Quantcast

പത്ത് മിനിറ്റ് മാറ്റിവെക്കാനുണ്ടോ?; കഠിനമായ ഡയറ്റോ വ്യായാമമോ ഇല്ലാതെ ബ്ലഡ് ഷുഗര്‍ കുറക്കാന്‍ മാര്‍ഗമുണ്ട്...

തിരക്കേറിയ ജീവിതശൈലിക്കിടയിലും ആർക്കും എളുപ്പത്തിൽ പിന്തുടരാവുന്ന ഈ ചെറിയ ശീലം, പ്രമേഹത്തെയും ഫാറ്റി ലിവറിനെയും അകറ്റിനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 Feb 2026 11:59 AM IST

പത്ത് മിനിറ്റ് മാറ്റിവെക്കാനുണ്ടോ?; കഠിനമായ ഡയറ്റോ വ്യായാമമോ ഇല്ലാതെ ബ്ലഡ് ഷുഗര്‍ കുറക്കാന്‍ മാര്‍ഗമുണ്ട്...
X

ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗങ്ങള്‍ വരാതിരിക്കാനും ഏത് മാര്‍ഗങ്ങളും സ്വീകരിക്കാന്‍ നമുക്ക് മടിയില്ല. കൃത്യമായ ഭക്ഷണവും വ്യായാമവുമെല്ലാം രോഗങ്ങള്‍ അകറ്റി നിര്‍ത്തുമെന്ന് ഡോക്ടര്‍മാരും പറയുന്നു. ഇന്ന് ഒട്ടുമിക്ക പേരിലും കാണുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ഈ രോഗാവസ്ഥക്ക് കാരണം. പ്രമേഹം കൂടുന്നത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി കഠിനമായ ഡയറ്റും മണിക്കൂറുകൾ നീളുന്ന വ്യായാമമുറകളും പിന്തുടർന്ന് മടുത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാൻ ഒരു ചെറിയ ജീവിതശൈലീ മാറ്റത്തിലൂടെ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആ മാജിക് ഇതാണ്..

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ കഠിനമായ ഭക്ഷണ നിയന്ത്രണം വേണമെന്നാണ് ഒട്ടുമിക്ക പേരും കരുതുന്നത്. എന്നാല്‍ ഭക്ഷണത്തിനു ശേഷം നിങ്ങള്‍ക്ക് 10 മിനിറ്റ് നടക്കാന്‍ കഴിയുമെങ്കില്‍ ഇതാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് ഇന്ത്യയിലെ പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി പറയുന്നു

നമ്മുടെ കാലിലെ പേശികൾ ഒരു 'സ്പോഞ്ച്' പോലെയാണ്. നടക്കുമ്പോൾ ഈ പേശികൾ രക്തത്തിൽ നിന്ന് നേരിട്ട് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നു." രക്തത്തിലെ ഗ്ലൂക്കോസ് കുറയുമ്പോൾ ശരീരം കുറഞ്ഞ അളവിൽ മാത്രമേ ഇൻസുലിൻ പുറപ്പെടുവിക്കൂ. ഇൻസുലിൻ അളവ് കുറയുന്നത് കരളിലേക്ക് കൊഴുപ്പ് എത്തുന്നത് തടയുകയും ചെയ്യും.

പ്രീ-ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ്,ഫാറ്റി ലിവർ,അമിതഭാരം, വയറിലെ കൊഴുപ്പ്, മധുരപലഹാരങ്ങള്‍ കഴിക്കാനുള്ള അമിതമായ ആഗ്രഹം തുടങ്ങിയവ തടയാന്‍ ഈ നടത്തം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നടക്കുമ്പോൾ പേശികൾ ഗ്ലൂക്കോസ് ഊർജ്ജമായി ഉപയോഗിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. ശാരീരിക ചലനങ്ങൾ ദഹനത്തെ ഉത്തേജിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. മെറ്റബോളിസം മെച്ചപ്പെടുന്നതിലൂടെ ശരീരത്തിലെ ഊർജ്ജം കൃത്യമായി വിനിയോഗിക്കപ്പെടുകയും വയറിലെ കൊഴുപ്പ് കുറക്കാനും സാധിക്കും. ക്ഷീണം അനുഭവപ്പെടാതെ ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കാനും ഇതുവഴി സാധിക്കും.

ജിമ്മില്‍ പോകണോ ?

ശരിയായ വ്യായമം ലഭിക്കാന്‍ ജിമ്മില്‍ പോകണമെന്നില്ലെന്നും ഡോ. സൗരഭ് സേത്തി പറയുന്നു. വീടിനുള്ളിൽ തന്നെ അല്പനേരം ഉലാത്തുന്നത് പോലും രക്തത്തിലെ പഞ്ചസാര കുറക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ചുരുക്കത്തിൽ, ഭക്ഷണത്തിന് ശേഷം വെറും 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനായി കർശനമായ ഡയറ്റോ കഠിനമായ വർക്കൗട്ടുകളോ ആവശ്യമില്ല എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം.

തിരക്കേറിയ ജീവിതശൈലിക്കിടയിലും ആർക്കും എളുപ്പത്തിൽ പിന്തുടരാവുന്ന ഈ ചെറിയ ശീലം, പ്രമേഹത്തെയും ഫാറ്റി ലിവറിനെയും അകറ്റിനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം ചെറിയ ചുവടുവെപ്പുകളിലൂടെ ആരോഗ്യകരമായ ജീവിതം നിങ്ങള്‍ക്കും സ്വന്തമാക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഏത് രോഗമാണെങ്കിലും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച് ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതാണ് അഭികാമ്യം.


TAGS :

Next Story