'ഒരു വട്ടം പരാജയപ്പെട്ടാൽ സ്വപ്നം അവസാനിക്കുന്നില്ല'; സ്വന്തം ഐവിഎഫ് പരാജയവും അതിജീവനവും പങ്കുവെച്ച് ഗൈനക്കോളജിസ്റ്റ്
ഒരു വന്ധ്യതാ നിവാരണ വിദഗ്ദ്ധയായിട്ടും തന്റെ സ്വന്തം ഐവിഎഫ് സൈക്കിൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്ടർ പറയുന്നത്

മുംബൈ: വന്ധ്യതാ നിവാരണത്തിനും ഗർഭധാരണത്തിനുമായി ഇന്ന് ധാരാളം ആളുകൾ ആശ്രയിക്കുന്ന ചികിത്സാരീതിയാണ് ഐവിഎഫ് (In Vitro Fertilisation). എന്നാൽ, സാമ്പത്തികമായും ശാരീരികമായും അതിലുപരി മാനസികമായും ഏറെ തളർത്തുന്ന ഒന്നാണ് ഈ പ്രക്രിയ. ശരീരഭാരം വർധിക്കൽ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സ്ത്രീകൾ അനുഭവിക്കാറുണ്ട്. പലപ്പോഴും ആദ്യ ശ്രമം പരാജയപ്പെടുമ്പോൾ തന്നെ പലരും പ്രതീക്ഷ കൈവിടാറുമുണ്ട്.
എന്നാൽ, ആദ്യ ശ്രമം പരാജയപ്പെട്ടാൽ നിങ്ങളുടെ മാതാപിതാക്കളാകാനുള്ള സ്വപ്നം അവസാനിക്കുന്നില്ലെന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയായ പ്രമുഖ ഐവിഎഫ് വിദഗ്ദ്ധ ഡോ. തനുശ്രീ പാണ്ഡെ പഡ്‌ഗാവോങ്കർ. ഒരു വന്ധ്യതാ നിവാരണ വിദഗ്ദ്ധയായിട്ടും തന്റെ സ്വന്തം ഐവിഎഫ് സൈക്കിൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഇൻസ്റ്റാഗ്രാമിലൂടെയാണ് പറഞ്ഞത്. ചികിത്സാ വേളയിൽ താൻ കരയുന്ന ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട്, ഇത്തരം ഘട്ടങ്ങളിൽ മുന്നോട്ട് പോകാൻ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങളും ഡോക്ടർ പങ്കുവെക്കുന്നത്.
1. സ്ട്രെങ്ത് ട്രെയിനിംഗ് ശീലമാക്കുക (Strength Training)
ഐവിഎഫ് ചെയ്യുന്ന സ്ത്രീകൾ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നത് ശീലമാക്കണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. കഠിനമായ ചാട്ടങ്ങളോ എച്ച്ഐഐടി (HIIT - High-Intensity Interval Training) പോലെയുള്ള കഠിന വ്യായാമങ്ങളോ ഒഴിവാക്കണം. കാരണം ഇവ ശരീരത്തിലെ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കൂട്ടാൻ കാരണമാകും. ശരിയായ രീതിയിലുള്ള സ്ട്രെങ്ത് ട്രെയിനിംഗ് ഭാരം നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ തടയാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ചികിത്സാ വേളയിലുണ്ടാകുന്ന ആശങ്കകളെ മറികടക്കാൻ സ്ത്രീകളെ പ്രാപ്തരാക്കും.
2. ഈ യാത്രയിൽ നിങ്ങൾ ഒറ്റയ്ക്കല്ല; തുറന്നു സംസാരിക്കുക
ഐവിഎഫ് ഒരു വിലക്കപ്പെട്ട കാര്യമാണെന്ന് കരുതി പല സ്ത്രീകളും ഈ വിഷമം ഉള്ളിലൊതുക്കി ഒറ്റയ്ക്ക് അനുഭവിക്കാറുണ്ട്. സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില മോശം പരാമർശങ്ങൾ ഇവരെ കൂടുതൽ ഒറ്റപ്പെടുത്തും.
"ഐവിഎഫ് ചികിത്സയിൽ യാതൊരുവിധ അപകർഷതാബോധവും തോന്നേണ്ട കാര്യമില്ല. സംസാരിക്കൂ, നിങ്ങൾക്ക് എത്രത്തോളം സംസാരിക്കണോ അത്രത്തോളം തുറന്നു സംസാരിക്കൂ." എന്നാണ് തനുശ്രീ പറയുന്നത്. നിങ്ങളുടെ കുടുംബത്തോടോ, സുഹൃത്തുക്കളോടോ, ഡോക്ടറോടോ അല്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിനോടോ നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കുക. ചിന്തകൾ ഒരു ഡയറിയിൽ കുറിച്ചുവെക്കുന്നതും നല്ലതാണ്. കൂടുതൽ സംസാരിക്കുന്നതിലൂടെ നിങ്ങൾ ഈ പ്രക്രിയയുമായി കൂടുതൽ പൊരുത്തപ്പെടുകയും സങ്കീർണ്ണമായ ചികിത്സാ ഘട്ടങ്ങളെ എളുപ്പത്തിൽ നേരിടാൻ മാനസിക കരുത്ത് നേടുകയും ചെയ്യും.
3. സൈക്കിളുകൾക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുക
ആദ്യത്തെ സൈക്കിൾ പരാജയപ്പെട്ടാൽ ഉടനടി അടുത്തതിലേക്ക് കടക്കാതെ ഡോക്ടറുടെ അനുവാദത്തോടെ ചെറിയൊരു ഇടവേള എടുക്കണമെന്നാണ് ഡോ. തനുശ്രീ നിർദേശിക്കുന്നത്. ഈ ഇടവേളയിൽ ഒരു ചെറിയ യാത്ര പോകാനോ, വർദ്ധിച്ച ശരീരഭാരം കുറയ്ക്കാനോ, ശരിയായ ആഹാരരീതി പിന്തുടരാനോ ശ്രദ്ധിക്കുക. സാമ്പത്തികമായും ശാരീരികമായും വലിയ നിക്ഷേപം ആവശ്യമുള്ള ഒന്നായതിനാൽ നിങ്ങളുടെ സ്വന്തം വേഗതയിൽ മാത്രം മുന്നോട്ട് പോവുക, മാനസികാരോഗ്യത്തിന് മുൻഗണന നൽകുക.
അടുത്ത സൈക്കിളിലേക്ക് കടക്കുന്നതിന് മുൻപ് ഹോർമോൺ സന്തുലിതാവസ്ഥ, പോഷകാഹാരം, ജീവിതശൈലി, ഉറക്കത്തിന്റെ ഗുണനിലവാരം, സ്ട്രെസ് ലെവൽ എന്നിവ പരിശോധിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഒരു വട്ടത്തെ പരാജയം യാത്രയുടെ അവസാനമല്ല, മറിച്ച് വിജയത്തിലേക്കുള്ള പാതയുടെ ഒരു ഭാഗം മാത്രമാണെന്ന് പറഞ്ഞാണ് ഡോക്ടർ വിഡിയോ അവസാനിപ്പിക്കുന്നത്.
Adjust Story Font
16

