പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മാമ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ ലെവൽ കുത്തനെ ഉയരുമെന്ന ഭയം കാരണം ഇത് പൂർണമായും ഒഴിവാക്കുന്നവരാണ് ഭൂരിഭാഗം പേരും

മേയ് മാസത്തിൽ കടുത്ത ചൂടാണെങ്കിലും ഈ മാസത്തെ പ്രിയപ്പെട്ടതാക്കുന്നതിൽ പ്രധാന പങ്ക് മാമ്പഴത്തിനാണ്. മാമ്പഴം കാണുമ്പോൾ കൊതി തോന്നാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാൽ പ്രമേഹബാധിതരായ ആളുകളെ സംബന്ധിച്ച് മാമ്പഴം എന്നത് കൊതിയോടെ നോക്കിനിൽക്കാൻ മാത്രം പറ്റുന്ന ഒരു 'വിലക്കപ്പെട്ട കനി'യാണ്. മാമ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ ലെവൽ കുത്തനെ ഉയരുമെന്ന ഭയം കാരണം ഇത് പൂർണമായും ഒഴിവാക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, പ്രമേഹമുള്ളവർ മാമ്പഴത്തെ അത്രത്തോളം ഭയപ്പെടേണ്ടതുണ്ടോ? പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കാം.
ഗ്ലൈസെമിക് ഇൻഡക്സും മാമ്പഴവും
ഒരു ആഹാരം കഴിച്ചതിനു ശേഷം എത്ര വേഗത്തിലാണ് രക്തത്തിൽ ഗ്ലൂക്കോസ് ഉയരുന്നത് എന്ന് കണക്കാക്കുന്ന അളവാണ് ഗ്ലൈസെമിക് ഇൻഡക്സ്. 55-ൽ താഴെ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് സുരക്ഷിതം. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 51 മുതൽ 56 വരെയാണ്. അതായത്, ഇത് 'ലോ ടു മീഡിയം' കാറ്റഗറിയിലാണ് വരുന്നത്. അതിനാൽ വിശ്വസിക്കപ്പെടുന്നത് പോലെ മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ കൂട്ടുകയില്ല.കൂടാതെ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത നാരുകളും ആന്റിഓക്‌സിഡന്റുകളും ഗ്ലൂക്കോസ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു.
മാമ്പഴം കഴിക്കാം എന്ന് കരുതി അളവ് കൂടുന്നത് അപകടമാണ്. പ്രമേഹമുള്ളവർ ഈ നാല് കാര്യങ്ങൾ കർശനമായി പാലിക്കണം:
- അളവ് കൃത്യമായിരിക്കണം: ഒരു ദിവസം ഒരു ചെറിയ മാമ്പഴത്തിന്റെ പകുതി അല്ലെങ്കിൽ പരമാവധി ഒരു ചെറിയ കപ്പ് (80-100 ഗ്രാം) മാമ്പഴ കഷ്ണങ്ങൾ മാത്രമേ കഴിക്കാവൂ.
- കഴിക്കുന്ന സമയം പ്രധാനം: മാമ്പഴം ഒരിക്കലും പ്രധാന ഭക്ഷണത്തോടൊപ്പം ഡെസേർട്ട് ആയി കഴിക്കരുത്. ഇത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് ഇരട്ടിയാക്കും. പകരം പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്തോ, വൈകുന്നേരങ്ങളിലോ ഒരു ലഘുഭക്ഷണമായി കഴിക്കുക.
- മാമ്പഴ ജ്യൂസ് പൂർണമായും ഒഴിവാക്കുക: മാമ്പഴം കടിച്ചു ചവച്ചരച്ച് തന്നെ കഴിക്കണം. ജ്യൂസ് ആക്കുമ്പോൾ അതിലെ ഫൈബർ നഷ്ടപ്പെടുകയും ഫ്രക്ടോസ് നേരിട്ട് രക്തത്തിൽ കലരുകയും ചെയ്യും. ഇത് ഷുഗർ ലെവൽ പെട്ടെന്ന് കൂട്ടാൻ കാരണമാകും.
- പ്രോട്ടീനൊപ്പം കഴിക്കുക: മാമ്പഴ കഷ്ണങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം അല്പം കശുവണ്ടി, ബദാം അല്ലെങ്കിൽ ചിയാ സീഡ്സ് എന്നിവ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിലെ പ്രോട്ടീനും ഹെൽത്തി ഫാറ്റും ഗ്ലൂക്കോസ് സ്പൈക്ക് ഉണ്ടാകുന്നത് പൂർണമായി തടയും.
കൃത്യമായ അളവിലും ശരിയായ സമയത്തും കഴിച്ചാൽ പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യതിചലിക്കാതെ തന്നെ മാമ്പഴത്തിന്റെ മധുരം ആസ്വദിക്കാവുന്നതാണ്. എങ്കിലും നിങ്ങളുടെ നിലവിലെ ഷുഗർ ലെവൽ (HbA1c) വളരെ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
Adjust Story Font
16

