Quantcast

ഈ ലക്ഷണങ്ങളുണ്ടോ? ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്; വേണ്ടത് അടിയന്തര ചികിത്സ

ചില പ്രത്യേക ശാരീരിക ലക്ഷണങ്ങൾ പ്രകടമായാൽ ഇന്റർനെറ്റിൽ ഉത്തരം തേടി സമയം കളയുന്നത് വലിയ അപകടങ്ങൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാം

MediaOne Logo
ഈ ലക്ഷണങ്ങളുണ്ടോ? ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്; വേണ്ടത് അടിയന്തര ചികിത്സ
X

ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ ഗൂഗിളിൽ തിരഞ്ഞ് സ്വയം ചികിത്സ നിശ്ചയിക്കുന്നത് ഇന്നത്തെ കാലത്ത് പലരുടെയും ശീലമാണ്. എന്നാൽ ചില പ്രത്യേക ശാരീരിക ലക്ഷണങ്ങൾ പ്രകടമായാൽ ഇന്റർനെറ്റിൽ ഉത്തരം തേടി സമയം കളയുന്നത് വലിയ അപകടങ്ങൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാം. പെട്ടെന്നുണ്ടാകുന്നതും തീവ്രവുമായ ശാരീരിക അസ്വസ്ഥതകൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ മുന്നോടിയായിരിക്കാം. ഇത്തരം ഘട്ടങ്ങളിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. വൈകിയെത്തുന്ന വൈദ്യസഹായം ചിലപ്പോൾ ചികിത്സിച്ചു മാറ്റാൻ കഴിയാത്ത വിധം ശരീരത്തെ തളർത്തുകയോ മരണം വരെ സംഭവിക്കുകയോ ചെയ്‌തേക്കാം.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. നെഞ്ചിൽ പെട്ടെന്നുണ്ടാകുന്ന വേദന, ഈ വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ പുറത്തേക്കോ വ്യാപിക്കുക, ഇതോടൊപ്പം അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ, ഓക്കാനം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തണം. ഇത് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്. അതുപോലെ തന്നെ ശരീരത്തിന്റെ ഒരു വശം തളരുക, മുഖം കോടിപ്പോകുക, സംസാരത്തിൽ അവ്യക്തത വരിക, പെട്ടെന്നുണ്ടാകുന്ന കാഴ്ച മങ്ങൽ എന്നിവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഈ ഘട്ടത്തിൽ ഗൂഗിളിൽ തിരയുന്നതിനേക്കാൾ മുൻഗണന എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായിരിക്കണം.

തലച്ചോറിലെ രക്തസ്രാവം അല്ലെങ്കിൽ ബ്രെയിൻ അന്യൂറിസം തുടങ്ങിയ അവസ്ഥകൾ കടുത്ത തലവേദനയായാണ് പ്രകടമാകുന്നത്. ജീവിതത്തിൽ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിധം തീവ്രമായ തലവേദനയുണ്ടായാൽ അത് അവഗണിക്കരുത്. കാഴ്ച പെട്ടെന്ന് നഷ്ടപ്പെടുകയോ മങ്ങുകയോ ചെയ്യുന്നത് റെറ്റിനൽ ഡിറ്റാച്ച്‌മെന്റ് പോലുള്ള ഗുരുതരമായ നേത്രരോഗങ്ങളുടെ ലക്ഷണമോ സ്‌ട്രോക്കിന്റെ സൂചനയോ ആകാം. കടുത്ത വയറുവേദന, ദഹനക്കേട് എന്ന് കരുതി തള്ളിക്കളയരുത്, ഇത് അപ്പെൻഡിസൈറ്റിസ് അല്ലെങ്കിൽ ആന്തരിക അവയവങ്ങളുടെ തകരാറുകൾ മൂലമാകാം. കൂടാതെ, ചുമയ്ക്കുമ്പോൾ രക്തം വരികയോ രക്തം ഛർദ്ദിക്കുകയോ ചെയ്യുന്നത് അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളാണ്. ശാരീരികമായ അസ്വസ്ഥതകൾ പോലെ തന്നെ ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നതും ഗൗരവകരമായ ഒരു മാനസിക അടിയന്തര സാഹചര്യമാണ്.

ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പൊതുവായ അറിവുകൾ മാത്രമാണ് നൽകുന്നത്. ഒരു രോഗനിർണയം നടത്താനോ നേരിട്ടുള്ള ശാരീരിക പരിശോധനയ്ക്ക് പകരമാകാനോ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല. ഒരു ലക്ഷണം ആദ്യമായി അനുഭവപ്പെടുന്നതാണെങ്കിലോ അത് വളരെ തീവ്രമാണെങ്കിലോ ഒട്ടും സംശയിക്കാതെ ഡോക്ടറെ കാണുകയാണ് വേണ്ടത്. അപകടസൂചനകൾ നേരത്തെ തിരിച്ചറിയുന്നതും ശരിയായ സമയത്ത് ചികിത്സ തേടുന്നതും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഗൂഗിളിൽ തിരഞ്ഞ് വിലപ്പെട്ട സമയം പാഴാക്കാതെ, സ്വന്തം ജീവനും ആരോഗ്യത്തിനും മുൻഗണന നൽകി എത്രയും വേഗം സുരക്ഷിതമായ വൈദ്യസഹായം ഉറപ്പാക്കുക.

TAGS :

Next Story