Quantcast

ഇങ്ങനെ ബട്ടറും മധുരവും കഴിക്കാമോ? കുഴപ്പക്കാരനോ ബൺ മസ്‌ക?

കേരളത്തിലെ ഭക്ഷണപ്രേമികൾക്കിടയിലെ പുതിയ ട്രെൻഡിങ്ങ് ഐറ്റമാണ് ബൺ മസ്‌കയും ഒപ്പം ആവി പറക്കുന്ന ഇറാനി ചായയും. മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്ന ഈ കോംബോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേരളക്കരയും കീഴടക്കിയിരിക്കുകയാണ്. ട്രെൻഡിനപ്പുറം ഈ വിഭവം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കൂടി അറിഞ്ഞിരിക്കാം

MediaOne Logo

Web Desk

  • Updated:

    2025-11-29 14:02:35.0

Published:

29 Nov 2025 1:10 PM IST

ഇങ്ങനെ ബട്ടറും മധുരവും കഴിക്കാമോ? കുഴപ്പക്കാരനോ ബൺ മസ്‌ക?
X

കേരളത്തിലെ ഭക്ഷണപ്രേമികൾക്കിടയിലെ പുതിയ ട്രെൻഡിങ്ങ് ഐറ്റമാണ് ബൺ മസ്‌കയും ഒപ്പം ആവി പറക്കുന്ന ഇറാനി ചായയും. മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്ന ഈ കോംബോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേരളക്കരയും കീഴടക്കിയിരിക്കുകയാണ്. 'ചായ് കപ്പിൾ' എന്ന പേരിൽ വൈറലായ ദമ്പതികളാണ് കേരളത്തിൽ ഈ ട്രെൻഡിന് തുടക്കമിട്ടത്.

വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണും ചൂടുള്ള ചായയും... കേൾക്കുമ്പോൾ ഇതിലിപ്പോ എന്താണിത്ര കാര്യമെന്ന് തോന്നുന്നുണ്ടല്ലേ, എന്നാൽ സംഭവം എവിടെ കിട്ടുമെന്ന് കേട്ടാലും ആളുകൾ വട്ടംകൂടം.

എന്താണ് ബൺ മസ്‌കയും ഇറാനി ചായയും?

'മസ്‌ക' എന്ന വാക്കിന്റെ അർഥം വെണ്ണ എന്നാണ്. പേർഷ്യൻ വാക്കായ 'മഖ്‌സാൻ' അല്ലെങ്കിൽ ഹിന്ദിയിലെ 'മഖൻ' എന്നിവയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. മൃദുലമായ, അല്പം മധുരമുള്ള ഒരു ബണ്ണിനെ നടുവേ പിളർന്ന്, അതിനുള്ളിൽ ഉരുകിയ വെണ്ണ പുരട്ടുന്നു. ചിലയിടങ്ങളിൽ വെണ്ണയോടൊപ്പം മിൽക്ക് മെയ്ഡ്/കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ അല്പം പഞ്ചസാരയും ചേർത്ത് പുരട്ടാറുണ്ട്. ഈ ബൺ ചെറുതായി ചൂടാക്കിയാണ് സാധാരണയായി വിളമ്പുന്നത്.

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർ മുംബൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ സ്ഥാപിച്ച 'ഇറാനി കഫേകളി'ലൂടെയാണ് ഈ ചായ പ്രശസ്തമാകുന്നത്. പാർസിക്കാരുടെ രുചി നിറച്ച ബൺ മസ്‌ക അന്നേ മുംബൈയിലും മറ്റും പലരുടെയും പ്രിയപ്പെട്ട പലഹാരമായിരുന്നു. സാധാരണ ചായയേക്കാൾ കട്ടിയുള്ളതും ക്രീം നിറഞ്ഞതുമാണ് ഇറാനി ചായ. ചായയുടെ കടുപ്പമുള്ള സത്ത് (കട്ടൻ ചായ) ഒരു പാത്രത്തിലും, മറ്റൊരു പാത്രത്തിലായി പാലിൽ പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർത്ത് നന്നായി കുറുക്കി കട്ടിയാക്കിയുമാണ് ഇത് തയാറാക്കുന്നത്.

വിളമ്പുന്ന സമയത്ത് ഇവ രണ്ടും ആവശ്യാനുസരണം ചേർക്കുന്നു. ഏലക്ക, കറുവപ്പട്ട, ഇഞ്ചി തുടങ്ങിയ മസാലകളും ചേർത്താണ് ചായ തയാറാക്കുന്നത്.

ചൂടുള്ള, മസാല രുചിയുള്ള, ക്രീമി ആയ ഇറാനി ചായയും, നനഞ്ഞ, മധുരമുള്ള, വെണ്ണ പുരട്ടിയ ബൺ മസ്‌കയും ചേരുമ്പോൾ ഉണ്ടാകുന്ന രുചിയുടെ കോമ്പിനേഷൻ സവിശേഷമാണ്. ബൺ ചായയിൽ മുക്കിക്കഴിക്കുന്നതാണ് ഇതിന്റെ രീതി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ തെരുവോര ചായക്കടകളിലും കഫേകളിലും ഒരു കാലത്ത് സർവസാധാരണമായിരുന്നു ഈ ബൺ മസ്‌കയും ഇറാനി ചായയും.

