Quantcast

പാത്രം കഴുകാന്‍ സ്‌പോഞ്ചാണോ ഉപയോഗിക്കാറ്?; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മലിനമായ അടുക്കള ഉപകരണങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾ ഛർദ്ദി, വയറിളക്കം അല്ലെങ്കിൽ വയറുവേദന പോലുള്ള ഭക്ഷ്യവിഷബാധകള്‍ക്ക് കാരണമാകും

MediaOne Logo
പാത്രം കഴുകാന്‍ സ്‌പോഞ്ചാണോ ഉപയോഗിക്കാറ്?; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
X

വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ക്ലീനിംഗ് ഉപകരണങ്ങളിൽ ഒന്നാണ് അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. പാത്രങ്ങൾ കഴുകുന്നതിന് പുറമെ അടുക്കളയിലെ സ്ലാബും ടേബിളും തുടയ്ക്കാനുമെല്ലാം സ്പോഞ്ച് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ, പുറമെ നോക്കുമ്പോൾ വൃത്തിയുള്ളതെന്ന് തോന്നുമെങ്കിലും, നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടകാരിയായ വസ്തു ഇതാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്പോഞ്ചുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വീട്ടിനുള്ളിലെ ഏറ്റവും വൃത്തയില്ലാത്ത വസ്തുവായി മാറുമെന്നും ദോഷകരമായ നിരവധി ബാക്ടീരിയകളുടെ വിഹാര കേന്ദ്രം കൂടിയാകുമെന്നും ന്യൂട്രീഷൻ കോച്ചായ റയാൻ ഫെർണാണ്ടോ മുന്നറിയിപ്പ് നൽകുന്നു.

വീട്ടിനുള്ളിലെ 'നിശബ്ദ കൊലയാളി'

സ്പോഞ്ചിന്റെ സുഷിരങ്ങൾ ബാക്ടീരിയകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ഈ സുഷിരങ്ങൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങിനിൽക്കുന്നത് ബാക്ടീരിയകളുടെ പ്രജനനം വേഗത്തിലാക്കുന്നു. ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അതേ സ്പോഞ്ച് മറ്റ് പാത്രങ്ങളിലേക്കോ അടുക്കള പ്രതലങ്ങളിലേക്കോ ബാക്ടീരിയകൾ വ്യാപിപ്പിച്ചേക്കാം. ശരാശരി ഒരു സ്പോഞ്ചിൽ ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.

രോഗാണുക്കളുടെ വിളനിലം

പാചകം ചെയ്യാത്ത മാംസം, മീൻ, പച്ചക്കറികൾ എന്നിവയിൽ സാൽമൊണെല്ല അല്ലെങ്കിൽ ഇ കോളി പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇ ബാക്ടീരിയകള്‍ സ്പോഞ്ചിൽ പെട്ടെന്ന് പറ്റിപ്പിടിക്കും. ഈ സ്പോഞ്ച് ഉപയോഗിച്ച് മറ്റ് പാത്രങ്ങൾ കഴുകുമ്പോഴോ സ്ലാബ് തുടയ്ക്കുമ്പോഴോ ഈ രോഗാണുക്കൾ അവിടെയെല്ലാം വ്യാപിക്കാനും സാധ്യതയുണ്ട്.

ഭക്ഷ്യവിഷബാധ

സ്പോഞ്ചിലൂടെ പകരുന്ന ബാക്ടീരിയകൾ ഗുരുതരമായ വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്കും പ്രായമായവർക്കും ഇത് വലിയ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാം.ഇതിന് പുറമെ പ്രതിരോധശേഷി കുറവുള്ളവരിലും ഇ.കോളി അല്ലെങ്കിൽ സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഭക്ഷ്യജന്യ അണുബാധകൾ വൃക്കകൾ പോലുള്ള അവയവങ്ങളെ ബാധിക്കുന്ന രീതിയിലേക്കും മാറാം

ദുർഗന്ധം

സ്പോഞ്ചിൽ നിന്ന് വരുന്ന മോശം ഗന്ധം അതിൽ ബാക്ടീരിയകൾ അമിതമായി വളരുന്നു എന്നതിന്റെ സൂചനയാണ്.

സ്പോഞ്ച് സുരക്ഷിതമായി ഉപയോഗിക്കാൻ ചില പോംവഴികൾ

സ്പോഞ്ച് കൃത്യസമയത്ത് മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉപയോഗത്തിന്റെ തോത് അനുസരിച്ച് ഓരോ ഒന്ന് അല്ലെങ്കിൽ രണ്ട് ആഴ്ച കൂടുമ്പോൾ പഴയ സ്പോഞ്ച് കളഞ്ഞ് പുതിയത് ഉപയോഗിക്കണം.

ഓരോ തവണ പാത്രങ്ങൾ കഴുകിയ ശേഷവും സ്പോഞ്ചിലെ സോപ്പും ഭക്ഷണാവശിഷ്ടങ്ങളും പൂർണ്ണമായും നീക്കം ചെയ്യണം.

ഈർപ്പമുള്ള സ്ഥലത്താണ് ബാക്ടീരിയകൾ വളരുന്നത്. അതിനാൽ സ്പോഞ്ച് ഉപയോഗിച്ച ശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് വായുസഞ്ചാരമുള്ള ഒരിടത്ത് ഉണങ്ങാൻ വെക്കുക. സിങ്കിനുള്ളിലോ വെള്ളം തങ്ങിനിൽക്കുന്ന പാത്രങ്ങളിലോ സ്പോഞ്ച് വെക്കരുത്.

പലരും സ്പോഞ്ചുകൾ മൈക്രോവേവിൽ ചൂടാക്കിയോ തിളച്ച വെള്ളത്തിൽ ഇട്ട് അണുവിമുക്തമാക്കാൻ ശ്രമിക്കാറുണ്ട്. ഈ രീതികൾ ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, എല്ലാ അണുക്കളെയും പൂർണ്ണമായും ഇല്ലാതാക്കാൻ അവയ്ക്ക് കഴിഞ്ഞേക്കില്ല. ബാക്ടീരിയകളെ നശിപ്പിക്കാന്‍ നനഞ്ഞ സ്പോഞ്ച് ഒരു മിനിറ്റ് നേരം മൈക്രോവേവ് ചെയ്യുകയോ വളരെ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്.എങ്കിലും ഇത് പൂർണ്ണമായ ഒരു പരിഹാരമല്ല.

സ്പോഞ്ചിന് പകരം വേഗത്തിൽ ഉണങ്ങുന്ന ഡിഷ് ബ്രഷുകളോ കോട്ടൺ തുണികളോ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. തുണികൾ ഓരോ ഉപയോഗത്തിന് ശേഷവും ചൂടുവെള്ളത്തിൽ കഴുകി ഉണക്കാം.

അടുക്കളയിലെ പാത്രങ്ങൾ തിളങ്ങുന്നതിനേക്കാൾ പ്രധാനം ആ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് എത്രത്തോളം സുരക്ഷിതമാണ് എന്നതാണെന്ന് തിരിച്ചറിയുക. അടുക്കള ശുചിത്വം പാലിക്കുന്നതിന് സ്പോഞ്ചുകൾ പതിവായി വൃത്തിയാക്കുന്നതും മാറ്റി സ്ഥാപിക്കുന്നതും പ്രധാനമാണ്.അടുക്കള വൃത്തിയായി സൂക്ഷിക്കുക, സ്പോഞ്ചുകൾ പതിവായി മാറ്റുക, വൃത്തിയോടെ ഭക്ഷണം പാകം ചെയ്യുക എന്നിവയിലൂടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.


TAGS :

Next Story