Quantcast

മരുന്ന് കഴിക്കുന്നവർ നോമ്പെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ അതിന്റെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടി വരും

MediaOne Logo

Web Desk

  • Published:

    19 Feb 2026 4:14 PM IST

മരുന്ന് കഴിക്കുന്നവർ നോമ്പെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
X

റമദാൻ വ്രതം കേവലം ഒരു ആത്മീയ കർമ്മം മാത്രമല്ല, കൃത്യമായ മുൻകരുതലുകൾ എടുത്താൽ ശരീരത്തിന് വലിയ ഗുണങ്ങൾ നൽകുന്നതിന് ഒരു മാസത്തെ വ്രതാനുഷ്ഠാനം സഹായിക്കും. പകൽ മുഴുവൻ നീളുന്ന ഉപവാസത്തിന് ശേഷം നാം എന്ത് കഴിക്കുന്നു, എങ്ങനെ വിശ്രമിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. "വ്രതം ശരീരത്തിന് നൽകുന്ന ഉന്മേഷം നിലനിർത്തണമെങ്കിൽ ഭക്ഷണത്തിലും വ്യായാമത്തിലും ഉറക്കത്തിലും കൃത്യമായ അച്ചടക്കം പാലിക്കണം" എന്ന് അൽമാസ് ഹോസ്പിറ്റൽ മാനേജിങ് ‍ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എ. കബീർ വ്യക്തമാക്കുന്നു. വ്രതകാലത്തെ ശരിയായ ആരോഗ്യരീതികളെക്കുറിച്ച് അദ്ദേഹം നൽകുന്ന നിർദേശങ്ങൾ പരിശോധിക്കാം.

നോമ്പ് തുറക്കുന്ന വേളയിൽ മധുരം ചേർത്ത പാനീയങ്ങളോ കൃത്രിമ ജ്യൂസുകളോ ഒഴിവാക്കി പച്ചവെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ദീർഘനേരം ഒഴിഞ്ഞുകിടക്കുന്ന വയറിലേക്ക് പെട്ടെന്ന് ആസിഡ് അടങ്ങിയതോ എരിവുള്ളതോ ആയ ഭക്ഷണങ്ങൾ എത്തുന്നത് ഗ്യാസ് ട്രബിൾ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ജ്യൂസിന് പകരം പഴങ്ങൾ നേരിട്ട് കഴിക്കുന്നത് നാരുകൾ ശരീരത്തിൽ എത്താൻ സഹായിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ദാഹം തീർക്കാൻ ഏറ്റവും മികച്ചത് പച്ചവെള്ളമാണെന്ന സത്യം നാം മറക്കരുത്.

പകൽ മുഴുവൻ പട്ടിണി കിടന്നല്ലോ എന്ന ചിന്തയിൽ നോമ്പ് തുറക്കുമ്പോൾ വിഭവസമൃദ്ധമായ ഭക്ഷണത്തിലേക്ക് ചാടിവീഴുന്നത് അത്യന്തം അപകടമാണ്. ദീർഘനേരം വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയെ പെട്ടെന്ന് സമ്മർ​ദത്തിലാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് ലഘുവായി നോമ്പ് തുറന്ന ശേഷം ഘട്ടംഘട്ടമായി മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് പിന്തുടരേണ്ടത്. അത്താഴത്തിന് നാരുകൾ കൂടുതലടങ്ങിയ ഓട്‌സ്, ചെറുധാന്യങ്ങൾ (Millets) എന്നിവ ഉൾപ്പെടുത്തുന്നത് പകൽ മുഴുവൻ വിശപ്പ് കുറയ്ക്കാനും ഊർജം നിലനിർത്താനും സഹായിക്കും. പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കാൻ മുട്ട, പാൽ, നോൺ-വെജ് വിഭവങ്ങൾ എന്നിവ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ വ്രതം തുടങ്ങുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ട്. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ അതിന്റെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടി വരും. വ്രതസമയത്ത് അമിതമായ തളർച്ചയോ വിയർപ്പോ തോന്നുകയാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ (Hypoglycemia) ലക്ഷണമാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഡോക്ടർ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്: "ഒരാൾക്ക് നോമ്പിനിടയിൽ അമിതമായ തളർച്ചയോ വിയർപ്പോ അനുഭവപ്പെട്ടാൽ ശാഠ്യം പിടിക്കാതെ ഉടൻ തന്നെ മധുരം നൽകി നോമ്പ് മുറിക്കേണ്ടതാണ്. ജീവൻ രക്ഷിക്കുന്നതിനാണ് അവിടെ മുൻഗണന നൽകേണ്ടത്."

വ്രതകാലത്ത് ഉറക്കം ക്രമീകരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. രാത്രിയിലെ പ്രാർത്ഥനകളും അത്താഴത്തിനുള്ള നേരത്തെ എഴുന്നേൽക്കലും കാരണം ഉറക്കം കുറയാൻ സാധ്യതയുണ്ട്. അതിനാൽ പകൽ സമയം ചെറിയ വിശ്രമം കണ്ടെത്തുന്നത് നല്ലതാണ്. രാത്രികാലങ്ങളിൽ ചുരുങ്ങിയത് 6-7 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് പകൽ സമയത്തെ ക്ഷീണമകറ്റാൻ സഹായിക്കും. വ്യായാമം ചെയ്യുന്നവർ നോമ്പ് തുറന്ന ഉടനെ ജിമ്മിൽ പോകുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞുമാത്രമേ കഠിനമായ വ്യായാമങ്ങൾ ചെയ്യാവൂ എന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

ആരോഗ്യകരമായ ഈ ശീലങ്ങൾ പാലിക്കുന്നതിലൂടെ വ്രതാനുഷ്ഠാനം കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കും. ഡോ. പി.എ. കബീർ പറയുന്നതുപോലെ, നമ്മുടെ ശരീരത്തിന്റെ പരിമിതികൾ അറിഞ്ഞും ശാസ്ത്രീയമായ രീതികൾ പിന്തുടർന്നും വ്രതം നോൽക്കുന്നത് ശാരീരികവും മാനസികവുമായ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. അച്ചടക്കമുള്ള ആഹാരരീതിയും കൃത്യമായ വിശ്രമവും വഴി ഈ റമദാൻ കാലത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാം.

TAGS :

Next Story