കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുമോ? സത്യമെന്ത് ?
ചില പരീക്ഷണശാലകളിൽ മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഉയർന്ന അളവിലുള്ള സുഗന്ധദ്രവ്യങ്ങൾ ഹോർമോണുകളെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്

- Published:
21 March 2026 3:51 PM IST

ഹൈദരാബാദ്: പെർഫ്യൂം ഉപയോഗിക്കുന്നവരെ ആശങ്കപ്പെടുത്തുന്നവരെ ഒരു വാർത്ത കഴിഞ്ഞ കുറെ ദിവസമായി പരക്കുന്നുണ്ട്. കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നതാണ് ഈ പ്രചരണം. ഇതിന്റെ വസ്തുത എന്താണ് ? അതിന് മറുപടി പറയുകയാണ് സീനിയർ എൻഡോക്രൈനോളജിസ്റ്റ് ഡോ. ശ്രീനിവാസ് കണ്ടുല. കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുമെന്ന പ്രചരണം ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ചർമ്മത്തിൽ ചില പ്രശ്നങ്ങളുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
തൈറോയ്ഡ് ഗ്രന്ഥി കഴുത്തിലെ തൊലിക്കും പേശികൾക്കും പാളികൾക്കും താഴെയായി ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. തൊലിപ്പുറത്ത് അടിക്കുന്ന പെർഫ്യൂം ഇത്രയും ആഴത്തിലുള്ള ഒരു ഗ്രന്ഥിയെ ബാധിക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് ഡോക്ടർ പറയുന്നത്. പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്തത്തിലേക്കോ ഗ്രന്ഥികളിലേക്കോ ഇറങ്ങിച്ചെന്ന് ഹോർമോൺ വ്യതിയാനം ഉണ്ടാക്കാൻ തക്ക അളവിൽ ഉള്ളവയല്ല. ചില പരീക്ഷണശാലകളിൽ മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഉയർന്ന അളവിലുള്ള സുഗന്ധദ്രവ്യങ്ങൾ ഹോർമോണുകളെ ബാധിക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും മനുഷ്യർ ഉപയോഗിക്കുന്ന സാധാരണ അളവിലുള്ള പെർഫ്യൂം ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം; തൈറോയ്ഡിന് ഭീഷണിയില്ലെങ്കിലും കഴുത്തിലെ ചർമ്മത്തിന് പെർഫ്യൂം ദോഷം ചെയ്തേക്കാമെന്ന് അപ്പോളോ ഹോസ്പിറ്റൽസിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സ്വപ്ന കുന്ദുരു മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കഴുത്തിലെ ചർമ്മം വളരെ നേർത്തതാണ്. ഈ ഭാഗങ്ങളിൽ പ്രതിരോധ ശേഷിയും കുറവാണ്. പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ ചർമ്മത്തിൽ ചൊറിച്ചിൽ, ചുവപ്പ് നിറം, വരൾച്ച എന്നിവയുണ്ടാക്കാം. സൂര്യപ്രകാശമേൽക്കുമ്പോൾ ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ വരാനും കാരണമാകും.
എക്സിമ (Eczema) പോലുള്ള ചർമ്മരോഗങ്ങളുള്ളവർ പെർഫ്യൂം നേരിട്ട് ചർമ്മത്തിൽ അടിക്കുന്നത് ഒഴിവാക്കുണമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. കഴുത്തിലും മുഖത്തും പെർഫ്യൂം ഉപയോഗിക്കുന്നത് പരമാവധി കുറക്കണമെന്ന നിർദേശവും വിദഗ്ധർ നൽകുന്നുണ്ട്.
്
Adjust Story Font
16
