Quantcast

സ്ഥിരമായി ഹെഡ്ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

നഗരത്തിരക്കിലും യാത്രകളിലും ജോലിത്തിരക്കിലും ഇന്ന് മിക്കവരുടെയും കാതുകളിൽ ഒരു ജോടി ഹെഡ്‌ഫോണുകളുണ്ടാകും. പ്രിയപ്പെട്ട സംഗീതത്തിലേക്കോ പോഡ്‌കാസ്റ്റുകളിലേക്കോ ലോകത്തെ ചുരുക്കി വെക്കാൻ സഹായിക്കുന്ന ഈ കൊച്ചു ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു

MediaOne Logo

ഹെൽത്ത് ഡെസ്ക്

  • Updated:

    2026-04-18 15:31:38.0

Published:

18 April 2026 8:04 PM IST

സ്ഥിരമായി ഹെഡ്ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
X

നഗരത്തിരക്കിലും യാത്രകളിലും ഏകാന്തമായ ജോലിത്തിരക്കിലും ഇന്ന് മിക്കവരുടെയും കാതുകളിൽ ഒരു ജോടി ഹെഡ്‌ഫോണുകളുണ്ടാകും. പ്രിയപ്പെട്ട സംഗീതത്തിലേക്കോ പോഡ്‌കാസ്റ്റുകളിലേക്കോ ലോകത്തെ ചുരുക്കി വെക്കാൻ സഹായിക്കുന്ന ഈ കൊച്ചു ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എന്നാൽ, പുറംലോകത്തെ ശബ്ദങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്ന ഈ 'ഇയർ ബഡ്‌സുകൾ' പതിയെ നമ്മുടെ കേൾവിയുടെ ലോകത്തെത്തന്നെ ഇല്ലാതാക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിനോദത്തിനും വിജ്ഞാനത്തിനുമായി നാം കൂട്ടുപിടിക്കുന്ന ഈ ശീലം അറിഞ്ഞോ അറിയാതെയോ ചെറുപ്പക്കാരെപ്പോലും ഗുരുതരമായ കേൾവിത്തകരാറുകളിലേക്ക് തള്ളിവിടുന്നുവെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. വളരെ ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് ചെവിയുടെ ആന്തരിക ഘടനയെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം ഉപകരണങ്ങൾ ഉയർന്ന ഡെസിബലിൽ ദീർഘനേരം ഉപയോഗിക്കുന്നതുമൂലം നാല്പതുകളിലേക്ക് കടക്കുമ്പോഴേക്കും പലർക്കും ഗുരുതരമായ കേൾവി കുറവ് അനുഭവപ്പെടുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെവിയിൽ പെൻസിൽ, സേഫ്റ്റിപിൻ തുടങ്ങിയ വസ്തുക്കൾ കടത്തുന്നതും ബാഹ്യകർണത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു.

കേൾവി കുറയുന്നത് പലവിധം!

നമ്മുടെ ചെവി ഒരു അത്ഭുത യന്ത്രമാണ്. ഇതിന്റെ പണി പാളുന്നത് എവിടെയാണെന്ന് നോക്കി കേൾവിക്കുറവിനെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന്, ചെവിയുടെ പുറംഭാഗത്തോ നടുവിലോ ഉള്ള 'തടസങ്ങൾ' കാരണം ശബ്ദം ഉള്ളിലേക്ക് എത്താത്ത അവസ്ഥ; ഇതിനെ കണ്ടക്ടീവ് ഹിയറിങ് ലോസ് എന്ന് വിളിക്കാം. രണ്ട്, ചെവിയുടെ ഏറ്റവും ഉള്ളിലെ നാഡികൾക്ക് സംഭവിക്കുന്ന തകരാറുകൾ; ഇതിനെ സെൻസോറിനറൽ ഹിയറിങ് ലോസ് എന്നും പറയും. ഇനി ഇതൊന്നുമല്ലാതെ, കുടുംബപരമായി വരുന്ന ചില ജനിതക കാരണങ്ങൾ കൊണ്ടും (ഉദാഹരണത്തിന് ഓട്ടോസ്ക്ലീറോസിസ്) കേൾവിക്ക് പണി കിട്ടാൻ സാധ്യതയുണ്ട്.

ഫുൾ വോളിയത്തിൽ പാട്ട് വേണ്ട; കാതടഞ്ഞു പോകും!

