Quantcast

ദിവസവും എത്ര ചായകുടിക്കാം..ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കൂ

ഒരു ചായയെങ്കിലും കുടിക്കാതെയൊരു ദിവസമെന്നത് മലയാളികൾക്കത്ര എളുപ്പമല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കപ്പ് ചായ, ബാത്‌റൂമിൽ പോവാൻ ചായ, തലവേദന വന്നാൽ ചായ, അങ്ങനെയങ്ങനെ മലയാളിക്ക് ചായ കുടിക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്

MediaOne Logo

Web Desk

  • Published:

    26 Dec 2025 6:07 PM IST

ദിവസവും എത്ര ചായകുടിക്കാം..ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കൂ
X

ചൂട് ചായ ഊതിക്കുടിക്കുന്നതാണ് ഗുപ്തനിഷ്ടം.., ഈ ഡയലോഗ് കേൾക്കാത്ത മലയാളികളുണ്ടാവില്ല. ഒരു ചായയെങ്കിലും കുടിക്കാതെയൊരു ദിവസമെന്നത് മലയാളികൾക്കത്ര എളുപ്പമല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു കപ്പ് ചായ, ബാത്‌റൂമിൽ പോവാൻ ചായ, തലവേദന വന്നാൽ ചായ, അങ്ങനെയങ്ങനെ മലയാളിക്ക് ചായ കുടിക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്.

വെറുമൊരു പാനീയത്തിനപ്പുറം മലയാളിക്ക്‌ ചായയൊരു വികാരമാണ്. ചായ ഹെൽത്തിയാണോ? ഉറക്കത്തിന് ബെസ്റ്റാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ചായയുടെ ഹൈപ്പിനൊപ്പം ഉയർന്നു കേൾക്കാറുണ്ട്. ചായ അമൃതാണോ വിഷമാണോ എന്നത് ചായ നമ്മൾ എങ്ങനെ കുടിക്കുന്നു എന്നതനുസരിച്ചിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചായയുടെ ഗുണങ്ങളെക്കുറിച്ചും അമിതമായാൽ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം.

ശരിയായ രീതിയിൽ ചായ കുടിക്കുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ചായ സഹായിക്കുന്നു. ഇതിന് പുറമെ, നാം ചായയിൽ ചേർക്കുന്ന ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചായയെ ഒരു മികച്ച ഔഷധമാക്കുന്നു. ഇഞ്ചി ദഹനത്തെ സഹായിക്കുമ്പോൾ, ഏലയ്ക്ക ശരീരത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. തുളസിയോ മഞ്ഞളോ ചേർക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ്. മാനസിക സമ്മർദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ചായയ്ക്ക് പ്രത്യേക കഴിവുണ്ട്.

ഏതൊരു വസ്തുവിനെയും പോലെ ചായയും അമിതമായാൽ ശരീരത്തിന് ദോഷകരമാണ്. ഒരു ദിവസം അമിതമായ അളവിൽ ചായ കുടിക്കുന്നത് കരളിലെ കൊഴുപ്പ് വർധിപ്പിക്കാനും ദഹനക്കേടിനും കാരണമാകും. ചായയിൽ ഉപയോഗിക്കുന്ന പഞ്ചസാരയും പാലും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഒഴിഞ്ഞ വയറ്റിൽ കടുപ്പമേറിയ ചായ കുടിക്കുന്നത് വയറ്റിലെ ആസിഡ് ഉൽപ്പാദനം വർധിപ്പിക്കുകയും നെഞ്ചെരിച്ചിലിനും അൾസറിനും വഴിയൊരുക്കുകയും ചെയ്യും. കൂടാതെ, രാത്രി വൈകി ചായ കുടിക്കുന്നത് ഉറക്കക്കുറവിനും അതുവഴി മാനസികമായ അസ്വസ്ഥതകൾക്കും കാരണമാകുന്നു. ചായയിലെ ടാനിനുകൾ ശരീരത്തിലെ അയൺ ആഗിരണം തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന് തൊട്ടുമുൻപോ ശേഷമോ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ചായകുടിക്കുന്നത് ഒരു ശീലമാക്കുന്നതിൽ വലിയ തെറ്റില്ലെങ്കിലും അതിന്റെ അളവിൽ ഒരു മിതത്വം പാലിക്കുന്നതാണുത്തമം. പഞ്ചസാരയുടെ അളവ് കുറച്ച് ഇഞ്ചിയോ ഏലയ്ക്കയോ ചേർത്ത് ലഘുവായ രീതിയിൽ ചായ കുടിക്കുന്നത് ശീലമാക്കാം. ഭക്ഷണത്തിന് ഇടവേള നൽകി, ശരിയായ സമയത്ത് ചായ കുടിക്കുന്നത് വഴി ദോഷഫലങ്ങൾ ഒഴിവാക്കി അതിന്റെ പൂർണ്ണമായ ആരോഗ്യഗുണങ്ങൾ നേടിയെടുക്കാൻ നമുക്ക് സാധിക്കും.

TAGS :

Next Story