Quantcast

ഒരു ദിവസം എത്ര സ്പൂൺ എണ്ണയാകാം? ഡോക്ടര്‍ പറയുന്നത് കേൾക്കൂ!

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിൽ മാത്രമല്ല, പല ഭക്ഷണങ്ങളിലും അദൃശ്യമായി അടങ്ങിയിരിക്കുന്ന കൊഴുപ്പിനെക്കുറിച്ചും ഡോ. ശിവ് സരിൻ മുന്നറിയിപ്പ് നൽകുന്നു

MediaOne Logo

Web Desk

  • Published:

    2 April 2026 2:47 PM IST

ഒരു ദിവസം എത്ര സ്പൂൺ എണ്ണയാകാം? ഡോക്ടര്‍ പറയുന്നത് കേൾക്കൂ!
X

പഞ്ചസാര കുറയ്ക്കുക, ജങ്ക് ഫുഡ് ഒഴിവാക്കുക, കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും ഇക്കാര്യങ്ങളായിരിക്കും ശ്രദ്ധിക്കുക. എന്നാൽ പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ദൈനംദിന പാചകത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ്. കാരണം നമ്മുടെ ഭക്ഷണ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം എണ്ണ ഒഴിവാക്കിയുള്ള ഭക്ഷണങ്ങൾ കുറവാണ്. വെളിച്ചെണ്ണ, കടുകെണ്ണ, സൂര്യകാന്തി എണ്ണ, തവിടെണ്ണ തുടങ്ങി എല്ലാ ഓയിലുകളും നമ്മുടെ നമ്മുടെ ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമാണ്. പലപ്പോഴും നമ്മൾ എത്രമാത്രം എണ്ണ ഒരു ദിവസം കഴിക്കുന്നുണ്ടെന്ന് നമുക്ക് മനസിലാകാറില്ല.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പ്രശസ്ത കരൾ വിദഗ്ദ്ധനായ ഡോ. ശിവ് സരിന്‍റെ വീഡിയോ ഈയിടെ അവരുടെ എക്സ് ഹാൻഡിലിൽ പങ്കുവച്ചിരുന്നു. വീഡിയോയിൽ, എണ്ണ കഴിക്കുന്നത് നിങ്ങളുടെ മൊത്തം ദൈനംദിന കലോറി ഉപഭോഗത്തിന്‍റെ പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയിൽ മാത്രമല്ല, പല ഭക്ഷണങ്ങളിലും അദൃശ്യമായി അടങ്ങിയിരിക്കുന്ന കൊഴുപ്പിനെക്കുറിച്ചും ഡോ. ശിവ് സരിൻ മുന്നറിയിപ്പ് നൽകുന്നു. പച്ചക്കറികൾ പാകം ചെയ്യുമ്പോഴും മറ്റും അമിതമായി എണ്ണ ചേർക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.നെയ്യ്, വെണ്ണ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിലൂടെ നമ്മൾ അറിയാതെ തന്നെ വലിയൊരു അളവ് കൊഴുപ്പ് ശരീരത്തിലെത്തുന്നുണ്ട്.പച്ചക്കറികൾ വഴറ്റുമ്പോഴും വറുക്കുമ്പോഴും എണ്ണയുടെ അളവ് പരമാവധി കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

കൂടുതൽ സ്വാദിനു വേണ്ടി അമിതമായി നെയ്യും എണ്ണയും ചേർത്താലും പ്രശ്നമാകും. നാല് സ്പൂൺ നെയ്യൊഴിച്ചാലേ പൊറോട്ട സ്വാദിഷ്ടമാകൂ എന്ന ചിന്താഗതി മാറ്റാൻ സമയമായെന്ന് സരിൻ പറയുന്നു. നിലക്കടല, ബദാം, വാൾനട്ട് എന്നിവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണകൾ ശരീരത്തിന് ദോഷകരമല്ല, മറിച്ച് ഗുണകരമാണ്.വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നു.

TAGS :

Next Story