Quantcast

ചോദിക്കാനും പറയാനും പറയാനും ആരുമില്ലേ? നിങ്ങൾ സിം​ഗിളാണോ?; മാനസികാരോ​ഗ്യത്തെ ബാധിക്കുമെന്ന് പഠനം

ഇരുപതുകളുടെ അവസാനം വരെ പങ്കാളിയെ കണ്ടെത്താത്തവർക്ക് ജീവിതത്തോടുള്ള സംതൃപ്തി കുറവായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു

MediaOne Logo

ഹെൽത്ത് ഡെസ്ക്

  • Updated:

    2026-04-04 07:00:15.0

Published:

4 April 2026 12:22 PM IST

ചോദിക്കാനും പറയാനും പറയാനും ആരുമില്ലേ? നിങ്ങൾ സിം​ഗിളാണോ?; മാനസികാരോ​ഗ്യത്തെ ബാധിക്കുമെന്ന് പഠനം
X

നിങ്ങൾ സിം​ഗിളാണോ? സിം​ഗിൾ ലൈഫ് മാസാണെന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് മനോഹരമെന്നും ചുറ്റുമുള്ളവരോട് പറഞ്ഞ് നടക്കാറുണ്ടോ? പ്രണയബന്ധങ്ങളുണ്ടാകുന്നതും, വിവാഹം കഴിക്കുന്നതുമെല്ലാം തീർച്ചയായും വ്യക്തികളുടെ സ്വാതന്ത്ര്യവും തീരുമാനങ്ങളുമാണ്. സാഹചര്യങ്ങൾ കാരണവും സ്വന്തം ഇഷ്ടപ്രകാരവും ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുന്നവരുണ്ട്. സോളോ​ഗമിയെന്നും, സോളോ ലിവിങ് എന്നൊക്കെയുള്ള പല ആശയങ്ങളും ഇന്ന് നിലവിലുണ്ട്. എന്നാൽ ദീർഘകാലം സിംഗിൾ ആയി തുടരുന്നത് മാനസികാരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇരുപതുകളുടെ അവസാനം വരെ പങ്കാളിയെ കണ്ടെത്താത്തവർക്ക് ജീവിതത്തോടുള്ള സംതൃപ്തി കുറവായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പങ്കാളിയുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൂട്ടരിൽ സന്തോഷം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജർമ്മനിയിലും യുകെയിലുമായി പതിനേഴായിരത്തോളം യുവാക്കളെ 13 വർഷം നിരീക്ഷിച്ചതിനൊടുവിലാണ് ഗവേഷകർ ഇത്തരമൊരു നി​ഗമനത്തിലെത്തിയത്.

കൗമാരപ്രായത്തിൽ സിംഗിൾ ആയിരിക്കുന്നത് മാനസികമായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ആ പ്രായത്തിൽ സൗഹൃദങ്ങൾക്കും പഠനത്തിനുമാണ് മുൻഗണന. എന്നാൽ മുപ്പതുകളിലേക്ക് അടുക്കുമ്പോൾ സാഹചര്യം മാറുന്നു. കൂട്ടുകാരും സഹപ്രവർത്തകരും വിവാഹബന്ധങ്ങളോ പ്രണയബന്ധങ്ങളോ സ്വീകരിക്കുന്നതോടെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ പലരെയും തളർത്തുന്നുണ്ട്. ഇത് ക്രമേണ കടുത്ത വിഷാദത്തിലേക്കോ മാനസിക സമ്മർദത്തിലേക്കോ നയിക്കാൻ കാരണമാകും. മാനസിക വിഷമങ്ങൾ പങ്കുവെക്കാൻ ഒരാളില്ലാത്ത അവസ്ഥ വൈകാരികമായ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്.

പഠനമനുസരിച്ച് ആൺകുട്ടികളിലാണ് ഈ പ്രവണത കൂടുതൽ പ്രകടമായി കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവരിലും മാതാപിതാക്കളോടൊപ്പം കഴിയുന്നവരുമാണ് സിം​ഗിളായിരിക്കുന്നതിൽ കൂടുതൽ പേരും. സാമൂഹികമായ ഇടപെടലുകൾ കുറയുന്നതും വൈകാരികമായ അടുപ്പങ്ങൾ ഇല്ലാത്തതും ഇവരെ പെട്ടെന്ന് ഏകാന്തതയിലേക്ക് തള്ളിവിടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഈ മാനസിക വ്യതിയാനങ്ങൾ സംഭവിക്കാം. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം സാഹചര്യങ്ങൾ മൂലം ഒറ്റപ്പെട്ടുപോകുന്നവർക്കാണ് ഇത് കൂടുതൽ പ്രയാസമുണ്ടാക്കുന്നത്.

ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണ്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ഈ ജീവിതരീതി മനസ്സിനെ ബാധിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്. ദീർഘകാലം ഒറ്റയ്ക്ക് കഴിയുമ്പോൾ സാമൂഹികമായ ഇടപെടലുകളിൽ നിന്ന് നാം പിന്നോട്ട് പോയേക്കാം. ഇത് ക്രമേണ മറ്റുള്ളവരുമായി ഇടപഴകാനുള്ള പേടിയായി മാറിയേക്കാം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ കൂടെയുണ്ടാകുന്നത് മാനസികമായ വലിയൊരു കരുത്താണ്.

എങ്കിലും സിംഗിൾ ആയിരിക്കുന്നത് ഒരു മോശം കാര്യമാണെന്ന് ഇതിനർഥമില്ല. തനിച്ചാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന ഒട്ടനവധി പേരുണ്ട്. അവർക്ക് ചുറ്റും ശക്തമായ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടായിരിക്കും. ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുമ്പോഴും അത് നമ്മെ ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. നല്ല ഹോബികൾ കണ്ടെത്തുക, യാത്രകൾ ചെയ്യുക, പ്രിയപ്പെട്ടവരോട് സംസാരിക്കുക എന്നിവയെല്ലാം പ്രധാനമാണ്.

ശരിയായ മാനസിക പിന്തുണയും നല്ല സൗഹൃദങ്ങളും ഉണ്ടെങ്കിൽ ഈ ഏകാന്തതയെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കും. മനസ്സിന്റെ സന്തോഷമാണ് പ്രധാനം. അത് ഒരാളോടൊപ്പം ജീവിച്ചാണോ അതോ തനിച്ചാണോ എന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ച് മാറിയേക്കാം. ശരിയായ മാനസിക പിന്തുണ ഉണ്ടെങ്കിൽ ഒറ്റയ്ക്കുള്ള ജീവിതവും ആസ്വാദ്യകരമാക്കാം. എന്നാൽ സാമൂഹികമായ ഒറ്റപ്പെടൽ ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

TAGS :

Next Story