗങ്ങളെ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിൽ കൃത്യമായ കാലയളവിലുള്ള പരിശോധനകൾ പ്രധാനമാണ്. മേൽപ്പറഞ്ഞ ജീവിതശൈലി രോ​ഗങ്ങൾ നേരത്തെ കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതിലൂടെ ഭാവിയിലെ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്നും ഡോ. സമീർ ഭാട്ടി കൂട്ടിച്ചേർക്കുന്നു.

TAGS :
Next Story