Quantcast

എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ലേ?; നിങ്ങൾ വരുത്തുന്ന ഈ പിഴവുകൾ കാരണമാകാം!

വ്യായാമമെന്ന രീതിയിൽ ശരിയായ ക്രമം പാലിക്കാതെ നടക്കുന്നത് കൊണ്ടാണ് പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകുന്നത്

MediaOne Logo
എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ലേ?; നിങ്ങൾ വരുത്തുന്ന ഈ പിഴവുകൾ കാരണമാകാം!
X

വണ്ണം കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും പലരും തെരഞ്ഞെടുക്കുന്ന ഏറ്റവും ലളിതവും ചെലവില്ലാത്തതുമായ വ്യായാമമാണ് നടത്തം. അതുകൊണ്ടുതന്നെ ആരോഗ്യവിദഗ്ധരും നടത്തം സജീവമായി ശിപാർശ ചെയ്യാറുണ്ട്. എന്നാൽ, "എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ല" എന്ന് പരാതി പറയുന്നവർ നിരവധിയാണ്. വ്യായാമമെന്ന രീതിയിൽ ശരിയായ ക്രമം പാലിക്കാതെ നടക്കുന്നത് കൊണ്ടാണ് പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകുന്നത്. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കുന്ന ചില പ്രധാന പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം...

വളരെ സാവധാനത്തിലുള്ള നടത്തം

നമ്മൾ സാധാരണമായി പതുക്കെ നടക്കുന്ന സമയത്ത് അത് നമ്മെ ക്ഷീണിപ്പിക്കുകയല്ലാതെ നമ്മുടെ ശരീരത്തിലെ കലോറി എരിച്ചു കളയാൻ സഹായിക്കില്ല.പക്ഷേ ആളുകൾ അതുകൊണ്ട് എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ലന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള 'ബ്രിസ്ക് വാക്കിങ്'അഥവാ വേഗത്തിലുള്ള നടത്തം തന്നെ ശീലിക്കണം. മിനിറ്റിൽ 100 മുതൽ 120 വരെ ചുവടുകൾ വെക്കാൻ ശ്രദ്ധിക്കുക. നടക്കുമ്പോൾ സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിലും നേരിയ രീതിയിൽ ശ്വാസം അനുഭവപ്പെടുന്ന നിലയാകണം യഥാര്‍ഥ വേഗത എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതീവ സാവധാനത്തിൽ നടക്കുന്നത് ശരീരത്തിലെ കാലറി കളയുന്നത് കുറക്കുകയും പ്രതീക്ഷിച്ച ഗുണം ലഭിക്കാതിരിക്കാൻ അത് കാരണമാകുകയും ചെയ്യും.

ശ്രദ്ധക്കുറവും അസ്ഥിരതയും

നടക്കുന്ന സമയത്ത് പൂർണ്ണമായും അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോണിൽ നോക്കി പതുക്കെ നടക്കുക, ഇടയ്ക്കിടെ നിർത്തി വിശ്രമിക്കുക, വളരെ കുറഞ്ഞ ദൂരം മാത്രം നടക്കുക എന്നിവ വ്യായാമത്തിന്റെ ഫലം ഇല്ലാതാക്കും. ആഴ്ചയിലൊരിക്കൽ കൂടുതൽ ദൂരം നടക്കുന്നതിനേക്കാൾ, ദിവസവും 30 മുതൽ 45 മിനിറ്റ് വരെ സ്ഥിരതയോടെ നടക്കുന്നതാണ് കൂടുതൽ ഫലപ്രദം.

ഭക്ഷണക്രമത്തിലെ അശ്രദ്ധ

"ഞാൻ ദിവസവും നടക്കുന്നുണ്ടല്ലോ" എന്ന ചിന്തയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് വലിയ തെറ്റാണ്. നടത്തത്തിലൂടെ നമ്മൾ എരിച്ചു കളയുന്ന കലോറിയേക്കാൾ കൂടുതൽ ഭക്ഷണം വഴി ശരീരത്തിൽ എത്തിയാൽ ഭാരം കുറയില്ല. അതിനാൽ കൃത്യമായ വ്യായാമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും അനിവാര്യമാണ്.

അനുയോജ്യമല്ലാത്ത പാദരക്ഷകൾ

വ്യായാമത്തിന് അനുയോജ്യമല്ലാത്ത ചെരുപ്പുകളോ ഷൂസോ ധരിച്ച് നടക്കുന്നത് മറ്റൊരു വലിയ പിഴവാണ്. ഇത് കാലുകൾക്കും മുട്ടുകൾക്കും അമിത സമ്മർദ്ദം നൽകുകയും, വേദനയ്ക്കും കഠിനമായ ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും

ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നതും അമിതമായ മാനസിക സമ്മർദവുംശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

തുടക്കത്തിൽ കുറഞ്ഞ സമയവും കുറഞ്ഞ വേഗതയും മാത്രം തെരഞ്ഞെടുക്കുക. പിന്നീട് ദിവസങ്ങൾക്കനുസരിച്ച് പതിയെ പതിയെ സമയവും വേഗതയും വർദ്ധിപ്പിക്കുന്നതാണ് ശരിയായ രീതി. ശാസ്ത്രീയമായ രീതിയിൽ കൃത്യമായി നടന്നാൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല, ഹൃദയാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും.

TAGS :

Next Story