Quantcast

ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ അവഗണിക്കരുത്; പ്രമേഹ സൂചനയാകാം

ഒരല്പം ശ്രദ്ധിച്ചാൽ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കാവുന്നതാണ്

MediaOne Logo

Web Desk

  • Published:

    10 Nov 2022 2:33 PM GMT

ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ അവഗണിക്കരുത്; പ്രമേഹ സൂചനയാകാം
X

ഓരോ ദിവസം കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. നേരത്തെ പ്രായമുള്ളവരുടെ രോഗമായി വിലയിരുത്തപ്പെട്ട പ്രമേഹം ഇപ്പോൾ കുഞ്ഞുങ്ങൾ മുതൽ ഏത് പ്രായക്കാരെയും പിടികൂടുന്ന രോഗമായി മാറിയിട്ടുണ്ട്. ലോകമെമ്പാടും പ്രമേഹ കേസുകൾ വർധിച്ചുവരികയാണ്. ഇന്ത്യയിൽ 77 ദശലക്ഷം പ്രമേഹ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2045ഓടെ 134 ദശലക്ഷമായി ഉയരുമെന്നാണ് സൂചന.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് പ്രമേഹ രോഗികളുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണം. പുറത്ത് നിന്നുള്ള ഭക്ഷണവും ആവശ്യത്തിന് വ്യായാമമില്ലാത്തതും പ്രമേഹത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തത്. ഒരിക്കൽ പിടിപെട്ട് കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് പ്രമേഹത്തിനെതിരായ പ്രതിവിധി. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ വൃക്ക, ഹൃദ്രോഗം, നാഡി രോഗങ്ങൾ തുടങ്ങി ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് പ്രമേഹം നയിച്ചേക്കും.

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, നല്ല വിശപ്പ്, ദാഹം, ശരീരഭാരം കുറയൽ, കൈകാലുകളിലെ മരവിപ്പ് തുടങ്ങിയവയാണ് സാധാരണയായുള്ള പ്രമേഹ ലക്ഷണങ്ങൾ. എന്നാൽ, ഇതിന് പുറമേ ചർമം കാട്ടിത്തരുന്ന ചില ലക്ഷണങ്ങളുമുണ്ട്. പലപ്പോഴും ഈ ലക്ഷണങ്ങളെ നാം അവഗണിക്കുകയാണ് പതിവ്. പിന്നീട് നാളുകൾക്ക് ശേഷം രോഗം കണ്ടെത്തുമ്പോഴാകും അന്നത്തെ ലക്ഷണങ്ങൾ ഇതിന്റെ സൂചനയായിരുന്നല്ലോ എന്ന് ഓർക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചില മാറ്റങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ചർമത്തിലുണ്ടാകുന്ന വീക്കവും ചുവപ്പും

ചർമത്തിലുണ്ടാകുന്ന വീക്കവും ചുവന്ന നിറവും നിസാരമാക്കരുത്. ബാക്ടീരിയ അണുബാധ മൂലം ഇതുണ്ടാകാം. നഖങ്ങളിലും ഇതിന്റെ മാറ്റങ്ങൾ കാണാനാകും.

തിണർപ്പുകൾ

ശരീരത്തിലുണ്ടാകുന്ന തിണർപ്പുകളും ചെറിയ കുമിളകളും പ്രമേഹസൂചനയാകും. ഫംഗസ് അണുബാധ മൂലമാണ് ഇവയുണ്ടാവുക. ഒരുപക്ഷെ, പ്രമേഹ രോഗികളെ സാധാരണയായി ബാധിക്കുന്ന കാൻഡിഡ ആൽബിക്കൻസ് അണുബാധയുടെ തുടക്കമാകാം ഇത്. സ്തനങ്ങൾ, നഖങ്ങൾ, വിരലുകളുടെയും കാൽവിരലുകളുടെയും ഇടയിൽ, കക്ഷങ്ങൾ എന്നിവയാണ് അണുബാധയുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങൾ.

ചൊറിച്ചിൽ

പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ചർമ്മപ്രശ്നമാണിത്. രക്തചംക്രമണം കുറയുന്നത് മൂലവും വരണ്ട ചർമം കാരണവും ഇത് സംഭവിക്കാം. കാലുകളുടെ താഴ്ഭാഗത്താണ് ഈ ലക്ഷണം പ്രധാനമായും കണ്ടുവരുന്നത്.

ഇരുണ്ട ചർമം

ഇരുണ്ടതും മിനുസമുള്ളതുമായ ചർമം പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന അവസ്ഥയാണിത്. ചാര നിറത്തിലോ കറുപ്പ്, തവിട്ട് നിറങ്ങളിലോ ചർമത്തിലുണ്ടാകുന്ന പാടുകൾ ശ്രദ്ധിക്കുക. കഴുത്ത്, കക്ഷം, ഞരമ്പ്, കൈകൾ, കൈമുട്ട്, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ സ്പർശിക്കുമ്പോൾ വെൽവെറ്റ് പോലെ മിനുസമുള്ളതായി തോന്നുന്നുവെങ്കിലും നിങ്ങൾക്ക് പ്രമേഹ സാധ്യതയുണ്ടെന്നതിന്റെ സൂചനയാകാം.

സോറിയാസിസ്

ടൈപ്പ് 2 പ്രമേഹമുള്ളവരെയാണ് സോറിയാസിസ് പ്രധാനമായും ബാധിക്കുക. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലും നിറവ്യത്യാസവുമാണ് പ്രധാന ലക്ഷണങ്ങൾ.

സ്ക്ലിറോഡെർമ ഡയബറ്റിക്കോറം

ശരീരത്തിന്റെ മുകൾഭാഗം, കഴുത്തിന്റെ മുകൾഭാഗം, പിൻഭാഗം തുടങ്ങിയ ഭാഗങ്ങളിൽ കട്ടികൂടുന്ന അവസ്ഥയാണിത്.

ലക്ഷണങ്ങളുണ്ടെങ്കിൽ അമിത ആശങ്ക വേണ്ട. ഒരല്പം ശ്രദ്ധിച്ചാൽ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കാവുന്നതാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • ചർമം ഇപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. മുഖം കഴുകിയാൽ നന്നായി തുടച്ച് നനവില്ലെന്ന് ഉറപ്പുവരുത്തുക.
  • ചൂടുവെള്ളം ചർമത്തിൽ ഉപയോഗിക്കാതിരിക്കുക. ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുന്നതാണ് നല്ലത്.
  • കാൽവിരലുകൾക്കിടയിൽ ലോഷനുകളും ക്രീമുകളും ഇടുന്നത് ഒഴിവാക്കുക
  • ചെറിയ മുറിവുകളുണ്ടെങ്കിൽ ഉടനടി ചികിൽസിക്കുക
  • പാടുകളോ മറ്റോ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതായി തോന്നുകയാണെങ്കിൽ ഉടൻ തന്നെ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.
TAGS :
Next Story