Quantcast

ജന്മനാ ബധിരരായവർക്ക് ആശ്വാസം: ആഴ്ചകൾക്കുള്ളിൽ കേൾവിശക്തി തിരികെ നൽകാൻ പുതിയ ജീൻ തെറാപ്പി

ശരീരത്തിലെ കേൾവിക്ക് സഹായിക്കുന്ന നിർണായകമായ ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ജീനുകളിലെ തകരാറാണ് പലരിലും ജന്മനാ ഉള്ള വൈകല്യത്തിന് കാരണമാകുന്നത്. ഈ തകരാർ പരിഹരിക്കാനായി വികസിപ്പിച്ചെടുത്ത ജീൻ തെറാപ്പി പരീക്ഷണങ്ങളിൽ വൻ വിജയമാണെന്ന് കണ്ടെത്തി

MediaOne Logo
ജന്മനാ ബധിരരായവർക്ക് ആശ്വാസം: ആഴ്ചകൾക്കുള്ളിൽ കേൾവിശക്തി തിരികെ നൽകാൻ പുതിയ ജീൻ തെറാപ്പി
X

ബീജിങ്: കേൾവിശക്തിയില്ലാതെ ജനിക്കുന്നവർക്ക് പുതിയ പ്രതീക്ഷയേകി വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മുന്നേറ്റം. ഒരു പുതിയ ജീൻ തെറാപ്പിയിലൂടെ ജന്മനാ ബധിരരായവർക്ക് ആഴ്ചകൾക്കുള്ളിൽ കേൾവിശക്തി വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ശരീരത്തിലെ കേൾവിക്ക് സഹായിക്കുന്ന നിർണായകമായ ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ജീനുകളിലെ തകരാറാണ് പലരിലും ജന്മനാ ഉള്ള വൈകല്യത്തിന് കാരണമാകുന്നത്. ഈ തകരാർ പരിഹരിക്കാനായി വികസിപ്പിച്ചെടുത്ത ജീൻ തെറാപ്പി പരീക്ഷണങ്ങളിൽ വൻ വിജയമാണെന്ന് കണ്ടെത്തി.

ചൈനയിലെ ആശുപത്രികളുമായും സർവകലാശാലകളുമായും സഹകരിച്ച് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 'ബധിരതയുടെ ജനിതക ചികിത്സയിലെ ഒരു വലിയ ചുവടുവെപ്പാണിത്. ഇത് കുട്ടികളുടെയും മുതിർന്നവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.' കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ സയൻസ്, ഇന്റർവെൻഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിലെ കൺസൾട്ടന്റും ഈ പഠനത്തിന്റെ പ്രധാന രചയിതാക്കളിൽ ഒരാളുമായ മൗലി ഡുവാൻ പറഞ്ഞു.

പരീക്ഷണത്തിന്റെ ഭാഗമായി ഈ ചികിത്സക്ക് വിധേയരായ കുട്ടികളിൽ വെറും നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ തന്നെ ശബ്ദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കൈവന്നതായി ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ഉൾചെവിയിലേക്ക് നേരിട്ട് ഒരു നിശ്ചിത ജീൻ കുത്തിവെച്ചാണ് ഈ ചികിത്സ നടത്തുന്നത്. ഇത് കേൾവിക്ക് ആവശ്യമായ കോശങ്ങളെ ഉത്തേജിപ്പിക്കുകയും മസ്തിഷ്കത്തിലേക്ക് ശബ്ദതരംഗങ്ങൾ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നിലവിൽ കോക്ലിയർ ഇംപ്ലാന്റുകൾ പോലുള്ള മാർഗങ്ങളാണ് കേൾവി വൈകല്യത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ജീൻ തെറാപ്പിയിലൂടെ സ്വാഭാവികമായ രീതിയിൽ കേൾവിശക്തി വീണ്ടെടുക്കാൻ കഴിയുമെന്നത് വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു. ഈ ചികിത്സാരീതി കൂടുതൽ ആളുകളിലേക്ക് എത്തുന്നതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ഈ ചികിത്സാരീതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കും. ബധിരത പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഒരു ഭാവിയിലേക്ക് ഈ കണ്ടെത്തൽ വഴിതുറക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

TAGS :

Next Story