Quantcast

വൃക്കയെ കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി പുറന്തള്ളുകയുമൊക്കെയാണ് വൃക്കയുടെ പ്രധാന ജോലികള്‍

MediaOne Logo

Web Desk

  • Updated:

    2023-03-20 15:52:22.0

Published:

20 March 2023 2:42 PM GMT

വൃക്കയെ കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...
X

ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് വൃക്ക. രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി പുറന്തള്ളുകയുമൊക്കെയാണ് വൃക്കയുടെ പ്രധാന ജോലികള്‍. കൂടാതെ രക്തസമ്മർദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളെ നിർമ്മിക്കുകയും ശരീരത്തിലെ പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുക തുടങ്ങി മറ്റ് പല ഉത്തരവാദിത്തങ്ങളും വൃക്കക്കുണ്ട്.

വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്. നിങ്ങളുടെ വൃക്കയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ.

1.വ്യായാമം

ദിവസേനയുള്ള വ്യായാമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണപ്രദമാണ്. വൃക്കരോഗ സാധ്യതയേയും ഇതിലൂടെ കുറക്കാം. ദിവസേനയുള്ള വ്യായാമം രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് വൃക്കയുടെ തകരാറുകള്‍ തടയുന്നതിന് പ്രധാനമാണ്. രാവിലെയും വൈകുന്നേരവും ഉള്ള നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവയും നിങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

പ്രമേഹരോഗികള്‍ക്ക് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ , രക്തം ശുദ്ധീകരിക്കാൻ വൃക്കകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. വർഷങ്ങളോളം ഇത് തുടരുകയാണെങ്കിൽ നിങ്ങളുടെ ജീവന് തന്നെ അത് ഭീഷണിയായേക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയാണെങ്കിൽ ഈ അപകടത്തെ ഒഴിവാക്കാൻ സാധിക്കും.

3. രക്തസമ്മർദം നിരീക്ഷിക്കുക

ഉയർന്ന രക്തസമ്മർദം വൃക്ക തകരാറിലാകാൻ കാരണമാകും. പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഉയർന്ന രക്തസമ്മർദവുമുണ്ടെങ്കിൽ വലിയ ആഘാതമായിരിക്കും നിങ്ങള്‍ക്ക് നേരിടേണ്ടി വരിക. സാധാരണ വ്യക്തിയുടെ രക്തസമ്മർദം 120/80 ആണ്.

ജീവിതശൈലിയും ഭക്ഷണക്രമവും നിയന്ത്രിക്കുന്നതിലൂടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം. നിങ്ങളുടെ രക്തസമ്മർദം സ്ഥിരമായി 140/90 ന് മുകളിലാണെങ്കിൽ ഉയർന്ന രക്തസമ്മർദമുള്ള ആളാണ് നിങ്ങളെന്ന് മനസിലാക്കുക. എങ്കിൽ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും, മരുന്നുകൾ കഴിക്കുന്നതിനെക്കുറിച്ചും ഒരു ഡോക്ടറുടെ ഉപദേശം തേടുക.

4. ശരീരഭാരം നിയന്ത്രിക്കുക

അമിതവണ്ണമുള്ള വ്യക്തികളിൽ വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ അമിതഭാരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വൃക്കക്ക് ദോഷകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കോളിഫ്‌ളവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ,ചീര എന്നിവ കൂടുതലായി കഴിക്കുകയും ചെയ്യുക.

5. വെള്ളം കുടിക്കുക

സ്ഥിരമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകൾക്ക് ആരോഗ്യകരമാണ്. നിങ്ങളുടെ വൃക്കയിൽ നിന്ന് സോഡിയവും ടോക്‌സിനുകളും നീക്കം ചെയ്യാൻ വെള്ളം സഹായിക്കുന്നു. ഇത് വൃക്കരോഗ സാധ്യത കുറയ്ക്കുന്നു.

ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ കുടിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് എത്ര വെള്ളം ആവശ്യമാണ് എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, വ്യായാമം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം, നിങ്ങൾ ഗർഭിണിയാണോ മുലയൂട്ടുന്ന ആളാണോ എന്നതുപോലുള്ള ഘടകങ്ങൾ നിങ്ങളുടെ ദൈനംദിന ജല ഉപഭോഗത്തെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. മുമ്പ് മൂത്രത്തിൽ കല്ലുള്ളവർ കുറച്ച് അധികം വെള്ളം കുടിക്കുന്നത് ഭാവിയിൽ കല്ല് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.

6. പുകവലിക്കരുത്

പുകവലി നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിലുടനീളം വൃക്കകളിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു. പുകവലി നിങ്ങളുടെ വൃക്കകളെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

7. അനാവശ്യമായി മരുന്നുകള്‍ കഴിക്കാതിരിക്കുക

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് കഴിക്കുന്ന ആളുകള്‍ക്ക് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് വേദനസംഹാരികള്‍ പതിവായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും.

നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ പറയുന്നതനുസരിച്ച് വേദനക്കുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ 10 ദിവസത്തിൽ കൂടുതലോ, പനിക്കുള്ള ഗുളികകള്‍ മൂന്ന് ദിവസത്തിലധികമോ കഴിക്കാൻ പാടില്ല. ദിവസവും എട്ടിലധികം ആസ്പിരിൻ ഗുളികകൾ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.

8. വൃക്കയുടെ പ്രവർത്തനക്ഷമത പരിശോധിക്കുക

വൃക്ക തകരാറോ വൃക്കരോഗമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ വൃക്കകളുടെ പ്രവർത്തന പരിശോധന നടത്തുന്നത് നല്ലതാണ്.

. 60 വയസ്സിനു മുകളിലുള്ള ആളുകൾ

. കുറഞ്ഞ തൂക്കത്തിൽ ജനിച്ച ആളുകൾ

. ഹൃദയ സംബന്ധമായ അസുഖമുള്ള ആളുകൾ

. പാരമ്പര്യമായി ഉയർന്ന രക്തസമ്മർദം ഉള്ള ആളുകൾ

. അമിതവണ്ണമുള്ള ആളുകൾ

എന്നിവർ വൃക്ക പരിശോധിക്കുന്നത് നല്ലതാണ്.

TAGS :

Next Story