Quantcast

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണോ?

യുഎസ് പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് അടുത്ത കാലത്ത് നടത്തിയ പ്രസ്താവനയാണ് പാരസെറ്റമോളിനെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചത്

MediaOne Logo
Paracetamol is safe in pregnancy, says study refuting Trump autism claims
X

പാരസെറ്റമോള്‍ ഗുളിക കാണാത്തവരോ കഴിക്കാത്തവരോ കുറവായിരിക്കും. ചെറിയ തലവേദനയോ പനിയോ മറ്റോ വരുമ്പോള്‍ പലരും സ്ഥിരമായി കഴിക്കുന്നതാണ് പാരസെറ്റമോള്‍ ഗുളികകള്‍. പാരസെറ്റമോളിന് പാര്‍ശ്വഫലങ്ങളുണ്ടെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ ഏറെക്കാലമായുണ്ട്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണോ? ഈയൊരു ചോദ്യവും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍, ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

യുഎസ് പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് അടുത്ത കാലത്ത് നടത്തിയ പ്രസ്താവനയാണ് പാരസെറ്റാമോളിനെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചത്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാമെന്നുമായിരുന്നു ട്രംപിന്‌റെ വാദം. എന്നാല്‍, ഇതിനെതിരെ ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ട്രംപിന്‌റെ പ്രസ്താവന തള്ളിയിരുന്നു.


പഠനം പറയുന്നത് ഇങ്ങനെ

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗത്തെ കുറിച്ച് നടത്തിയ 43 പഠനങ്ങളില്‍ നിന്നുള്ള നിഗമനങ്ങളാണ് ഗവേഷകര്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചത്. ലണ്ടന്‍ സര്‍വകലാശാലയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് മറ്റേണല്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗത്തിലെ പ്രഫസര്‍ അസ്മ ഖലീലിന്‌റെ നേതൃത്വത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ''പാരസെറ്റമോളിന് കുഞ്ഞുങ്ങളിലെ ഓട്ടിസവുമായി ഒരു തരത്തിലുള്ള ബന്ധവും ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിക്കുന്നത് ജനിക്കാന്‍ പോകുന്ന കുട്ടികളില്‍ ഓട്ടിസം, എഡിഎച്ച്ഡി, ശാരീരിക മാനസിക വെല്ലുവിളികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിന് യാതൊരു തെളിവുകളുമില്ല. പാരസെറ്റമോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗര്‍ഭകാലത്ത് കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല'' -പ്രഫസര്‍ അസ്മ ഖലീല്‍ പറയുന്നു. ഗര്‍ഭകാലത്തെ പനി, വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും പ്രാഥമികമായി നിര്‍ദേശിക്കുന്ന ഗുളികയാണ് പാരസെറ്റമോള്‍. അതിനാല്‍ പാരസെറ്റമോളിന്‌റെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു.

വില്ലനാണോ പാരസെറ്റമോള്‍

പാരസെറ്റമോളിന്‌റെ സുരക്ഷ എല്ലാക്കാലത്തും ചര്‍ച്ചയാണ്. സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും അമിതമായ ഉപയോഗം പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. രക്തസമ്മര്‍ദമുള്ളവരും ഹൃദയാഘാത സാധ്യതയുള്ളവരും പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. പാരസെറ്റമോളിന്റെ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദം കൂട്ടുകയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകള്‍ക്ക് പാരസെറ്റമോള്‍ നിര്‍ദേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നു. 65 വയസിനു മുകളിലുള്ളവരില്‍ സ്ഥിരമായി പാരസെറ്റമോള്‍ കഴിക്കുന്നത് അന്നനാളം, വൃക്ക, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ വര്‍ധിപ്പിക്കുമെന്നും പറയുന്നുണ്ട്.

അന്ന് ട്രംപ് പറഞ്ഞതെന്ത്

യുഎസില്‍ കുഞ്ഞുങ്ങളില്‍ ഓട്ടിസം വര്‍ധിക്കുന്നതില്‍ ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നതുമായി ബന്ധമുണ്ടെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപിന്‌റെ ആരോപണം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ വേദന സംഹാരിയായ ടൈലനോള്‍ (പാരസെറ്റമോള്‍) ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം. അസെറ്റമോമിനോഫെന്‍ എന്ന മരുന്നിന്റെ ബ്രാന്‍ഡ് നെയിമാണ് ടൈലനോള്‍. ഇന്ത്യയിലും യുകെയിലും പാരസെറ്റമോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വാദം.

ട്രംപിനെ തള്ളി ലോകാരോഗ്യ സംഘടനയും

ട്രംപിന്റെ പ്രസ്താവനയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ തള്ളിയിരുന്നു. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഈ വിഷയത്തില്‍ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടന വിവാദമുയര്‍ന്ന ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

TAGS :
Next Story