അമിതഭാരമില്ല, കൃത്യമായി വ്യായാമം, രോഗ ലക്ഷങ്ങളൊന്നുമുണ്ടായിരുന്നില്ല, എന്നിട്ടും ഹൃദയാഘാതം; നടൻ ദിലീപ് രാജിന്റെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആരോഗ്യ വിദഗ്ധർ
40കളിലും 50കളിലുമുള്ള പുരുഷന്മാർക്ക് അപകടസാധ്യത കൂടുതൽ

കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജിന്റെ മരണത്തിലൂടെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള പുതിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 47ാം വയസിലുള്ള ദിലീപിൻ്റെ മരണം കന്നഡ സിനിമാലോകത്തും ആരാധകരിലും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. 40കളിലും 50കളിലുമുള്ള ആരോഗ്യവാന്മാരായ പുരുഷന്മാരിൽ മുന്നറിയിപ്പില്ലാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെ പറ്റിയാണ് ഇതിൽ പ്രധാന ചർച്ച. മിലാന, യു-ടേൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ദിലീപിനെ ബുധനാഴ്ച പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പെട്ടെന്നുണ്ടാകുന്നതായി തോന്നുന്ന പല ഹൃദയാഘാതങ്ങളും യഥാർഥത്തിൽ വർഷങ്ങളായി ഹൃദയധമനികൾക്കുള്ളിൽ നിശബ്ദമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ അവസാന ഘട്ടമാണ്. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന തടസങ്ങൾ (blockage) പെട്ടെന്നുണ്ടാകുന്നതല്ല. അവ കാലക്രമേണ രൂപപ്പെട്ടതാണ്. തിരിച്ചറിയാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളോ, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം ഉണ്ടായിരുന്ന ചരിത്രമോ, അവരുടെ പരമ്പരയിലുള്ള ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങളോ ഇതിന് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.
ഉയർന്ന കൊളസ്ട്രോൾ, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, വ്യായാമമില്ലാത്ത ജീവിതശൈലി അല്ലെങ്കിൽ ജനിതക കാരണങ്ങൾ എന്നിവ മൂലം ഹൃദയധമനികളിൽ കൊഴുപ്പ് പടിപടിയായി അടിഞ്ഞുകൂടുന്നു. ഇവ ധമനികളെ ദുർബലപ്പെടുത്തുകയും കൊഴുപ്പ് അടിയുന്നത് വേഗത്തിലാക്കുകയും ചെയ്യുന്ന വീക്കത്തിന് (inflammation) കാരണമാകുന്നു. ഇത് നടക്കുമ്പോൾ മറ്റ് ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാലാണ് പലർക്കും തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തോന്നുന്നത്.
ധമനികൾക്കുള്ളിലെ കൊഴുപ്പ് പാളികളിൽ (plaques) ഒന്ന് പൊട്ടുമ്പോഴാണ് ഇതിൻ്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. ഇത് ചെറിയൊരു പാളിയാണെങ്കിൽ പോലും അപകടകരമാണ്. ശരീരം ആ ഭാഗത്ത് അതിവേഗം ഒരു രക്തക്കട്ട (blood clot) രൂപപ്പെടുത്തുന്നു. ഈ രക്തക്കട്ട ധമനിയെ പൂർണമായും തടഞ്ഞാൽ, ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നു. ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ മിനിറ്റുകൾക്കുള്ളിൽ ഹൃദയപേശികൾ നശിച്ചു തുടങ്ങുന്നു.
തടസപ്പെടുന്നത് 'ലെഫ്റ്റ് ആന്റീരിയർ ഡിസെൻഡിംഗ് ആർട്ടറി' (Left Anterior Descending Artery) പോലുള്ള പ്രധാന ധമനികളിൽ ഒന്നാണെങ്കിൽ, ആഘാതം വളരെ വലുതും വേഗത്തിലുള്ളതുമായിരിക്കും. ഇതിനെയാണ് ആളുകൾ "മാസ്സീവ് ഹാർട്ട് അറ്റാക്ക്" (Massive heart attack) എന്ന് വിളിക്കുന്നത്. ഏറ്റവും വലിയ കൊഴുപ്പ് പാളികൾ മാത്രമല്ല അപകടകാരികൾ. അതിനാൽ തന്നെ, നടക്കുമ്പോഴോ അധ്വാനിക്കുമ്പോഴോ ഉണ്ടാകുന്ന നെഞ്ചുവേദന പോലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രകടമാകാത്തവരിലും രക്തധമനികളിൽ തടസങ്ങൾ ഉണ്ടാകാം. യഥാർത്ഥത്തിൽ ചെറിയതും എന്നാൽ ഉറപ്പില്ലാത്തതുമായ പാളികളാണ് പെട്ടെന്ന് പൊട്ടാൻ സാധ്യത കൂടുതൽ. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്നുണ്ടാകുന്ന തളർച്ചയോ കുഴഞ്ഞുവീഴലോ ആയിരിക്കും ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണം.
പെട്ടെന്നുണ്ടാകുന്ന കഠിനമായ ശാരീരിക അധ്വാനം, മാനസിക സമ്മർദ്ദം വർധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂട്ടുന്ന അസമ്മർദ്ദം, ഉറക്കമില്ലായ്മ, നിർജ്ജലീകരണം, നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവയാണ് ഒരു കൊഴുപ്പ് പാളി പൊട്ടാൻ കാരണമായേക്കാവുന്ന ചില സാഹചര്യങ്ങൾ.
40കളിലും 50കളിലുമുള്ള പുരുഷന്മാർക്ക് അപകടസാധ്യത കൂടുതൽ?
