കുട്ടികളില്‍ വര്‍ധിച്ചുവരുന്ന പ്രമേഹവും ഹൃദ്രോഗവും;ഒളിഞ്ഞിരിക്കുന്ന വന്‍ അപകടങ്ങള്‍
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന ഭയാനകമായ പദവി ഇന്ത്യയ്ക്കാണ്

ചെറുപ്രായത്തില്‍ തന്നെ വര്‍ധിച്ചുവരുന്ന പൊണ്ണത്തടിയും വിട്ടുമാറാത്ത അസുഖങ്ങളും കാരണം വല്ലാതെ പ്രയാസപ്പെടുന്നവരുണ്ടോ? ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനുള്ള തെരഞ്ഞെടുപ്പ് പിന്നീട് തലവേദനയാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പൂര്‍വ്വികരില്‍ കണ്ടുവരാത്തതോ നമുക്ക് പരിചയമില്ലാത്തതോ ആയ അസുഖങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മുംബൈ പൊവൈലിലെ ഹിരാനന്ദിനി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ഗണേഷ് കുമാര്‍ പറയുന്നത്.
പ്രധാനമായും ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്, പാക്ക് ചെയ്തുവെച്ച ലഘുഭക്ഷണങ്ങള്‍ എന്നിവയിലൂടെ അമിതമായി കലോറി വയറിലെത്തുന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. 12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. രാത്രി ഒരുപാട് വൈകി ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിനിടയിലുള്ള സ്ഥിരമായ ലഘുഭക്ഷണവും പതിവായിരിക്കുകയാണ്. ഇത്തരം ശീലങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്.
*വ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നത്
ഭക്ഷണ കാര്യത്തിലെ ക്രമക്കേട് കൊണ്ട് മാത്രമല്ല പരിധിവിട്ട ജീവിതശൈലികളും ആരോഗ്യത്തെ കാര്യമായി തകര്‍ത്തുകളയും. മറ്റുപല രാജ്യങ്ങളിലും കായിക വിനോദങ്ങള്‍ക്ക് വലിയ പ്രധാന്യം കല്‍പിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ അത്തരം വിഷയങ്ങളില്‍ കാര്യമായ തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ടെന്നാണ് ഡോക്ടറുടെ നിരീക്ഷണം.
പഠനാവശ്യത്തിന്റെ പേരില്‍ പോലും കുട്ടികളെ ദീര്‍ഘനേരം കമ്പ്യൂട്ടറുകള്‍ക്ക് മുമ്പിലിരിക്കാന്‍ നിര്‍ബന്ധിക്കുന്നത് അത്ര നല്ലതല്ല. ഇത് അവരുടെ ശാരീരിക ചലനത്തെ കൂടുതലായി പരിമിതപ്പെടുത്തും. മാത്രമല്ല, അമിതമായി കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും മേലനങ്ങാതെയുള്ള ജീവിതരീതിയും അതിവേഗത്തില്‍ പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. ഇത് പ്രായമാകുന്നതോടൊപ്പം പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
*പകര്‍ച്ചവ്യാധിയില്‍ മുന്‍നിരയില്‍ ഇന്ത്യ
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന ഭയാനകമായ പദവി ഇന്ത്യയ്ക്കാണ്. കുട്ടിക്കാലം തൊട്ടേ നിയന്ത്രണാധീതമായി വളരുന്ന പൊണ്ണത്തടി തുടരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമിതമായ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പൊണ്ണത്തടി മുമ്പെങ്ങുമില്ലാത്തത്രയും ചെറുപ്രായത്തില്‍ ഹൃദ്രോഗമുണ്ടാകാന്‍ ഇടയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
*വൈകിപ്പോകരുത് പ്രതിരോധം
ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം വീട്ടിലും സ്‌കൂളുകളില്‍ നിന്നുമായി വളരെ നേരത്തെ ആരംഭിക്കണമെന്നാണ് കാര്‍ഡിയോളജിസ്റ്റിന്റെ പക്ഷം. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക, സ്ഥിര വ്യായാമങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജങ്ക് ഫുഡ് കഴിക്കുന്നതിനെ വിലക്കുക, മാതാപിതാക്കളെയടക്കം ബോധവത്കരണത്തില്‍ പങ്കെടുപ്പിക്കുക എന്നിവ നിര്‍ണായകമാണ്.
''നമ്മള്‍ നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ജീവിതശൈലികളിലെ നല്ല തിരഞ്ഞെടുപ്പുകളെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും ചെയ്താല്‍ വരുംതലമുറയിലെ രോഗികളുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കാന്‍ നമുക്ക് സാധിക്കും.'' ഡോക്ടര്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
Adjust Story Font
16

