Quantcast

എപ്പോഴും ഓട്‌സ് കഴിക്കുന്നത് ആരോഗ്യകരമോ? ഓട്‌സിലും ഇത്തിരി ശ്രദ്ധയാവാം

ഓട്‌സ് പൊതുവെ ആരോഗ്യകരമായ ഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഓട്‌സ് നിങ്ങളുടെ ശരീരത്തിന് അനുയോജ്യമല്ലെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയാം

MediaOne Logo

Web Desk

  • Published:

    19 Dec 2025 3:22 PM IST

എപ്പോഴും ഓട്‌സ് കഴിക്കുന്നത് ആരോഗ്യകരമോ? ഓട്‌സിലും ഇത്തിരി ശ്രദ്ധയാവാം
X

ഓട്‌സ് പൊതുവെ ആരോഗ്യകരമായ ഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്, അത് ഒരു പരിധി വരെ ശരിയാണുതാനും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം പലരും ഓട്സിനെയാണ് ആശ്രയിക്കുന്നത്. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരവുമാണ്. എന്നാൽ എല്ലാവരുടെയും ശരീരപ്രകൃതി ഒരുപോലെയല്ല. ചിലർക്ക് ഓട്സ് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമായേക്കാം. ഓട്സ് നിങ്ങളുടെ ശരീരത്തിന് അനുയോജ്യമല്ലെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ

ഓട്സിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിന് നല്ലതാണെങ്കിലും, അമിതമായ ഉപയോഗം വിപരീതഫലം ചെയ്യും. ഓട്സ് കഴിച്ചതിനുശേഷം അമിതമായ വയറുവീക്കം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരം ഓട്സിനോട് പൊരുത്തപ്പെടുന്നില്ല എന്നാണ് ഇതിനർഥം.

ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും സെലിയാക് ഡിസീസും

ഓട്സിൽ സ്വാഭാവികമായി ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലെങ്കിലും, പലപ്പോഴും ഗോതമ്പോ മറ്റ് ധാന്യങ്ങളോ സംസ്‌കരിക്കുന്ന അതേ ഇടങ്ങളിൽ വെച്ച് തന്നെ ഓട്സും സംസ്‌കരിക്കാറുണ്ട്. ഇത് ഗ്ലൂട്ടൻ അംശം ഓട്സിലും കലരാൻ കാരണമാകുന്നു. അതിനാൽ പതിവായി ഓട്സ് കഴിക്കുന്നത് വഴി 'സെലിയാക് ഡിസീസ്' (Celiac Disease) ഉള്ളവർക്കോ ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി ഉള്ളവർക്കോ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായേക്കാം.

പോഷകങ്ങളുടെ ആഗിരണം തടയപ്പെടുന്നു

ഓട്സിൽ അടങ്ങിയിരിക്കുന്ന 'ഫൈറ്റിക് ആസിഡ്' (Phytic Acid) ചിലരിൽ പോഷകാഹാരക്കുറവിന് കാരണമാകാറുണ്ട്. ശരീരത്തിന് ആവശ്യമായ കാത്സ്യം, ഇരുമ്പ് (Iron), സിങ്ക് തുടങ്ങിയ ധാതുക്കളെ ആഗിരണം ചെയ്യുന്നതിൽ നിന്ന് ഈ ആസിഡ് തടസ്സം നിൽക്കുന്നു. ഓട്സ് ശീലമാക്കിയതിന് ശേഷം ഇത്തരത്തിലുള്ള പോഷകങ്ങളുടെ കുറവ് കണ്ടുതുടങ്ങിയാൽ ജാഗ്രത പാലിക്കേണ്ടതാണ്.

ചർമത്തിലെ അലർജി

ഓട്സ് കഴിച്ച ഉടൻ ചർമത്തിൽ ചൊറിച്ചിലോ തടിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അലർജിയുടെ ലക്ഷണമാകാം. ഇത്തരക്കാർ ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദഗ്‌ധോപദേശം തേടേണ്ടത് അത്യാവശ്യമാണ്.

വൃക്കരോഗികൾ ശ്രദ്ധിക്കുക

ഓട്സിൽ ഫോസ്ഫറസ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർ ഡോക്ടറുടെ നിർദേശമില്ലാതെ ഓട്സ് അമിതമായി കഴിക്കുന്നത് ബുദ്ധിമുട്ടുകൾ വർധിപ്പിക്കാൻ കാരണമായേക്കാം.

ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും നമ്മുടെ ശരീരത്തിന്റെ പ്രതികരണം അറിഞ്ഞുമാത്രം ഓട്സ് ശീലമാക്കുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനോ ഡോക്ടറുടെ സഹായം തേടാനോ മടിക്കരുത്. മിതമായ അളവിൽ കൃത്യമായ രീതിയിൽ ഓട്സ് കഴിക്കുന്നത് മാത്രമാണ് ആരോഗ്യത്തിന് ഗുണം നൽകുക.

TAGS :

Next Story