40കളിലെത്തുമ്പോഴേക്കും ദശാബ്ദങ്ങളായി ധമനികൾക്കുള്ളിൽ കൊഴുപ്പ് നിശബ്ദമായി അടിഞ്ഞുകൂടിയിട്ടുണ്ടാകും. അതേസമയം തന്നെ ജോലിയിലെ സമ്മർദ്ദം, ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ (metabolic strain), ജീവിതശൈലീ സമ്മർദ്ദങ്ങൾ എന്നിവ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്യുന്നു. പലപ്പോഴും വിവിധ അപകടഘടകങ്ങൾ ഒത്തുചേരുന്ന ഒരു പ്രായമാണിത്. 40കളുടെ മധ്യത്തിലെത്തുമ്പോഴേക്കും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുള്ള വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ക്രമമല്ലാത്ത ഉറക്കം, വ്യായാമമില്ലാത്ത ദിനചര്യകൾ, മോശം ഭക്ഷണക്രമം, പുകവലി, മദ്യപാനം, രക്തസമ്മർദ്ദമോ ഇൻസുലിൻ പ്രതിരോധമോ പോലുള്ള ചികിത്സിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ അനന്തരഫലങ്ങൾ ശരീരത്തിൽ കുമിഞ്ഞുകൂടിയിട്ടുണ്ടാകും.
അതായത്, 30കളിൽ തന്നെ ധമനികൾക്ക് നിശബ്ദമായി കേടുപാടുകൾ സംഭവിച്ചു തുടങ്ങുകയും 40കളിലോ 50കളിലോ അതിന്റെ ലക്ഷണങ്ങൾ പുറത്തുവരുകയും ചെയ്യുന്നു. സാധാരണ നിലയിലുള്ള കൊളസ്ട്രോൾ റിപ്പോർട്ട് കണ്ടതുകൊണ്ട് മാത്രം കാര്യമായില്ല. ധമനികളിൽ അപകടകരമായ രീതിയിൽ കൊഴുപ്പ് പാളികൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് സാധാരണ കൊളസ്ട്രോൾ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ല.
ഇത്തരം മരണങ്ങൾ ആശങ്കയുണ്ടാക്കാൻ ഒരു കാരണം, മരിക്കുന്നവർ പുറമേക്ക് തികഞ്ഞ ആരോഗ്യവാന്മാരായി കാണപ്പെടുന്നു എന്നതാണ്. അവർക്ക് അമിതഭാരം ഉണ്ടായിരിക്കണമെന്നില്ല, ഇടയ്ക്ക് വ്യായാമം ചെയ്യുന്നവരും ആയിരിക്കാം. ചിലർക്ക് നേരത്തെ രോഗങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടാകില്ല. ഇന്ത്യൻ പുരുഷന്മാരിലെ ഹൃദ്രോഗ സാധ്യത പലപ്പോഴും "മെറ്റബോളിക് അൺഹെൽത്തി നോർമൽ വെയ്റ്റ്" (Metabolically unhealthy normal weight) എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുറമേക്ക് കാണാൻ കൃത്യമായ ശരീരഭാരവും ഫിറ്റ്നസും തോന്നുമെങ്കിലും, ഇവരുടെ ആന്തരാവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ്, ശരീരത്തിനുള്ളിലെ വീക്കം, ധമനികളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പ് പാളികൾ എന്നിവ അപകടമുണ്ടാക്കാം.
ഈ പ്രായത്തിലുള്ള പല പുരുഷന്മാരും പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കാറുണ്ട്. നെഞ്ചിലെ അസ്വസ്ഥത അസിഡിറ്റിയാണെന്ന് കരുതി തള്ളിക്കളയും. ശ്വാസതടസം അമിത ക്ഷീണം മൂലമാണെന്ന് വിശ്വസിക്കും. താടിയെല്ലിലെ അസ്വസ്ഥതയോ പുറംവേദനയോ പലപ്പോഴും കാര്യമാക്കാറില്ല. ചില സന്ദർഭങ്ങളിൽ, നെഞ്ചുവേദനയ്ക്ക് പകരം അമിതമായ വിയർപ്പ്, ഓക്കാനം, ശ്വാസം മുട്ടൽ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന തളർച്ച എന്നിവയാകാം ആദ്യ സൂചനകൾ.
വൈദ്യസഹായം തേടുമ്പോഴേക്കും ധമനികളിലെ തടസം സങ്കീർണ്ണമായ അവസ്ഥയിൽ എത്തിയിട്ടുണ്ടാകും. ലക്ഷണങ്ങൾ പുറത്തുവരുന്നതിന് എത്രയോ മുമ്പ് തന്നെ 'കാൽസ്യം സ്കോർ ടെസ്റ്റിംഗ്' (Calcium score testing), ആധുനിക ഇമേജിംഗ് പരിശോധനകൾ എന്നിവയിലൂടെ ധമനികളിലെ കൊഴുപ്പ് പാളികൾ കണ്ടെത്താൻ സാധിക്കും. ഇന്ത്യൻ പുരുഷന്മാർ തങ്ങളുടെ 20കളിലോ 30കളിലോ തന്നെ ലിപ്പിഡ് പ്രൊഫൈൽ, രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയാരോഗ്യ പരിശോധനകൾ പതിവായി ചെയ്യണം. പ്രമേഹം, ഇൻസുലിൻ പ്രതിരോധം എന്നിവ പരിശോധിക്കുന്നതിനൊപ്പം കുടുംബ ചരിത്രവും മനസിലാക്കണം. കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടായിരുന്നോ അല്ലെങ്കിൽ 40കളിലും 50കളിലും ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇത്തരം ചരിത്രമുണ്ടെങ്കിൽ 20 വയസ് മുതൽ തന്നെ കൃത്യമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
Adjust Story Font
16

