Quantcast

എപ്പോഴും ഉറക്കം വരുന്നുണ്ടോ? ഓർമശക്തി കുറയുന്നുണ്ടോ? കരൾ അപകടത്തിലാകാം!

ലിവർ സിറോസിസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്

MediaOne Logo
എപ്പോഴും ഉറക്കം വരുന്നുണ്ടോ? ഓർമശക്തി കുറയുന്നുണ്ടോ? കരൾ അപകടത്തിലാകാം!
X

ഉറക്കം തൂങ്ങുന്നതും സംസാരത്തിലെ അവ്യക്തതയും കരൾ രോഗത്തിന്റെ ലക്ഷണമാകുമെന്ന് നിങ്ങൾക്കറിയാമോ? ലിവർ സിറോസിസ് എന്ന വില്ലൻ നിശബ്ദമായി നമ്മുടെ കരളിനെ കീഴടക്കി അവസാന ഘട്ടത്തിലെത്തുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങൾ നമ്മെ അതിശയിപ്പിച്ചേക്കാം. രക്തം ഛർദ്ദിക്കുന്നത് മുതൽ മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വരെ നീളുന്ന ആ ഗുരുതരമായ സൂചനകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരൾ 500-ൽ പരം ശാരീരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. നാം കഴിക്കുന്ന ആഹാരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക, ദഹനത്തിന് ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുക, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉൽപാദിപ്പിക്കുക തുടങ്ങി നിരവധി സുപ്രധാന ധർമ്മങ്ങൾ കരൾ നിർവ്വഹിക്കുന്നു. എന്നാൽ അമിതമായ മദ്യപാനം, വൈറൽ ഹെപ്പറ്റൈറ്റിസ്, തെറ്റായ ജീവിതശൈലി തുടങ്ങിയ ശീലം കാരണം ഉണ്ടാകുന്ന ഫാറ്റി ലിവർ എന്നിവ കരളിലെ ആരോഗ്യപ്രദമായ കോശങ്ങളെ നശിപ്പിക്കുകയും അവിടെ വടുക്കൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് ലിവർ സിറോസിസ് എന്ന് വിളിക്കുന്നത്. രോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ലിവർ സിറോസിസിന്റെ അവസാന ഘട്ടത്തിൽ പ്രകടമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം കഠിനമായ മഞ്ഞപ്പിത്തമാണ്. കരളിലെ തകരാർ മൂലം 'ബിലിറൂബിൻ' എന്ന ഘടകം ശരിയായി നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ ചർമ്മവും കണ്ണിന്റെ വെള്ളയും കടും മഞ്ഞനിറത്തിലാകുന്നു. ചർമ്മത്തിൽ വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ഇതോടൊപ്പം തന്നെ വയറിലും കാലുകളിലും അസാധാരണമായ രീതിയിൽ നീർക്കെട്ട് അനുഭവപ്പെടാം. കരളിലെ രക്തയോട്ടം തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന സമ്മർദം ദ്രാവകങ്ങൾ വയറിനുള്ളിൽ കെട്ടിക്കിടക്കാൻ കാരണമാവുകയും ഇത് വയർ വീർക്കുന്നതിനും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതിലേക്കും നയിക്കുന്നു.

മറ്റൊരു ഗുരുതരമായ ലക്ഷണമാണ് മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. കരളിൽ നിന്ന് നീക്കം ചെയ്യപ്പെടാത്ത അമോണിയ പോലുള്ള വിഷാംശങ്ങൾ രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുന്നു. ഇതിന്റെ ഫലമായി അമിതമായ ഉറക്കം, പെട്ടെന്നുണ്ടാകുന്ന ഓർമ്മക്കുറവ്, സംസാരത്തിൽ അവ്യക്തത, സ്വഭാവത്തിൽ വരുന്ന വ്യത്യാസങ്ങൾ എന്നിവ പ്രകടമാകും. ഇതിനെ 'ഹെപ്പാറ്റിക് എൻസെഫലോപ്പതി' എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. കൂടാതെ, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ കരൾ ഉൽപാദിപ്പിക്കാത്തതിനാൽ നിസ്സാരമായ തട്ടലോ മുട്ടലോ ഏൽക്കുമ്പോൾ പോലും ചർമ്മത്തിൽ കറുത്ത പാടുകൾ വരികയും മുറിവുകളിൽ നിന്ന് രക്തസ്രാവം നിലയ്ക്കാതിരിക്കുകയും ചെയ്യുന്നു.

ദഹനവ്യവസ്ഥയിലെ രക്തക്കുഴലുകൾ വീർക്കുകയും പൊട്ടുകയും ചെയ്യുന്നത് മൂലം രക്തം ഛർദ്ദിക്കുന്നതും കറുത്ത നിറത്തിലുള്ള മലം പോകുന്നതും സിറോസിസ് രോഗികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. കരളിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതോടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ താളംതെറ്റുകയും അമിതമായ ക്ഷീണം, തീവ്രമായ വിശപ്പില്ലായ്മ, ശരീരഭാരം അതിവേഗം കുറയുക എന്നിവ സാധാരണമാകുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പലപ്പോഴും ഏക പരിഹാരമായി ഡോക്ടർമാർ നിർദേശിക്കുന്നത്.

രോഗം ഇത്രത്തോളം ഗുരുതരമാകുന്നതിന് മുൻപ് തന്നെ കൃത്യമായ പരിശോധനകളും ചികിത്സയും തേടുക എന്നത് മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി. മദ്യപാനം പൂർണമായും ഉപേക്ഷിക്കുന്നതും ഉപ്പും കൊഴുപ്പും കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ലിവർ ഫംഗ്ഷൻ ടെസ്റ്റുകളിലൂടെയും സ്കാനിംഗിലൂടെയും രോഗത്തിന്റെ ആദ്യഘട്ടങ്ങൾ തിരിച്ചറിയാൻ സാധിക്കും. കരൾ തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കാതെ ഇരിക്കുന്നത് ആയുസ്സ് നീട്ടാൻ സഹായിക്കും.

TAGS :

Next Story