രാത്രിയിൽ തൈര് കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയുക; മുന്നറിയിപ്പുമായി ഡോക്ടർ
പലപ്പോഴും രാത്രിയിൽ തൈര് കഴിച്ചതിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചെരിച്ചിലും അസിഡിറ്റിയും അനുഭവപ്പെടാറുണ്ട്

മലയാളിയുടെ ഭക്ഷണ ക്രമത്തിൽ വലിയ പ്രാധാന്യമുള്ള വിഭവമാണ് തൈര്. ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ ഇത്തിരി തൈര് കൂടി ചേർക്കുന്നത് ദഹനത്തിന് നല്ലതാണെന്നാണ് പൊതുവായ ധാരണ. എന്നാൽ, രാത്രികാലങ്ങളിൽ തൈര് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗുരുഗ്രാം നാരായണ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ.സുകൃത് സിങ് സേത്തി. രാത്രിയിൽ തൈര് കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകിടം മറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രാത്രികാലങ്ങളിൽ നമ്മുടെ ശരീരത്തിന്റെ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് തൈര് പോലെ കട്ടിയുള്ള ആഹാരം കഴിക്കുമ്പോൾ അത് പൂർണമായും ദഹിക്കാതെ വരുന്നു. ദഹിക്കാത്ത തൈര് കുടലിൽ ദീർഘനേരം തങ്ങിനിൽക്കുകയും അവിടെയിരുന്ന് പുളിക്കാനും കാരണമാകുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും വയറുവീർക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഡോ.സുകൃത് സിങ് സേത്തി ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും രാത്രിയിൽ തൈര് കഴിച്ചതിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചെരിച്ചിലും അസിഡിറ്റിയും അനുഭവപ്പെടാറുണ്ട്. ദഹിക്കാത്ത ഭക്ഷണം കുടലിൽ കിടന്ന് അസിഡിറ്റി ഉത്പാദിപ്പിക്കുന്നത് മൂലമാണിത്. ഈ അവസ്ഥ ദീർഘകാലം തുടരുന്നത് കുടലിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഉറക്കമുണരുമ്പോൾ വായനാറ്റവും അമിതമായ ക്ഷീണവും അനുഭവപ്പെടുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം രാത്രിയിലെ ഈ തൈര് ഉപയോഗമാണെന്നും അദ്ദേഹം പറയുന്നു.
തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചസമയമാണെന്ന് ആരോഗ്യ വിദഗ്ധർ ഒരേപോലെ സമ്മതിക്കുന്നു. സൂര്യപ്രകാശം ഉള്ളപ്പോൾ നമ്മുടെ മെറ്റബോളിസം കൂടുതൽ കാര്യക്ഷമമായിരിക്കും. ഈ സമയത്ത് തൈര് കഴിക്കുന്നത് അതിലെ പ്രോബയോട്ടിക് ബാക്ടീരിയകൾക്ക് ശരീരത്തിന് ഗുണകരമായ രീതിയിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കും. എന്നാൽ രാത്രിയിൽ സൂര്യൻ അസ്തമിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ശരീരത്തിലെ കഫം വർധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്കും കാരണമായേക്കാം.
ഇനി രാത്രി തൈരൊഴിവാക്കാൻ സാധിക്കാത്തവർ ഉണ്ടെങ്കിൽ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്. തൈര് നേരിട്ട് കഴിക്കുന്നതിന് പകരം നന്നായി വെള്ളം ചേർത്ത് നേർപ്പിച്ച മോര് ഉപയോഗിക്കുന്നത് ദഹനത്തിന് എളുപ്പമാകും. കൂടാതെ, തൈരിൽ അല്പം കുരുമുളക് പൊടിയോ, വറുത്ത ജീരകമോ, അല്പം ഉപ്പോ ചേർക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുമെന്ന് ഡോക്ടർ നിർദേശിക്കുന്നു. പഞ്ചസാര ചേർത്ത് രാത്രിയിൽ തൈര് കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പോലും തെറ്റായ സമയത്ത് പിന്തുടരുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് നൽകുക. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ രാത്രി ഭക്ഷണത്തിൽ തൈര് ഒഴിവാക്കുന്നതാണ് ഉചിതമെന്ന ഡോ. സുകൃത് സിങ് സേത്തിയുടെ വാക്കുകൾ ഗൗരവമായി കാണേണ്ടതുണ്ട്. ലളിതമായ ജീവിതശൈലീ മാറ്റങ്ങൾ വഴി ദഹനപ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും.
Adjust Story Font
16

