ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന അകാലനര; പണി പാളുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വാർധക്യത്തിന്റെ മാത്രം ലക്ഷണമായി നമ്മൾ കണ്ടിരുന്ന നര ഇന്ന് ഇരുപതുകളിലും മുപ്പതുകളിലുമുള്ള ചെറുപ്പക്കാരിൽ വളരെ സാധാരണമായി മാറിക്കഴിഞ്ഞു

കണ്ണാടി നോക്കുമ്പോൾ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മുടിയിൽ ഒരു വെള്ളിനൂൽ കണ്ടാൽ ആർക്കായാലും ഒന്ന് വിഷമം തോന്നും, അല്ലേ? വാർധക്യത്തിന്റെ മാത്രം ലക്ഷണമായി നമ്മൾ കണ്ടിരുന്ന നര ഇന്ന് ഇരുപതുകളിലും മുപ്പതുകളിലുമുള്ള ചെറുപ്പക്കാരിൽ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. കേവലം പ്രായമാകുന്നതിന്റെ ലക്ഷണം എന്നതിലുപരി, നമ്മുടെ മാറുന്ന ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്നിട്ടുള്ള വലിയ പാളിച്ചകളുടെ സൂചന കൂടിയാണിത്.
എന്തുകൊണ്ടാണ് ഈ അകാലനര?
മുടി നേരത്തെ നരയ്ക്കുന്നതിൽ നിങ്ങളുടെ ജീനുകൾക്ക് വലിയൊരു പങ്കുണ്ട്. മാതാപിതാക്കൾക്കോ മുൻതലമുറയിലുള്ളവർക്കോ അകാലനര ഉണ്ടായിരുന്നെങ്കിൽ, ജനിതകമായി നിങ്ങൾക്കും ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാനസിക സമ്മർദ്ദം
ഇന്നത്തെ കാലത്തെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രെസ്. വിട്ടുമാറാത്ത ടെൻഷനും സ്ട്രെസും ശരീരത്തിൽ കോർട്ടിസോൾ, നോർപിനെഫ്രിൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് കൂട്ടുന്നു. ഇത് മുടിയിലെ നിറം നൽകുന്ന മെലാനിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും വാർധക്യ ലക്ഷണങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു.
മലിനീകരണവും പുകവലിയും
നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണവും അമിതമായ പുകവലിയും മുടിയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്. സിഗരറ്റിലെ വിഷവസ്തുക്കളും അന്തരീക്ഷത്തിലെ ഘനലോഹങ്ങളും മുടിയിഴകളെ ദുർബലപ്പെടുത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പഠനങ്ങൾ പ്രകാരം, അമിതമായ മലിനീകരണവും യുവി റേഡിയേഷനും മുടിയിലെ 'മെലനോസൈറ്റുകളെ' നശിപ്പിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കി നരയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെ കുറവ്
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് മുടിയുടെ ആരോഗ്യത്തിൽ വലിയ സ്ഥാനമുണ്ട്. വിറ്റാമിൻ B12, B5, D3, E എന്നിവയുടെ അഭാവം അകാലനരയ്ക്ക് കാരണമാകും. കൂടാതെ മെലാനിൻ ഉൽപാദനത്തിന് അത്യാവശ്യമായ കോപ്പർ, മുടിയുടെ വേരുകൾക്ക് കരുത്തുനൽകുന്ന അയേൺ, സിങ്ക്, കാൽസ്യം എന്നീ ധാതുക്കളുടെ കുറവും മുടിയെ ബാധിക്കും.
കെമിക്കലുകളുടെ ഉപയോഗം
വിപണിയിൽ ലഭിക്കുന്ന പല ഷാംപൂകളിലും കണ്ടീഷനറുകളിലും അടങ്ങിയിരിക്കുന്ന സൾഫേറ്റുകൾ, പാരബെനുകൾ എന്നിവ മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഇതിന് പുറമെ ഹെയർ സ്ട്രെയ്റ്റനർ, കേളിങ് അയൺ പോലെയുള്ള ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങളുടെ അമിത ഉപയോഗവും മുടിയുടെ ഘടന തന്നെ നശിപ്പിക്കും.
രോഗാവസ്ഥകളും ഹോർമോൺ മാറ്റങ്ങളും
തൈറോയ്ഡ് തകരാറുകൾ, വിറ്റിലിഗോ പോലുള്ള ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ മുടിയുടെ പിഗ്മെന്റേഷനെ ബാധിക്കാറുണ്ട്. ഗർഭകാലത്തും ആർത്തവവിരാമ സമയത്തും മറ്റും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും മുടിയുടെ നിറം മാറ്റത്തിന് കാരണമാകാറുണ്ട്.
നരയെ ചെറുക്കാൻ എന്തൊക്കെ ചെയ്യാം?
ഭക്ഷണക്രമം മാറ്റാം: പഞ്ചസാര അടങ്ങിയ പാനീയങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം ധാരാളം ഇലക്കറികൾ, നട്‌സ്, വിത്തുകൾ, പയർവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും.
പ്രകൃതിദത്ത കൂട്ടുകൾ ശീലമാക്കാം
നെല്ലിക്ക: വൈറ്റമിൻ സിയാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമായ നെല്ലിക്ക മെലാനിൻ ഉൽപാദനം വർധിപ്പിക്കാനും തലയിലെ രക്തചംക്രമണം കൂട്ടാനും സഹായിക്കും.
അർഗൻ ഓയിൽ: ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ E-യും ഫാറ്റി ആസിഡുകളും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ മികച്ചതാണ്.
കെമിക്കലുകളോട് 'നോ' പറയാം: സൾഫേറ്റ്, പാരബെൻ ഫ്രീ ആയ, സസ്യസത്തുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മാത്രം മുടിക്ക് ഉപയോഗിക്കുക. ചൂട് ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിങ് പരമാവധി കുറയ്ക്കുകയും ചെയ്യാം.
അകാലനര ഒരു രോഗമല്ല, മറിച്ച് നമ്മുടെ ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ ജീവിതശൈലിയും പിന്തുടർന്നാൽ ഒരു പരിധി വരെ ഇതിനെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കും.
Adjust Story Font
16

