നടുവേദനയ്ക്ക് കാരണം ഈ തെറ്റുകൾ! ആറ് ശീലങ്ങൾ മാറ്റിപ്പിടിക്കാം...
ദിവസവും അറിയാതെ വരുത്തുന്ന ചില ചെറിയ തെറ്റുകൾ നട്ടെല്ലിന് വില്ലനാകാറുണ്ട്, അവ എന്തൊക്കെയാണെന്ന് അറിയാം

നടുവേദനയും കഴുത്തുവേദനയും കൊണ്ട് എപ്പോഴും ബുദ്ധിമുട്ടിലാണോ? നമ്മുടെ മാറിയ ജീവിതശൈലിയും വ്യായാമമില്ലായ്മയും ഇന്ന് പലരിലും നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ കൂട്ടാൻ കാരണമായിട്ടുണ്ട്. നമ്മൾ ദിവസവും അറിയാതെ വരുത്തുന്ന ചില ചെറിയ ചെറിയ തെറ്റുകൾ നട്ടെല്ലിന് വില്ലനാകാറുണ്ട്. അവയെന്തൊക്കെയാണെന്നാണ് മുംബൈയിലെ വി ആർ സ്പൈൻ കൺസൾട്ടന്റ് സ്പൈൻ സർജനായ ഡോ. ആദിത്യ കാശീകർ പറയുന്നത്. നടുവേദനയ്ക്ക് കാരണമായ ദൈനംദിന ജിവിതത്തിൽ നാം ചെയ്യുന്ന ആറ് തെറ്റുകൾ ഇവയാണ്
1. വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത്
കാറുകളും ബൈക്കുകളും ക്യാബുകളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതോടെ നടത്തം എന്താണെന്ന് അറിയാതായി പലരും. നട്ടെല്ലിനും അതിനെ താങ്ങിനിർത്തുന്ന പേശികൾക്കും ആരോഗ്യം നൽകാനുള്ള ഏറ്റവും എളുപ്പ വഴിയാണ് നടത്തം. നിങ്ങൾ നടക്കാതിരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
2. തുടർച്ചയായ ഇരുത്തം (ഡെസ്ക് ജോലികൾ)
കംമ്പ്യൂട്ടർ ജോലി ചെയ്യുന്ന പലരും ദീർഘനേരം ഒരേ ഇരുപ്പ് ഇരുന്ന് ജോലി തീർക്കുന്നവരാണ്. ഓഫീസിലായാലും വർക്ക് ഫ്രം ഹോം ആയാലും, മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്നത് നട്ടെല്ലിന് ഭാരം കൂട്ടി സ്വാഭാവിക ഘടനയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
3. വ്യായാമക്കുറവ്
ജോലി, വീട്, മറ്റു ജോലികൾ എന്നിവ കാരണം പലരും സ്കിപ്പ് ചെയ്യുന്ന ഒന്നാണ് വ്യാഴാമം. ശരീരത്തിന് കൃത്യമായ വ്യാഴാമം കിട്ടാതിരിക്കുന്നതിലൂടെ നട്ടെല്ലിനെ ബലപ്പെടുത്തുന്ന പേശികളുടെ കരുത്ത് കുറയും. പേശികൾ ബലഹീനമാകുമ്പോൾ നട്ടെല്ലിലേക്ക് നേരിട്ട് സമ്മർദ്ദം എത്തുകയും ഇത് എളുപ്പത്തിൽ പരിക്കുകൾക്കും വേദനയ്ക്കും കരാണമാകും.
4. ശരിയല്ലാത്ത ഭക്ഷണ രീതികൾ
വിറ്റാമിൻ D3, B12 എന്നിവയുടെ കുറവ്, ഉയർന്ന യൂറിക് ആസിഡ്, സ്ഥിരമായ ജങ്ക് ഫുഡ് കഴിക്കൽ എന്നിവയെല്ലാം എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. പലരും നട്ടെല്ലിന്റെ ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധം തിരിച്ചറിയാറില്ല എന്നതാണ് സത്യം.
5. ഉറക്കമില്ലായ്മ
ശരീരം സ്വയം കേടുപാടുകൾ തീർക്കുന്നത് ഉറങ്ങുമ്പോഴാണ്. ഉറക്കം കുറയുമ്പോൾ, പകൽ ശരീരത്തിനുണ്ടായ ക്ഷീണം മാറ്റാൻ കഴിയാതെ വരും. ഇതുവഴി നട്ടെല്ലിനും പേശികൾക്കും വിശ്രമിക്കാൻ സമയം കിട്ടാതെ വരും. ഇത് കാലക്രമേണ വലിയ പ്രശ്നങ്ങളിലേക്കും നട്ടെല്ലിനെ ബാധിക്കുകയും ചെയ്യും.
6. കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നതും തെറ്റായ ഇരിപ്പും
ദീർഘ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ തലയും കഴുത്തും മുന്നോട്ട് കുനിച്ചു പിടിക്കുന്നത് കഴുത്തിലെ നട്ടെല്ലിന്റെ തേയ്മാനം വേഗത്തിലാക്കാനും പേശികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും കാരണമാകും. ചെറുപ്പക്കാരിൽ പോലും ഇന്ന് ഇത് വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്.
അവഗണിക്കാൻ പാടില്ലാത്ത മറ്റു പ്രധാന ലക്ഷണങ്ങൾ ഇവയാണ്
1. ഇടയ്ക്കിടെ ഉണ്ടാകുന്ന നടുവേദനയോ കഴുത്തുവേദനയോ
2. സാധാരണ അനുഭവപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള വേദന
3. മുമ്പ് പെട്ടെന്ന് മാറുമായിരുന്ന വേദന ഇപ്പോൾ മാറാൻ കൂടുതൽ സമയമെടുക്കുന്നത്.
4. പേശിവലിവും വേദനയും മാറ്റാൻ ഇടയ്ക്കിടെ പെയിൻ കില്ലറുകൾ കഴിക്കേണ്ടി വരുന്നത്
5. മുമ്പ് വേദനയുണ്ടാക്കാതിരുന്ന ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഇപ്പോൾ വേദന അനുഭവപ്പെടുന്നത്.
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അവഗണിക്കരുത്. ഇവ വന്നാൽ വേദന തനിയെ മാറുമെന്ന് കരുതി കാത്തിരിക്കരുത്. നട്ടെല്ല് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്ന് മനസ്സിലാക്കിയിരിക്കണം.
Adjust Story Font
16