ഇന്നത്തെ കാലത്ത് ഹെഡ്‌ഫോണും ഇയർപോഡും ഇല്ലാതെ എന്ത് ജീവിതം അല്ലേ? എന്നാൽ സംഗീതം ആസ്വദിക്കുമ്പോൾ നമ്മൾ വോളിയം കൂട്ടി വെക്കുന്നത് സ്വന്തം കാതുകളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്. ഹെഡ്‌ഫോണിലൂടെ ദീർഘനേരം ചെവിയിലേക്ക് അടിച്ചുകയറുന്ന ഉച്ചത്തിലുള്ള ശബ്ദം കേൾവിശക്തിയെ സാവധാനം തളർത്തും. പണ്ടൊക്കെ വയസായവർക്ക് മാത്രം വന്നിരുന്ന കേൾവി പ്രശ്നങ്ങൾ ഇന്ന് 40 വയസ് പോലും തികയാത്ത ചെറുപ്പക്കാരിൽ കണ്ടുവരുന്നത് ഈ 'ഫുൾ വോളിയം' പ്രേമം കൊണ്ടാണ്. വലിയ ബഹളമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ചെവിക്ക് സംരക്ഷണം നൽകുന്ന ഇയർ മഫുകളോ പ്ലഗുകളോ നിർബന്ധമായും ഉപയോഗിക്കണം. ഇടയ്ക്കിടെ ഒരു കേൾവി പരിശോധന നടത്തുന്നത് പ്രശ്നങ്ങൾ ഗുരുതരമാകാതെ നേരത്തെ കണ്ടെത്താൻ സഹായിക്കും. അതുകൊണ്ട് വോളിയം കുറച്ച് ആസ്വദിക്കാം, കാതുകളെ കാത്തുസൂക്ഷിക്കാം!

ബഡ്‌സ് വേണ്ടേ വേണ്ട; ചെവി ഒരു 'സെൽഫ് ക്ലീനറാണ്'

ചെവിയിലെ അഴുക്ക് (വാക്സ്) കളയാൻ ഇയർ ബഡ്‌സും തീപ്പെട്ടിക്കോലുമൊക്കെ എടുത്ത് കസർത്തുന്നവർ ഒന്ന് ശ്രദ്ധിക്കുക! സത്യത്തിൽ ചെവി ഒരു 'സെൽഫ് ക്ലീനിങ്' മെഷീനാണ്. ഉള്ളിലെ അഴുക്കിനെ തനിയെ പുറന്തള്ളാൻ ചെവിക്ക് അറിയാം. നമ്മൾ ബഡ്‌സ് ഇട്ട് കുത്തുമ്പോൾ സംഭവിക്കുന്നത്, പുറത്തേക്ക് വരേണ്ട അഴുക്കിനെ അടിച്ച് ഉള്ളിലേക്ക് തന്നെ കയറ്റുകയാണ്. ഇത് പിന്നീട് വേദനയായും കേൾവി തടസമായും മാറും. ഇനി അഥവാ അഴുക്ക് കൂടി അസ്വസ്ഥത തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് ബുദ്ധി; അല്ലാതെ സ്വയം 'കുഴിച്ചെടുക്കാൻ' നിൽക്കരുത്.

കുട്ടികളുടെ 'കുരുത്തക്കേടല്ല', ചിലപ്പോൾ കേൾവിക്കുറവാകാം!

കുട്ടികൾ നസ്ഥിരമായി ഹെഡ്ഫോൺ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുംമ്മൾ വിളിച്ചാൽ കേൾക്കാത്തതോ ശ്രദ്ധിക്കാത്തതോ വെറും കുസൃതിയാണെന്ന് കരുതി തള്ളിക്കളയരുത്. ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടും കുട്ടി ഞെട്ടുന്നില്ലെങ്കിലോ, സംസാരിക്കാൻ പ്രായമായിട്ടും വൈകുന്നുണ്ടെങ്കിലോ ഒന്ന് ശ്രദ്ധിക്കണം. സ്കൂളിലെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ പറ്റാത്തതുകൊണ്ട് അവർ മുൻബഞ്ചിൽ തന്നെ ഇരിക്കാൻ വാശി പിടിച്ചേക്കാം. കുട്ടികളിലെ തുടർച്ചയായ ജലദോഷം കാരണം ചെവിക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്ന 'ഗ്ലൂ ഇയർ' എന്ന അവസ്ഥയും കേൾവിയെ ബാധിക്കാറുണ്ട്. അതുകൊണ്ട് കുട്ടികളുടെ ഇത്തരം മാറ്റങ്ങളെ ഗൗരവത്തോടെ കാണുക.

പരിശോധിക്കാം, പരിഹരിക്കാം

ചെവിക്ക് പ്രശ്നമുണ്ടോ എന്ന് അറിയാൻ ഇപ്പോൾ പേടിക്കേണ്ട കാര്യമൊന്നുമില്ല. നവജാത ശിശുക്കൾക്ക് പോലും ചെയ്യാവുന്ന OAE, BERA തുടങ്ങിയ വേദനയില്ലാത്ത ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. പ്രായമായവരും സ്ഥിരമായി ബഹളമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വർഷത്തിലൊരിക്കൽ കേൾവി ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ചെവിയിൽ അനാവശ്യമായി ഒന്നും കടത്താതിരിക്കുക, പാട്ട് കേൾക്കുമ്പോൾ ശബ്ദം കുറയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയൊരു തകരാറിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. ഓർക്കുക, കേൾവി പോയാൽ തിരിച്ചുകിട്ടാൻ പാടാണ്, അതുകൊണ്ട് ഇപ്പോഴേ കാക്കാം!

TAGS :

Next Story