Quantcast

കാഴ്ചയിലെ ഭംഗിയിൽ മയങ്ങരുത്; പഴങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

മഴക്കാലത്ത് സാധാരണയായി രോഗപ്രതിരോധശേഷി കുറയുകയും പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ നമ്മൾ വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്

MediaOne Logo
കാഴ്ചയിലെ ഭംഗിയിൽ മയങ്ങരുത്; പഴങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
X

ഇപ്പോൾ മഴക്കാലമാണ്. എങ്കിലും മാമ്പഴം, പൈനാപ്പിൾ, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ വിപണിയിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ട്. മഴക്കാലത്ത് സാധാരണയായി രോഗപ്രതിരോധശേഷി കുറയുകയും പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ നമ്മൾ വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങൾ ഇന്ന് വിപണിയിൽ വ്യാപകമാണ്. ഇത് ഉദരരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ഐഎസ്ഐസി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സയൻസസ് ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. ശുഭം വാത്സ്യ ഇത്തരം കൃത്രിമ പഴങ്ങളെ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാം എന്ന് വ്യക്തമാക്കുന്നുണ്ട്. പഴങ്ങൾ വാങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് ഈ മായം കണ്ടെത്താനാകും.

മാമ്പഴം

കാഴ്ചയിൽ നല്ല മഞ്ഞ നിറമുണ്ടെങ്കിലും, തണ്ടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പച്ച നിറം കാണുകയാണെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ച മാമ്പഴമാകാൻ സാധ്യതയുണ്ട്. ഒരേപോലെ പഴുക്കാതിരിക്കുക, തൊട്ടുനോക്കുമ്പോൾ കട്ടിയുള്ളതായി തോന്നുക, സ്വാഭാവികമായ ഗന്ധം ഇല്ലാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം മാമ്പഴങ്ങൾ കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം, തലവേദന, തൊണ്ടയിലെ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് നല്ല മധുരഗന്ധവും എല്ലായിടത്തും ഒരേപോലെ മൃദുത്വവും ഉണ്ടാകും.

ഷമാം

പുറത്ത് നല്ല മഞ്ഞ നിറമുണ്ടെങ്കിലും, തൊട്ടുനോക്കുമ്പോൾ കട്ടിയുള്ളതും, നല്ല ഗന്ധവും മധുരവും ഇല്ലാത്തതുമായ ഷമാം കൃത്രിമമായി പഴുപ്പിച്ചതാകാം. ഇവ കഴിക്കുന്നതും സമാനമായ ഉദരരോഗങ്ങൾക്കും ഛർദ്ദിക്കും കാരണമാവും.

തണ്ണിമത്തൻ

പുറമെ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയുള്ള തണ്ണിമത്തൻ ആണെങ്കിലും, മുറിച്ചു നോക്കുമ്പോൾ ഉൾഭാഗത്തെ നിറത്തിൽ വ്യത്യാസം കാണുകയാണെങ്കിൽ അത് അപകടകരമാണ്. ഉൾഭാഗത്ത് എല്ലായിടത്തും ഒരേ നിറം ഇല്ലാതിരിക്കുക, സ്വാഭാവിക മധുരമില്ലായ്മ, ഉൾഭാഗത്തെ അസാധാരണമായ കട്ടി എന്നിവ ഇവ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്നതിന്റെ ലക്ഷണങ്ങളാണ്. ഇത് ദഹനപ്രശ്നങ്ങൾക്കും മഴക്കാലത്ത് പ്രത്യേകിച്ചും വയറിളക്കത്തിനും കാരണമാകും.

ലിച്ചി

ലിച്ചിയുടെ പുറംതൊലിക്ക് നല്ല കടും ചുവപ്പ് നിറമുണ്ടെങ്കിലും, തൊട്ടുനോക്കുമ്പോൾ കട്ടിയുള്ളതാണെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാം. ഇത്തരം ലിച്ചികളിൽ നീരും മധുരവും വളരെ കുറവായിരിക്കും. ഇത് ഓക്കാനത്തിനും തൊണ്ടയിലെ അസ്വസ്ഥതകൾക്കും കാരണമാകും.

പൈനാപ്പിൾ

പുറംതൊലിക്ക് നല്ല മഞ്ഞ നിറമുള്ള പൈനാപ്പിളുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. പുറത്ത് മഞ്ഞ നിറമുണ്ടെങ്കിലും, കട്ടിയുള്ളതും, സ്വാഭാവിക ഗന്ധം ഇല്ലാത്തതും, മധുരത്തിന് പകരം പുളിരസം കൂടുതലുള്ളതുമായ പൈനാപ്പിളുകൾ രാസവസ്തുക്കൾ പ്രയോഗിച്ചവയാകാൻ സാധ്യത കൂടുതലാണ്. കാർബൈഡ് അടങ്ങിയ ഇത്തരം പൈനാപ്പിളുകൾ വായിലും തൊണ്ടയിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

മഴക്കാലത്ത് പഴങ്ങൾ വാങ്ങുമ്പോൾ അവയുടെ ആകർഷകമായ നിറം മാത്രം നോക്കാതെ, അവയുടെ സ്വാഭാവിക ഗന്ധം, മൃദുത്വം, മധുരം എന്നിവ കൂടി പരിശോധിക്കുക എന്നതാണ് ഡോക്ടർ നൽകുന്ന പ്രധാന നിർദേശം. വിശ്വാസയോഗ്യമായ കടകളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ, ഉപയോഗിക്കുന്നതിന് മുൻപായി പഴങ്ങൾ നല്ലപോലെ കഴുകി വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. നിങ്ങളുടെ മുന്നിലിരിക്കുന്ന ഏറ്റവും ഭംഗിയുള്ള പഴം ആയിരിക്കില്ല ചിലപ്പോൾ ഏറ്റവും സുരക്ഷിതമായത് എന്ന് എപ്പോഴും ഓർക്കുക.

TAGS :

Next Story