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ചായ വിൽക്കാനിറങ്ങിയ 'ചായ് കപ്പിൾ' എന്ന യുവ സംരഭക ദമ്പതികളുടെ കഥയാണ് ആദ്യം ശ്രദ്ധയാകർഷിക്കുന്നത്. പിന്നാലെ, ആവി പറക്കുന്ന ചായയുടെയും വെണ്ണ നിറച്ച ബണ്ണും ചിത്രങ്ങളായും റീലുകളായും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ വിഭവം ട്രെൻഡായി മാറുകയായിരുന്നു. വളരെ ലളിതമായ ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമുള്ളത് എന്നത് കൊണ്ട് തന്നെ വിലയും പൊതുവെ കുറവായിരിക്കും.

ട്രെൻഡിങ് എന്നതിനപ്പുറം ഈ കോംബോ ആരോഗ്യകരമാണോ എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. ബൺ മസ്‌കയും ഇറാനി ചായയും ഒരു ലഘുഭക്ഷണം മാത്രമാണ്. അല്ലാതെ ആരോഗ്യപരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇവയെ ഉൾപ്പെടുത്താൻ സാധിക്കില്ല.

ബൺ മസ്‌കയിൽ വലിയ അളവിൽ വെണ്ണയും ബണ്ണിൽ മൈദയും മധുരവുമാണ് അടങ്ങിയിരിക്കുന്നത്. ഇറാനി ചായയിൽ കട്ടിയാക്കിയ പാലോ കണ്ടൻസ്ഡ് മിൽക്കോ ഉപയോഗിക്കുന്നതിനാൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് സാധാരണ ചായയേക്കാൾ കൂടുതലുമായിരിക്കും. ബൺ മസ്‌കയും ഇറാനി ചായയും ഒരുമിച്ച് കഴിക്കുമ്പോൾ, നമ്മുടെ ശരീരത്തിലേക്ക് പ്രധാനമായും എത്തുന്നത് അമിതമായ കാർബോഹൈഡ്രേറ്റ്സ്, പൂരിത കൊഴുപ്പ് (Saturated Fat), പഞ്ചസാര എന്നിവയാണ്.

പ്രധാനമായും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയതാണ് മൈദ. ഇത് പെട്ടന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യുന്നു. അമിതമായാൽ ശരീരഭാരം കൂടാനം പ്രമേഹ സാധ്യത വർധിപ്പിക്കാനും കാരണമായേക്കാം. ഒരു ബണിൽ ഒൻപത് ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

ഇതൊക്കെ കേട്ട് ഇനി ബൺ മസ്‌ക വേണ്ടെന്ന് വെക്കുകയൊന്നും വേണ്ട, അമിതമാവാതെ നോക്കിയാൽ മതി. ഇനി ബൺ മസ്‌കയിൽ ആരോഗ്യകരമായ ചില മാറ്റങ്ങൾ വരുത്തിയാലും മതിയാകും. വെളുത്ത ബണ്ണിന് പകരം മൾട്ടിഗ്രെയ്ൻ ബൺ ഉപയോഗിക്കുക. വെണ്ണയുടെ അളവ് കുറയ്ക്കുകയോ, പകരം കുറഞ്ഞ അളവിൽ നട് ബട്ടർ ഉപയോഗിക്കുകയോ ചെയ്യാം.

ഇറാനി ചായയ്ക്ക് പകരം പഞ്ചസാര ചേർക്കാത്ത സാധാരണ മസാല ചായയോ, കട്ടിയുള്ള പാൽ ഒഴിവാക്കി ലൈറ്റ് മിൽക്ക് ഉപയോഗിച്ച് തയ്യാറാക്കിയ ചായയോ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ട്രെൻഡിനൊപ്പം ചേർന്ന ഇടക്കൊരു ബൺ മസ്‌കയൊക്കെയാവാം, പേടിക്കേണ്ട.

ഇനി ബൺ മസ്‌കയും ഇറാനി ചായയും കഴിക്കാൻ കൊച്ചിയിൽ പോകണമല്ലോ എന്നോർത്ത് വിഷമിക്കുകയാണെങ്കിൽ വഴിയുണ്ട്. എളുപ്പത്തിൽ വീട്ടിൽവെച്ച് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

ആവശ്യമായ സാധനങ്ങൾ

ബൺ

ബട്ടർ (unsalted butter) - 100 ഗ്രാം

മിൽക് മെയ്ഡ്/ കണ്ടൻസ്ഡ് മിൽക്ക് - 5 ടീസ്പൂൺ

വാനില എസൻസ് - കാൽ കപ്പ്

ചായ

പാൽ - അരക്കപ്പ്

ഏലയ്ക്കാപ്പൊടി - ഒരു ടീസ്പ്പൂൺ

തേയിലപ്പൊടി -1 ടീസ്പ്പൂൺ

മിൽക് മെയ്ഡ് - 3 ടീസ്പ്പൂൺ

ആദ്യം ബൺ നെയ്യിൽ ഒന്ന് ചൂടാക്കി എടുക്കുക. ബട്ടറും വാനില എസൻസും മിൽക്ക് മെയ്ഡ് / കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ബണ്ണ് മുറിച്ച് അതിനുള്ളിൽ ആവശ്യത്തിന് തേച്ചുകൊടുക്കുക.

ചായ

ആദ്യം കട്ടൻ ചായ തിളപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം പാൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് തിളപ്പിക്കുക. തിള വരുമ്പോൾ എലക്കാപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ശേഷം ഗ്ലാസിലേക്ക് ആദ്യം കട്ടൻ ചായയും ശേഷം തിളപ്പിച്ച പാലും ചേർക്കുക. ഇറാനി ചായ റെഡി.

TAGS :

Next Story