മാമ്പഴക്കാലമല്ലേ...മാമ്പഴത്തിന്റെ ഗുണങ്ങളറിഞ്ഞു കഴിക്കാം
ശ്രദ്ധയോടും മിതത്വത്തോടെയും കഴിക്കുകയാണെങ്കിൽ ധാരാളം ഗുണങ്ങൾ മാമ്പഴത്തിലുണ്ടെന്ന് ഡയറ്റീഷ്യനായ ഭരദ്വാജ് പറയുന്നു

വേനലവധി അവസാനിക്കാറായി. വേനൽക്കാലത്തെ രാജാവെന്ന് വിശേഷിപ്പിക്കുന്ന മാമ്പഴമാണ് എവിടെ നോക്കിയാലും. മാമ്പഴ പുളിശ്ശേരിയും, മാങ്ങാക്കറിയും, ജ്യൂസായും സർബത്തായും പല രൂപത്തിൽ ഭാവത്തിൽ തീൻമേശ കൈയ്യടക്കുന്ന മാമ്പഴ വിഭവങ്ങൾ. പ്രിയമേറെയുള്ളതെങ്കിലും ഒരുപാട് തെറ്റിദ്ധാരണകളുടെ കൂടി ഇരയാണ് മാമ്പഴങ്ങൾ. ശരീരം ഭാരം കൂട്ടുമെന്നതിനാലും പഞ്ചസാരയുടെ അളവിനെ ബാധിക്കുമെന്നുമുള്ള കാരണത്താൽ മാമ്പഴം കഴിക്കുന്നതിൽ നിന്നും മാമ്പഴ പ്രേമികൾ പോലും മാറി നിൽക്കാറുണ്ട്. പക്ഷേ കരുതിയിരുന്നത്ര വലിയ വില്ലനല്ലത്രെ മാമ്പഴങ്ങൾ.
ശ്രദ്ധയോടും മിതത്വത്തോടെയും കഴിക്കുകയാണെങ്കിൽ ധാരാളം ഗുണങ്ങൾ മാമ്പഴത്തിലുണ്ടെന്ന് ഡയറ്റീഷ്യനായ ഭരദ്വാജ് പറയുന്നു. മാമ്പഴത്തിന്റെ ഗുണങ്ങളായി ഭരദ്വാജ് പറയുന്നത് ഇവയൊക്കെയാണ്;
താപ പ്രതിരോധ ശേഷി
വേനൽക്കാലത്ത് ഒരു പ്രധാന ആശങ്കയാണ് സൂര്യാതാപം. വിയർക്കുമ്പോൾ ശരീരത്തിന് അവശ്യമായ ഇലക്ട്രോലൈറ്റുകളും ദ്രാവകങ്ങളും നഷ്ടപ്പെടുന്നത് വഴി നിർജ്ജലീകരണം, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
ഇതിനെ പ്രതിരോധിക്കാൻ നല്ലൊരു മാർഗമാണ് പച്ചമാങ്ങ.
പച്ച മാങ്ങയിൽ ഇലക്ട്രോലൈറ്റുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് വിയർപ്പ് മൂലം നഷ്ടപ്പെടുന്ന ലവണങ്ങൾ നിറയ്ക്കുന്നതിലൂടെ നിർജ്ജലീകരണം തടയുന്നു. ഉഷ്ണതരംഗ സമയത്ത് പച്ച മാമ്പഴം കഴിക്കുന്നത് ഏകദേശം 68 ശതമാനം ആളുകളിലും തലകറക്കം, വയറുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് ജേണൽ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് റിസർച്ചിലെ പഠനത്തിൽ പറയുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
വേനൽക്കാലത്ത് താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ പനി, ചുമ, അണുബാധ എന്നിവയ്ക്ക് കാരണമാകാറുണ്ട്. മാമ്പഴത്തിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാമ്പഴം സഹായിക്കുന്നു. ഒരു കപ്പ് മാമ്പഴത്തിൽ ഒരു ദിവസം കഴിച്ചിരിക്കേണ്ട വൈറ്റമിൻ സി യുടെ എഴുപത് ശതമാനത്തോളം അടങ്ങിയിരിക്കുന്നു.
ചർമ്മത്തിന് തിളക്കം നൽകുന്ന വൈറ്റമിൻ എ യും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
തിളക്കമുള്ള ചർമ്മം പ്രദാനം ചെയ്യുന്നു
മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിനാവശ്യമായ വൈറ്റമിൻ എ ലഭിക്കുന്നു. ചർമ്മത്തിന്റെ പുനരുജ്ജീവന പ്രക്രിയയ്ക്ക് ഇത് ആവശ്യമാണ്. വൈറ്റമിൻ എ യുടെ അഭാവം മുൂലമാണ് വരണ്ട ചർമ്മം, അടർന്നുപോകുന്ന ചർമ്മം, മുഖക്കുരു എന്നിവയുണ്ടാകുന്നത്. പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും കൂടാതെ ഫ്രീ റാഡിക്കലുകളെ തുരത്തി അകാല വാർദ്ധക്യ ലക്ഷണങ്ങൾ തടയുന്നതിനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും മാമ്പഴം സഹായിക്കുന്നു.
വയറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
ഇന്ത്യയിലെ വേനൽക്കാലം പലപ്പോഴും ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. വയറു വീർക്കൽ , ഗ്യാസ്, അസിഡിറ്റി പോലുള്ളവ സ്ഥിരം പ്രശ്നങ്ങളാണ്. മാമ്പഴത്തിൽ അമൈലേസ് പോലുള്ള ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റുകൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മാങ്ങയിലടങ്ങിയിരിക്കുന്ന നാരുകളും വയറിന്റെ ആരോഗ്യത്തെ പുഷ്ഠിപ്പെടുത്തുന്നു.
കണ്ണിന്റെ ആരോഗ്യം
കാരറ്റുകളാണ് സാധാരണയായി കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണമായി നമുക്ക് അറിയാവുന്നത്. എന്നാൽ മാമ്പഴങ്ങളിലും ഇതേ ഗുണമടങ്ങിയിട്ടുണ്ട്. നിശാന്ധത തടയാനും, വരണ്ട കണ്ണുകൾ, റെറ്റിനയുടെ ആരോഗ്യം എന്നിവ സംരക്ഷിക്കാനും ആവശ്യമായ വൈറ്റമിൻ എ നൽകാൻ മാമ്പഴങ്ങൾക്ക് സാധിക്കും. ഒരു ദിവസം ലഭിക്കേണ്ടതിന്റെ 25% വൈറ്റമിൻ ഒരു മാമ്പഴത്തിൽ നിന്ന് മാത്രം ലഭിക്കും.
നല്ല മാനസികാവസ്ഥ നൽകും
മാനസികാവസ്ഥയെ നല്ലതാക്കാൻ മാമ്പഴങ്ങൾ സഹായിക്കുമെന്നാണ് കണ്ടെത്തൽ. വൈറ്റമിൻ ബി6 ഉള്ളതിനാൽ ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന സെറോട്ടോണിൻ ഉൽപാദിപ്പിക്കാൻ മാമ്പഴം സഹായിക്കുന്നു. പിത്ത ദോഷത്തെ നിയന്ത്രിക്കാനും വികാരങ്ങളെ ശമിപ്പിക്കാനും മാമ്പഴങ്ങൾക്ക് കഴിയുമെന്ന് ആയുർവേദത്തിലും അവകാശപ്പെടുന്നുണ്ട്.
Adjust Story Font
16

